10,000 രൂപയുടെ ധനസഹായം: പട്ടിക വെബ്സൈറ്റില്‍

Wednesday 12 September 2018 1:13 am IST

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്കു നല്‍കുന്ന 10,000 രൂപയുടെ ഒറ്റത്തവണ  ധനസഹായം വാങ്ങിയവരുടെ പട്ടിക സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.  ആക്ഷേപമുള്ളവര്‍ക്കു ഇതു പരിശോധിക്കാം. അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പരാതി നല്‍കാം. അനര്‍ഹര്‍ പണം പറ്റിയിട്ടുണ്ടെങ്കില്‍ തിരികെ പിടിക്കുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

ഇതുവരെ അഞ്ചു ലക്ഷത്തിലേറെ പേര്‍ക്ക് 10,000 രൂപ വിതരണം ചെയ്തു. 82 ശതമാനം പേര്‍ക്കു നല്‍കി. ഒരു ലക്ഷത്തോളം പേര്‍ക്കു മാത്രമാണ് നല്‍കാനുള്ളത്. പ്രളയത്തില്‍ ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങള്‍ നഷ്ടമായവരാണ് ഇവര്‍. ഇവര്‍ക്ക് പുതിയ അക്കൗണ്ട് ആരംഭിക്കേണ്ടതുണ്ട്.  7.02 ലക്ഷം പേര്‍ക്കു കിറ്റുകള്‍ നല്‍കി. വീട് നഷ്ടമായ 1451 കുടുംബങ്ങളിലെ 4778 പേരാണു 120 ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ വീതം സംസ്ഥാനം നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ടു ലക്ഷവും കിട്ടും. കറവപ്പശുക്കള്‍ നഷ്ടമായവര്‍ക്ക് 30,000 രൂപ വീതവും കാള, പോത്ത് എന്നിവയെ നഷ്ടപ്പെട്ടവര്‍ക്ക് 25,000 രൂപ വീതവും നല്‍കും. ഇത്തരത്തില്‍ ഒരു കുടുംബത്തിന് പരമാവധി 90,000 രൂപ നല്‍കും. 

 സംസ്ഥാനത്ത് 11,200 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഒരു ലക്ഷം വീടുകള്‍ ഭാഗികമായും. നാലു ലക്ഷം വീതമാണ് പൂര്‍ണമായി തകര്‍ന്നതിന്റെ നഷ്ടപരിഹാരം. 412 ഉരുള്‍ പൊട്ടലുകളുണ്ടായി. 

ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കും. അനധികൃത ഭൂമിയിലെ കെട്ടിടം തകര്‍ന്നവരുടെ വിവരം ശേഖരിക്കാന്‍ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ഫ്ളാറ്റ് നല്‍കുന്നത് പരിഗണിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.