സൈനികരെ കുറച്ച് അത്യാധുനിക ആയുധങ്ങള്‍ വാങ്ങാന്‍ പദ്ധതി

Wednesday 12 September 2018 1:06 am IST
സൈനിക ബജറ്റില്‍ മൊത്തം വകയിരുത്തിയിരിക്കുന്ന തുകയുടെ 17 ശതമാനം അല്ലെങ്കില്‍ 26,826 കോടി രൂപ മാത്രമാണ് പദ്ധതി ചെലവുകള്‍ക്കായി വിനിയോഗിക്കുന്നത്. ഇത് അപര്യാപ്തമെന്നാണ് വിലയിരുത്തല്‍. സൈനികരുടെ എണ്ണം കുറച്ചാല്‍ 7,000 കോടി രൂപയോളം സമാഹരിച്ച് 31,826 മുതല്‍ 33,826 കോടി രൂപ വരെ പദ്ധതിച്ചെലവുകള്‍ക്കായി മാറ്റിവെയ്ക്കാനാവും.

ന്യൂദല്‍ഹി:  സൈനികരുടെ എണ്ണം കുറച്ച് അത്യാധുനിക ആയുധങ്ങള്‍ വാങ്ങി സൈന്യത്തെ ശക്തമാക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. 1.5 ലക്ഷം സൈനികരെ കുറയ്ക്കാനാണ് ആലോചന. ഇതു വഴി 5,000 മുതല്‍ 7,000 കോടി രൂപവരെ ആയുധം വാങ്ങാന്‍ ലഭിക്കും. നിലവില്‍ സൈനിക ബജറ്റിന്റെ 83 ശതമാനവും (1.28 ലക്ഷം കോടി രൂപ)  റവന്യൂ ചെലവുകള്‍ക്കും ശമ്പളത്തിനുമായാണ് ഉപയോഗിക്കുന്നത്. വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ തുക ഇതിലുള്‍പ്പെടുന്നില്ല. അതു പ്രതേ്യകമായാണ് വകയിരുത്തിയിരിക്കുന്നത്. 

സൈനിക  ബജറ്റില്‍ മൊത്തം വകയിരുത്തിയിരിക്കുന്ന തുകയുടെ 17 ശതമാനം അല്ലെങ്കില്‍  26,826 കോടി രൂപ മാത്രമാണ് പദ്ധതി ചെലവുകള്‍ക്കായി വിനിയോഗിക്കുന്നത്. ഇത് അപര്യാപ്തമെന്നാണ് വിലയിരുത്തല്‍. സൈനികരുടെ എണ്ണം കുറച്ചാല്‍  7,000 കോടി രൂപയോളം സമാഹരിച്ച് 31,826 മുതല്‍ 33,826 കോടി രൂപ വരെ പദ്ധതിച്ചെലവുകള്‍ക്കായി മാറ്റിവെയ്ക്കാനാവും. 

യുദ്ധോപകരണങ്ങളില്‍ 68 ശതമാനവും പഴയവയാണെന്ന് കരസേനാ ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ ശരത്ചന്ദ് കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്ററി പാനലിനെ അറിയിച്ചിരുന്നു. 24 ശതമാനം മാത്രമാണ് ആധുനിക കാലത്തുള്ളതെന്ന് പറയാവുന്നത്. എട്ടുശതമാനമാകട്ടെ ചരിത്രസൂക്ഷിപ്പുകളുടെ ഗണത്തില്‍ പെടുത്താവുന്നവയും.

നവീകരണത്തിനായി നീക്കിവെച്ച തുകയായ 21,338 കോടി രൂപ 125 നടപ്പു പദ്ധതികള്‍ക്കോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ തികയില്ല. നിലവിലെ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് മാത്രം 29,033  കോടി രൂപ ആവശ്യമായി വരുമെന്നും ലഫ്. ജനറല്‍ പറഞ്ഞു. 

അതേസമയം നിലവിലുള്ള ഓഫീസര്‍മാരെയും സൈനികരെയും  പിരിച്ചു വിടില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രതിവര്‍ഷം 60,000 പേരാണ് സൈന്യത്തില്‍ നിന്ന് വിരമിക്കുന്നത്. ആള്‍ശേഷി കുറയ്ക്കാനാണ് തീരുമാനമെങ്കില്‍ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെയ്‌ക്കേണ്ടതായി വരും. 

ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സൈനികശേഷിയില്‍ നാലാമതുള്ള ഇന്ത്യന്‍ സേന, കൂടുതല്‍ കരുത്താര്‍ജിക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട്് തയ്യാറാക്കി വരികയാണ് മുതിര്‍ന്ന നാല് ലഫ്റ്റനന്റ് ജനറല്‍മാര്‍. സൈനിക ആസ്ഥാനങ്ങളുടെ നവീകരണം, സൈന്യത്തെ പുനരുദ്ധരിക്കല്‍, ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരുടെ സേവന വ്യവസ്ഥകള്‍ തുടങ്ങിയവയെല്ലാം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.