പിഎന്‍ബി തട്ടിപ്പ്: ആരോപണങ്ങള്‍ നിഷേധിച്ച് മെഹുല്‍ ചോക്‌സി

Tuesday 11 September 2018 2:53 pm IST

ന്യൂദല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം നുണയും അടിസ്ഥാനരഹിതവുമാണെന്ന് പിഎന്‍ബി തട്ടിപ്പ് കേസില്‍ രാജ്യംവിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്കു നല്‍കിയ വിഡിയോ അഭിമുഖത്തിലാണു ചോക്‌സിയുടെ പ്രതികരണം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത് നിയമവിരുദ്ധമായാണെന്നും ചോക്‌സി ആരോപിച്ചു. 

പാസ്‌പോര്‍ട്ട് ഓഫിസില്‍ നിന്ന് ഫെബ്രുവരി 15ന് തനിക്ക് ഒരു ഇമെയില്‍ ലഭിച്ചു. രാജ്യസുരക്ഷയ്ക്കു ഭീഷണിയായതിനാല്‍ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്യുന്നുവെന്നായിരുന്നു വിവരം. ഇതിന്മേല്‍ വിശദീകരണം ആവശ്യപ്പെട്ട് ഫെബ്രുവരി 20ന് മുംബൈയിലെ റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫിസിലേക്ക് മെയില്‍ അയച്ചു. എന്തുകൊണ്ടാണ് തന്റെ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തതെന്നും അത് എങ്ങനെ രാജ്യത്തിനു സുരക്ഷാഭീഷണിയുണ്ടാക്കും എന്നായിരുന്നു ചോദിച്ചത്. എന്നാല്‍ അതിനു മറുപടി ലഭിച്ചില്ലെന്നും മെഹുല്‍ ചോക്‌സി പറഞ്ഞു.

അതേസമയം, കോടികളുടെ ബാങ്ക് തട്ടിപ്പ് പുറത്തുവരുമെന്ന് മുന്‍കൂട്ടിയറിഞ്ഞ ചോക്‌സി കഴിഞ്ഞ വര്‍ഷം നവംബറില്‍തന്നെ ആന്റിഗ്വ പൗരത്വം സ്വീകരിച്ചിരുന്നു.ആ സമയം പി.എന്‍.ബി തട്ടിപ്പ് കേസ് പുറത്തുവരുകയോ ചോക്‌സിക്കെതിരെ കേസെടുക്കുകയോ ചെയ്തിരുന്നില്ല. കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ആന്റിഗ്വ നികുതി തീരെയില്ലാത്ത രാജ്യങ്ങളിലൊന്നാണ്. രാജ്യത്തിന് ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാര്‍ നിലവിലില്ലാത്തതിനാല്‍ ഇനി ചോക്‌സിയെ വലയിലാക്കല്‍ എളുപ്പമല്ലെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. ആള്‍ക്കൂട്ടം തല്ലിക്കൊല്ലുമെന്നതിനാല്‍ താന്‍ ഇന്ത്യയിലേക്കില്ലെന്ന് ചോക്‌സി നേരത്തേ പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.