ആ പ്രസംഗത്തിന് 125 വയസ്‌

Tuesday 11 September 2018 8:31 pm IST
സ്ഫുടവും അര്‍ഥഗാംഭീര്യവും നിറഞ്ഞ വിവേകാനന്ദന്റെ ഇംഗ്‌ളീഷിന് വല്ലാത്ത ചാരുത ഉണ്ടായിരുന്നു. അതില്‍ ഭാരതീയ ദര്‍ശനത്തിന്റെ ഗരിമയും ഭാരതീയ ജീവിതത്തിന്റെ തനതു ഭാവവും നിറഞ്ഞുനിന്നിരുന്നു. മുപ്പതു വയസിന്റെ നിറയൗവനവും കാന്തികാകര്‍ഷണം നിറഞ്ഞ കണ്ണുകളുമുള്ളവിവേകാനന്ദന്‍ എന്ന യുവസന്യാസിയോട് സദസിനു തോന്നിയത് വലിയ ആദരവും ആരാധനയുമായിരുന്നു.

സാഹോദര്യം എന്നവാക്കിന് സ്‌നേഹത്തിന്റെ സ്‌ഫോടനാല്‍മകമായ വീര്യമുണ്ടെന്ന് ആധുനിക അമേരിക്ക മനസിലാക്കിയത് അന്നായിരുന്നു. ആ ബോധ്യപ്പെടലിന് ഇന്നേയ്ക്ക് 125 വയസ്. അമേരിക്കയിലെ സഹോദരി സഹോദരന്മാരെ എന്ന് ഷിക്കാഗോയിലെ ലോക മത മഹാസമ്മേളനത്തില്‍ അഭിസംബോധന ചെയ്തത് സ്വാമി വിവേകാനന്ദനായിരുന്നു.  മറ്റൊന്നു കേള്‍ക്കും മുന്‍പേ ഏഴായിരംപേര്‍ തിങ്ങിനിറഞ്ഞ സദസ് ഒരുമിച്ച് എഴുന്നേറ്റുനിന്നു കൈയ്യടിച്ചാണ് ആ വാക്കുകള്‍ ഹൃദയത്തോട് ചേര്‍ത്തത്. ലേഡീസ് ആന്റ് ജന്റില്‍ മാന്‍ എന്നുമാത്രം അഭിസംബോധന കേട്ടിട്ടുള്ള അവര്‍ക്ക് ഈ സാഹോദര്യത്തിന്റെ വാക്ക് പുതുവനുഭവമായിരുന്നു.

സ്ഫുടവും അര്‍ഥഗാംഭീര്യവും നിറഞ്ഞ വിവേകാനന്ദന്റെ ഇംഗ്‌ളീഷിന് വല്ലാത്ത ചാരുത ഉണ്ടായിരുന്നു. അതില്‍ ഭാരതീയ ദര്‍ശനത്തിന്റെ ഗരിമയും ഭാരതീയ ജീവിതത്തിന്റെ തനതു ഭാവവും നിറഞ്ഞുനിന്നിരുന്നു. മുപ്പതു വയസിന്റെ നിറയൗവനവും കാന്തികാകര്‍ഷണം നിറഞ്ഞ കണ്ണുകളുമുള്ളവിവേകാനന്ദന്‍ എന്ന യുവസന്യാസിയോട് സദസിനു തോന്നിയത് വലിയ ആദരവും ആരാധനയുമായിരുന്നു. ആഴമാര്‍ന്ന സനാതന ധര്‍മത്തേയും സാരവത്തായ അദ്വൈതത്തേയും ലളിത സുഭഗമായി അദ്ദേഹം അവരെ ബോധ്യപ്പെടുത്തി. ലോകത്തിന്റെ തെളിച്ചവും വെളിച്ചവുമുള്ള ഭാരതീയ സന്യാസ ജീവിതത്തെക്കുറിച്ച് പുതിയൊരു ജ്ഞാനത്തിലേക്കു കടക്കുകയായിരുന്നു ശ്രോതാക്കള്‍. ഭൗതിക ജീവിതത്തിന്റെ നിറപ്പകിട്ടിലും യുക്തിബോധത്തിലും മാത്രം അഭിരമിച്ച് ആത്മിയാനുഭവം അന്യമായ അമേരിക്കക്കാര്‍ മതത്തിന്റേയും ദൈവികതയുടേയും നവീന പരിപ്രേക്ഷ്യത്തിലെക്കെത്തുകയായിരുന്നു അപ്പോള്‍. വലിയ വാഗ്മികളും മതവക്താക്കളും അടങ്ങിയ സദസിന് ആയിരത്താണ്ടുകളുടെ പഴക്കമുള്ള ഭാരതീയ ദാര്‍ശനിക പാരമ്പര്യത്തിന്റെ വിത്തുപാകാന്‍ വിവേകാനന്ദന്റെ ഒറ്റപ്രസംഗംകൊണ്ടായി. ഒരു പ്രസംഗംകൊണ്ട് വിവേകാനന്ദന്‍ അമേരിക്കയെ കീഴടക്കി. അത് അമേരിക്കന്‍ മനസിനെ ഇന്ത്യ കീഴടക്കുംപോലെയായിരുന്നു.

സമ്മേളനത്തിനുമുന്‍പ് അപരിചിതമായ അമേരിക്കയില്‍ എത്തിയ വിവേകാനന്ദന്‍ ഒത്തിരി കഷ്ടപ്പെട്ടിരുന്നു. ഉണ്ണാനും ഉറങ്ങാനും ഉടുത്തു മാറാന്‍പോലും അദ്ദേഹം വല്ലാതെ വിഷമിച്ചിരുന്നു. ആ വേഷംകണ്ട് പരിഹസിച്ചവരും കുറവായിരുന്നില്ല. പക്ഷേ അതെല്ലാം ഒരേയൊരു പ്രസംഗംകൊണ്ട് മാറിപ്പോയി. മതപ്രസംഗം നടത്താന്‍ തനിക്ക് അധികാര പത്രമില്ലെന്നു പറഞ്ഞപ്പോള്‍ സൂര്യന് പ്രകാശിക്കാന്‍ ആരെങ്കിലും സൂര്യനോട് സമ്മതപത്രം ആവശ്യപ്പെടുമോ എന്നാണ് ഉന്നതനായൊരു വ്യക്തിത്വം വിവേകാനന്ദനോട് ചോദിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.