ഇന്ത്യന്‍ സമുദ്ര ചരിത്രം പാഠ്യവിഷയമാക്കണം: ദേശീയ സെമിനാര്‍

Wednesday 12 September 2018 1:05 am IST

കൊച്ചി: ഇന്ത്യയുടെ സമുദ്ര ചരിത്രം പാഠ്യവിഷയമാക്കണമെന്ന് ദ്വാരകയിലെയും സമീപ പ്രദേശങ്ങളിലെയും സമുദ്ര ഗവേഷണം എന്ന വിഷയത്തിലുള്ള സെമിനാറില്‍ ഗോവ സിഎസ്‌ഐആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി പ്രിന്‍സിപ്പല്‍ സയന്റിഫിക് ഓഫീസര്‍ ഡോ. സില ത്രിപാഠി ആവശ്യപ്പെട്ടു. 

ഭാരതത്തിന്റെ ചരിത്രത്തില്‍ സമുദ്രത്തിന് വലിയ പങ്കാണുള്ളത്. അതുകൊണ്ട് തന്നെ സമുദ്ര ചരിത്രം പ്രത്യേക പാഠ്യവിഷയമാക്കേണ്ടത് അനിവാര്യമാണ്. സമുദ്രത്തില്‍ നമ്മുടെ ആധിപത്യം കുറഞ്ഞാല്‍, നമ്മുടെ സ്വാതന്ത്ര്യത്തിന് കുറവ് വരും. അത്തരത്തിലുള്ള സാഹചര്യം ഉണ്ടാകാന്‍ അനുവദിക്കരുത്. ഭാരതത്തിന്റെ സമുദ്ര ചരിത്രത്തെ അടയാളപ്പെടുത്തുന്ന മാരിടൈം മ്യൂസിയം സ്ഥാപിക്കണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. 

കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെയും, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കെയുഎഫ്ഒഎസ്)ന്റെയും, ഇന്ത്യന്‍ മറൈന്‍ യൂണിവേഴ്‌സിറ്റിയുടെയും സഹകരണത്തോടെ ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘമാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. സെമിനാര്‍ റിട്ട. റിയര്‍ അഡ്മിറല്‍ എസ്. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. യുവിഎഎസ് സംസ്ഥാന പ്രസിഡന്റ് എം.പി. അജിത്ത്കുമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ശ്രീപ്രസാദ് ആര്‍, ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി പ്രൊഫ.ഇ. മുഹമ്മദ് ഷാജി, കുഫോസ് പ്രൊഫസര്‍ ചെയര്‍ ഡോ.വി.എന്‍. സഞ്ജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍ ഡോ.പി.സുബ്ബണ്ണ ഭട്ട്, ഡോ. അനുപമ ഘോഷ്, ഡോ. ശ്രീരഞ്ജിനി സദാനന്ദ്, ഡോ.ബി.എസ്. ഹരിശങ്കര്‍, ഡോ. ടി.എസ്. കാര്‍ത്തിക, ഡോ. കെ.എം. ഷെരീഫ്, മിസ് അരവിന്ദം ജി എന്നിവര്‍ അവതരിപ്പിച്ചു. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ കുഫോസ് വൈസ്് ചാന്‍സലര്‍ പ്രൊഫ.ഡോ.എ. രാമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.