ലാലുവിന് വിഷാദരോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

Tuesday 11 September 2018 4:41 pm IST

റാഞ്ചി:  ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ  ലാലുപ്രസാദ് യാദവിന് വിഷാദരോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. അദ്ദേഹം ചികിത്സയിലിരിക്കുന്ന രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ( ആര്‍ ഐഎംഎസ് ) ഡയറക്ടര്‍ ആര്‍. കെ. ശ്രീവാസ്തവ അറിയിച്ചതാണ് ഇക്കാര്യം. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നുള്ള വിടുതല്‍ കുറിപ്പിലും ലാലുവിന്റെ വിഷാദ രോഗം പരാമര്‍ശിച്ചിരുന്നതായി ഡോ. ശ്രീവാസ്തവ പറഞ്ഞു.

കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ശിക്ഷ നേരിടുന്നതിന് ഇടയിലാണ് ലാലുവിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കൊതുകുകടിയും നായ്ക്കളുടെ ഓലിയിടലും സഹിച്ച് കഴിയാനാവില്ലെന്ന ലാലുവിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം, ജയില്‍ സൂപ്രണ്ടിന്റെ സമ്മതത്തോടെ അദ്ദേഹത്തെ പേയിങ് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. പ്രതിദിനം 1000 രൂപയാണ് വാടക. 

കുടുംബത്തെ പിടിച്ചുലയ്ക്കുന്ന അഴിമതി കേസുകളും മക്കള്‍ക്കിടയിലെ രാഷ്ട്രീയ വടംവലിയുമാണ് അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ വഷളാക്കുന്നതെന്നാണ്   മാധ്യമ റിപ്പോര്‍ട്ടുകള്‍. ഹൃദ്‌രോഗിയായ ലാലുവിന്റെ വൃക്കയും  തകരാറിലാണ്. ലാലു തന്റെ പിന്‍ഗാമിയായി  പൊതുജനസമക്ഷം ഉയര്‍ത്തിക്കാട്ടിയിരുന്നത് ഇളയ മകന്‍ തേജസ്വി യാദവിനെ  ആയിരുന്നെങ്കിലും ജനസമ്മതി മൂത്ത മകന്‍ തേജ്പ്രതാപ് യാദവിനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.