ആര്‍ഭാടം ഒഴിവാക്കി; കലോത്സവത്തിന് പച്ചക്കൊടി

Tuesday 11 September 2018 12:32 pm IST
ആര്‍ഭാടമുള്ള പന്തലുകള്‍, കമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കും. മത്സരങ്ങള്‍ രാത്രി വരെ നീളുന്ന രീതിയും ഉണ്ടാകില്ല. അപ്പീല്‍ ഒഴിവാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. നിയമ സാധുത പരിശോധിച്ച ശേഷമാകും തീരുമാനം. വിധി കര്‍ത്താക്കളെ ചെലവ് കുറഞ്ഞരീതിയില്‍ നല്‍കാമെന്ന് വിവിധ കലാകാരന്മാരുടെ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. സ്‌പോണ്‍സര്‍മാരെ ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്.

തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി സ്‌കൂള്‍ കലോത്സവം നടത്താന്‍ തീരുമാനം. ഇതിനായി സംസ്ഥാന സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരിക്കും. ശാസ്ത്രമേളയും കായിക മേളയും ചെലവ് ചുരുക്കി നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

17ന് ചേരുന്ന  മാന്വല്‍ കമ്മറ്റി യോഗത്തില്‍ കലോത്സവ നടത്തിപ്പിനെ കുറിച്ച് അന്തിമ തീരുമാനമെടുക്കും. മികച്ചവരെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ മാത്രമായാകും കലോത്സവം നടത്തുക. സ്‌കൂള്‍, സബ്ജില്ലാ, ജില്ലാ, സംസ്ഥാനതല മത്സരങ്ങള്‍ നടത്തും. ഓരോ കലാരൂപത്തിനും അത്യാവശ്യം വേണ്ട ചമയങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി മത്സരം നടത്താനാണ് ആലോചന. ചില മത്സരങ്ങള്‍ ചില തലങ്ങളില്‍ നിന്ന്  ഒഴിവാക്കും.  സമയക്രമം, നടത്തേണ്ട രീതി, വിധി നിര്‍ണയം തുടങ്ങിയവ സംബന്ധിച്ചും മാന്വല്‍ കമ്മറ്റി തീരുമാനിക്കും. 

ആര്‍ഭാടമുള്ള പന്തലുകള്‍, കമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കും.  മത്സരങ്ങള്‍ രാത്രി വരെ നീളുന്ന രീതിയും ഉണ്ടാകില്ല. അപ്പീല്‍ ഒഴിവാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.  നിയമ സാധുത പരിശോധിച്ച ശേഷമാകും തീരുമാനം. വിധി കര്‍ത്താക്കളെ ചെലവ് കുറഞ്ഞരീതിയില്‍ നല്‍കാമെന്ന് വിവിധ കലാകാരന്മാരുടെ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.   സ്‌പോണ്‍സര്‍മാരെ ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. മാന്വല്‍ കമ്മറ്റിയോഗത്തില്‍ ആലപ്പുഴ ജില്ലയിലെ സ്ഥിതി വിലയിരുത്തിയ ശേഷമാകും എവിടെ നടത്തണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക. 

നാലുകോടിയോളം രൂപ ചെലവഴിച്ചാണ് കഴിഞ്ഞവര്‍ഷം കലോത്സവം നടത്തിയത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് എല്ലാവിധ സര്‍ക്കാര്‍ ആഘോഷങ്ങളും ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. മേളകള്‍ക്കായി നിശ്ചയിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നും ഉത്തരവിലുണ്ട്. ഇക്കാര്യം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നില്ല. ഇതോടെ മന്ത്രിമാര്‍ തന്നെ പ്രതിഷേധം പരസ്യമായി അറിയിച്ചു. നിരവധി കലാകാരന്മാരും വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.