ജൈവ ഇന്ധനം വ്യാപകമാക്കിയാല്‍ 50 രൂപയ്ക്ക് ഡീസല്‍: മന്ത്രി ഗഡ്കരി

Wednesday 12 September 2018 1:10 am IST
എട്ടുലക്ഷം കോടി രൂപയുടെ പെട്രോളും ഡീസലും നമ്മള്‍ ഇറക്കുമതി ചെയ്യുന്നു. വിലകൂടുകയുമാണ്. രൂപയുടെ മൂല്യം ഡോളറുമായി നോക്കുമ്പോള്‍ കുറയുന്നു. ഞാന്‍ 15 വര്‍ഷമായി ബദല്‍ ഇന്ധനക്കാര്യം പറയുന്നു, അതുവഴി നമുക്ക് വിമാനംവരെ പറത്താം, ഗഡ്കരി വിശദീകരിച്ചു.

റായ്പൂര്‍: കടലാവണക്കില്‍നിന്നുള്‍പ്പെടെയുള്ള ജൈവ ഇന്ധനം വ്യാപകമാക്കിയാല്‍ ലിറ്ററിന് 50 രൂപ നിരക്കില്‍ ഡീസല്‍ ലഭ്യമാക്കാനാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഡെറാഡൂണില്‍നിന്ന് ദല്‍ഹിവരെ ഓടിയെത്തിയ ജൈവ ഇന്ധന വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയമായിരുന്നുവെന്ന് ഗഡ്കരി പറഞ്ഞു. ഛത്തീസ്ഗഡില്‍ 4251 കോടി രൂപയുടെ എട്ട് പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കുകയായിരുന്നു മന്ത്രി.

എട്ടുലക്ഷം കോടി രൂപയുടെ പെട്രോളും ഡീസലും നമ്മള്‍ ഇറക്കുമതി ചെയ്യുന്നു. വിലകൂടുകയുമാണ്. രൂപയുടെ മൂല്യം ഡോളറുമായി നോക്കുമ്പോള്‍ കുറയുന്നു. ഞാന്‍ 15 വര്‍ഷമായി ബദല്‍ ഇന്ധനക്കാര്യം പറയുന്നു, അതുവഴി നമുക്ക് വിമാനംവരെ പറത്താം, ഗഡ്കരി വിശദീകരിച്ചു.

ബദല്‍ ഊര്‍ജം ഉപയോഗിക്കുന്ന ഓട്ടോറിക്ഷ, ടാക്‌സി, ബസ് എന്നിവയ്ക്ക് പെര്‍മിറ്റു വേണ്ടെന്നുവരെ നമ്മള്‍ തീരുമാനിച്ചു.

നെല്ലിന്റെയും ചോളത്തിന്റെയും വൈക്കോല്‍, കരിമ്പ്, നഗരസഭയുടെ മാലിന്യം എന്നിവയില്‍നിന്ന് ഇന്ധനം ഉണ്ടാക്കാന്‍ അഞ്ച് എത്തനോള്‍ പ്ലാന്റ് പെട്രോളിയം മന്ത്രാലയം പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. അങ്ങനെ ഡീസല്‍ 50 രൂപയ്ക്കും പെട്രോള്‍ 55 രൂപയ്ക്കും ലഭ്യമാകും, മന്ത്രി പറഞ്ഞു. 

സംസ്ഥാനത്തിന് ജൈവ ഇന്ധനകൃഷിയില്‍ വന്‍ സാധ്യതയാണ്. കര്‍ഷകര്‍ക്ക് തൊഴില്‍ അവസരം, വനവാസി, ആദിമവാസികള്‍ക്ക് മെച്ചപ്പെട്ടജീവിതം ഉറപ്പാക്കാനും ഇത് സഹായകമാകും. റായ്പൂരില്‍ ബയോ ടെക്‌നോളജി ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്  സ്ഥാപിക്കുമെന്നും സംസ്ഥാനത്തെ ബദല്‍ ഇന്ധന ഉല്‍പ്പാദന സംസ്ഥാനമാക്കാനാവുമെന്നും മന്ത്രി വിശദീകരിച്ചു.

എത്തനോള്‍, മെത്തനോള്‍, ജൈവ ഇന്ധനം, സിഎന്‍ജി തുടങ്ങിയവയിലേക്ക് ഉപയോഗം മാറിയാല്‍ പെട്രോള്‍-ഡീസല്‍ വില താനേ കുറയുമെന്ന് മന്ത്രി പറഞ്ഞു. 

റായ്പൂരില്‍നിന്ന് ദുര്‍ഗ് വരെയുള്ള എട്ട് മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സംസ്ഥാനത്തിന്റെ വികസന ഗതിവേഗം വര്‍ധിപ്പിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.