അങ്കണവാടി-ആശാ പ്രവര്‍ത്തകരുടെ ശമ്പളം കേന്ദ്രസര്‍ക്കാര്‍ ഇരട്ടിയാക്കി

Tuesday 11 September 2018 12:15 pm IST
അങ്കണവാടി- ആശാ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീടും പെന്‍ഷനും ചികിത്സാ സംവിധാനങ്ങളും ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ സഹായങ്ങളില്‍ പലതും ഐസിഡിസ് പ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കും.

ന്യൂദല്‍ഹി: അങ്കണവാടി-ആശാ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വന്‍ ശമ്പള വര്‍ദ്ധന പ്രഖ്യാപിച്ചു. ആശാ പ്രവര്‍ത്തകര്‍ക്ക് കേന്ദ്രം നല്‍കുന്ന വിഹിതം ഇരട്ടിയാക്കും. അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് 1500 രൂപ കൂട്ടും. ഒക്ടോബര്‍ ഒന്ന് മുല്‍ ശമ്പള വര്‍ദ്ധനവ് നിലവില്‍ വരും. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രതിഫല വിഹിതം ഇതിനു പുറമേയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ ആശാ- അങ്കണവാടി പ്രവര്‍ത്തകരുമായി തത്സമയ സംവാദം നടത്തുകയായിരുന്നു പ്രധാനമന്ത്രി. 

ആനുകൂല്യം ആശാ വര്‍ക്കര്‍മാര്‍ക്കും സഹായികള്‍ക്കും ലഭിക്കും. പുറമേ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, സുരക്ഷാ യോജന എന്നീ പദ്ധതികള്‍ പ്രകാരം നാലു ലക്ഷം രൂപ ലഭിക്കുന്ന ഇന്‍ഷുറന്‍സില്‍ സൗജന്യമായി അംഗങ്ങളാക്കും. പ്രീമിയം കേന്ദ്ര സര്‍ക്കാര്‍ അടയ്ക്കും. അങ്കണവാടി- ആശാ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീടും പെന്‍ഷനും ചികിത്സാ സംവിധാനങ്ങളും ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ സഹായങ്ങളില്‍ പലതും ഐസിഡിസ് പ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കും.

കേന്ദ്ര സര്‍ക്കാരിന്റെ പോഷണമാസം (പോഷണ്‍ മാഹ്) പോഷകാഹാര പരിപാടിയുടെ വിജയം രാജ്യത്തെ അങ്കണവാടി പ്രവര്‍ത്തകരുടെ കൈകളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. രാജ്യത്തെ നവജാതരുടെ ആരോഗ്യം ഉറപ്പാക്കാനുള്ള പദ്ധതി ആര്‍ക്കും മുടക്കാനാകില്ലെന്നും ശക്തമായ അടിത്തറയില്‍വേണം മികച്ച കെട്ടിടം പണിയാനെന്നതുപോലെ കുട്ടികളുടെ ആരോഗ്യം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മോദി പറഞ്ഞു.

സകലമാന ജനങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാനും പോഷിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വിവിധ പരിപാടികളും പദ്ധതികളും സംബന്ധിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. രാജ്യത്തിന്റെ പുതിയ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വമ്പിച്ച പിന്തുണ നല്‍കുന്ന അങ്കണവാടി-ആശാ പ്രവര്‍ത്തകരുടെ ക്ഷേമവും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ അങ്കണവാടി-ആശാ പ്രവര്‍ത്തകര്‍ക്ക് കോടികോടി പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നതായി അറിയിച്ചാണ് പ്രധാനമന്ത്രി ഒന്നര മണിക്കൂര്‍ പരിപാടി അവസാനിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.