കേരളത്തിലെ പ്രളയത്തിന് കാലാവസ്ഥാ മാറ്റവും കാരണം: യുഎന്‍

Tuesday 11 September 2018 12:49 pm IST

ഐക്യരാഷ്ട്രസഭ: കേരളത്തില്‍ വന്‍നാശം വിതച്ച മഹാപ്രളയത്തിന് കാലാവസ്ഥാ മാറ്റവും കാരണമായെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ്. കേരളത്തിലെ പ്രളയവും പ്യൂര്‍ട്ടോറിക്കോയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ  കൊടുങ്കാറ്റും വലിയ നാശമാണ് വിതച്ചത്. കാലാവസ്ഥാ മാറ്റങ്ങള്‍ വരുമ്പോള്‍ നാം നിഷ്‌ക്രിയരായി ഇരിക്കുന്നതിന്റെ ഫലം കൂടിയാണിത്. അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ മാറ്റം വലിയ പ്രശ്‌നം തന്നെയാണ്. അതു മൂലം നമ്മുടെ നിലനില്പ്പ് തന്നെ കടുത്ത ഭീഷണിയിലാണ്. കാലാവസ്ഥയില്‍ മാറ്റം വരുന്നത്  നമ്മെക്കാള്‍ വേഗത്തിലാണ്.അതിന്റെ വേഗത കാരണം, ലോകമെമ്പാടും ഞങ്ങളുടെ ആത്മാക്കളെ രക്ഷിക്കൂ(എസ്ഒഎസ്)യെന്ന ശബ്ദമുയരുകയാണ്. കാലാവസ്ഥാ മാറ്റത്തെപ്പറ്റിയുള്ള പരിപാടിയില്‍ പങ്കെടുത്ത് ഗട്ടറസ് പറഞ്ഞു. 

 കാലാവസ്ഥാ മാറ്റത്തിന്റെ ഗതി പഴയനിലയിലേക്ക് ആക്കേണ്ടിയിരിക്കുന്നു. കടുത്ത  ചൂടും കാട്ടുതീയും കൊടുങ്കാറ്റുകളും വെള്ളപ്പൊക്കങ്ങളും മരണവും സര്‍വനാശം വിതയ്ക്കുകയാണ്. സമീപകാല ചരിത്രത്തിലുണ്ടായിട്ടില്ലാത്ത പ്രളയമാണ് കഴിഞ്ഞ മാസം കേരളത്തിലുണ്ടായത്. നാനൂറിലേറെപ്പേരാണ് മരിച്ചത്, പത്തു ലക്ഷത്തിലേറെപ്പേര്‍ ഭവന രഹിതരായി, ഗട്ടറസ് പറഞ്ഞു.  പ്യൂര്‍ട്ടോറിക്കോയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ മരിയ കൊടുങ്കാറ്റില്‍ മൂവായിരത്തിലേറെപ്പേരാണ് മരിച്ചത്. പ്രതിസന്ധി മറികടക്കേണ്ടത്  അടിയന്താരാവശ്യമാണ്. 

 ചരിത്രത്തിലില്ലാത്ത ചൂടാണ് ലോകമെങ്ങും ഇന്ന് അനുഭവിക്കുന്നത്. 1850നു ശേഷം കൂടുതല്‍ ചൂടുണ്ടായ രണ്ട് പതിറ്റാണ്ടുകളാണ് കടന്നുപോയത്. കാലാവസ്ഥാ മാറ്റങ്ങള്‍ കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ വേണം, കൂടുതല്‍ നേതൃത്വങ്ങള്‍ ഇതിനെതിരെ ഉണരണം, കാലാവസ്ഥയെ പഴയ നിലയിലേക്ക് മടക്കിക്കൊണ്ടുപോകണം. മൂന്നു വര്‍ഷം മുന്‍പ് പാരീസ് കരാറില്‍ ലോകനേതാക്കള്‍ അന്തരീക്ഷ ഊഷ്മാവ് കൂടുന്നത് തടയാന്‍ പ്രതിജ്ഞയെടുത്തു. രണ്ടു ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂടു കൂടിയത്.  ഇത് ഒന്നര ഡിഗ്രി സെല്‍ഷ്യസാക്കാന്‍ പ്രതിജ്ഞയെടുത്തു. നമ്മുടെ മുന്‍പിലുള്ള മലനിരകള്‍ വളരെ വലുതാണ്. പക്ഷെ അവയെ മറികടക്കാന്‍ നമുക്ക് കഴിയും. അതെങ്ങനെ ചെയ്യണമെന്നും നമുക്കറിയാം. മാരകമായ ഹരിത വാതകങ്ങള്‍ തടഞ്ഞേ കഴിയൂ.  ഫോസില്‍ ഇന്ധനങ്ങളുടെ( പെട്രോള്‍, ഡീസല്‍ തുടങ്ങിയവ)  ഉപയോഗം ഇല്ലാതാക്കണം. കൂടുതല്‍ പരിശുദ്ധമായ ഊര്‍ജത്തിലേക്ക് മാറണം. വനനശീകരണം ഇല്ലാതാക്കണം. ശുദ്ധമായ കുടിവെള്ളവും വൃത്തിയുള്ള അന്തരീക്ഷവും നല്‍കാന്‍ കഴിഞ്ഞാല്‍ മാത്രം പ്രതിവര്‍ഷം 360,000 നവജാത ശിശുക്കളുടെ ജീവന്‍ നമുക്ക് രക്ഷിക്കാം.

2019 സപ്തംബറില്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടി വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.ണ്ടുകളിലാണെന്ന് പറഞ്ഞു. 2018 ഇതില്‍ നാലാമത്തെ ചൂടേറിയ വര്‍ഷമാകും. പ്രശ്‌നത്തിന്റെ അവസ്ഥയെ മനസിലാക്കി പാരീസ് ഉടമ്പടിയില്‍ തീരുമാനിച്ച അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ഗുട്ടറസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.