പി.സി ജോര്‍ജ് രേഖകള്‍ സമര്‍പ്പിച്ചാല്‍ യാത്രബത്ത തരാം - ദേശീയ വനിതാ കമ്മീഷന്‍

Tuesday 11 September 2018 3:45 pm IST
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരു പരാതിയിലും കേരള സര്‍ക്കാര്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ കുറ്റപ്പെടുത്തി. ദല്‍ഹിയിലെത്താന്‍ പണമില്ലെന്ന പി.സി ജോര്‍ജിന്റെ പ്രസ്താവനയെയും വനിതാ കമ്മീഷന്‍ വിമര്‍ശിച്ചു.

ന്യൂദല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ നടപടി വൈകുന്നതില്‍ അതൃപ്തി അറിയിച്ച് ദേശീയ വനിതാ കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരു പരാതിയിലും കേരള സര്‍ക്കാര്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ കുറ്റപ്പെടുത്തി. ദല്‍ഹിയിലെത്താന്‍ പണമില്ലെന്ന പി.സി ജോര്‍ജിന്റെ പ്രസ്താവനയെയും വനിതാ കമ്മീഷന്‍ വിമര്‍ശിച്ചു.

വിദേശത്ത് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കാണുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു. പരാതികളില്‍ കര്‍ശന നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടും. ഒരു കന്യാസ്ത്രീയെ ബിഷപ്പ് ബലാല്‍സംഗം ചെയ്തു. മറ്റൊരു കന്യാസ്ത്രീയെ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭരിക്കുന്ന പാര്‍ട്ടിയുടെ വനിതാ പ്രവര്‍ത്തകയെ എംഎല്‍എ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലും നടപടികളില്ല. പെണ്‍കുട്ടി സഹായം ആവശ്യപ്പെട്ടാല്‍ ദേശീയ വനിതാ കമ്മീഷന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും രേഖാ ശര്‍മ്മ അറിയിച്ചു. 

കന്യാസ്ത്രീയെ അപമാനിച്ച പി. സി ജോര്‍ജിനെതിരെ പോലീസ് നടപടി വൈകുന്നതിനെ രേഖാ ശര്‍മ വിമര്‍ശിച്ചു. ടിഎയും ഡിഎയും അയച്ചു തന്നാല്‍ ദല്‍ഹിക്ക് പോകുന്നത് ആലോചിക്കാമെന്ന പി.സി ജോര്‍ജിന്റെ പ്രസ്താവനയെ വനിതാ കമ്മീഷന്‍ പരിഹസിച്ചു. പാപ്പരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പി.സി ജോര്‍ജിന് വണ്ടിക്കൂലി നല്‍കാമെന്ന് അവര്‍ മറുപടി നല്‍കി. 

ഇരയെ അധിക്ഷേപിച്ച എംഎല്‍എയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പി.സി ജോര്‍ജ് വിവരവും വിദ്യാഭ്യാസവുമുള്ള ആളാണോ എന്നറിയില്ല. വനിതാ കമ്മീഷന്‍ നിയമത്തെപ്പറ്റിയും അദ്ദേഹത്തിന് അറിവുണ്ടോയെന്നറിയില്ല. ഇത്തരം അറിവുകളുള്ള ആള്‍ നടത്തുന്ന പ്രസ്താവനകളല്ല ജോര്‍ജിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. ഈമാസം 20ന് ദല്‍ഹിയിലെത്തണമെന്നാണ് പി.സി ജോര്‍ജിനോട് വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.