ദുരന്തനിവാരണ സമിതിയോഗം ഇന്ന്; നഷ്ടക്കണക്ക് സമര്‍പ്പിക്കാതെ കേരളം 'ഔട്ട് '

Wednesday 12 September 2018 1:14 am IST
കേരളത്തിലെ പ്രളയമേഖലകള്‍ സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് അടിയന്തരമായി നൂറു കോടി രൂപയും പ്രധാനമന്ത്രി നരേന്ദ്രമോദി 500കോടി രൂപയും കേരളത്തിന് നല്‍കിയിരുന്നു. ദുരന്തനിവാരണ ഫണ്ടില്‍ 562 കോടി രൂപയും കേരളത്തിന് നീക്കിയിരിപ്പുണ്ട്. എന്നാല്‍ കൂടുതല്‍ ധനസഹായം നിരന്തരം ആവശ്യപ്പെടുന്ന കേരളം ഇതുവരെ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ വിശദ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടില്ല.

ന്യൂദല്‍ഹി: ദുരന്ത നിവാരണ ധനസഹായം നല്‍കാനുള്ള കേന്ദ്രആഭ്യന്തരമന്ത്രാലയ സമിതിയുടെ യോഗം ഇന്ന് നടക്കാനിരിക്കെ നാശനഷ്ടങ്ങളുടെ കണക്ക് കേരളം ഇതുവരെ സമര്‍പ്പിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കാത്തതിനാല്‍ കേരളത്തിലെ പ്രളയ ധനസഹായ വിതരണം അജണ്ടയില്‍ നിന്നൊഴിവാക്കി. നാഗാലാന്‍ഡും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. അടുത്ത യോഗത്തില്‍ മാത്രമേ കേരളത്തിലെയും നാഗാലാന്‍ഡിലെയും പ്രളയക്കെടുതി സംബന്ധിച്ച തീരുമാനം എടുക്കാനാവൂ എന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

കേരളത്തിലെ പ്രളയമേഖലകള്‍ സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് അടിയന്തരമായി നൂറു കോടി രൂപയും പ്രധാനമന്ത്രി നരേന്ദ്രമോദി 500കോടി രൂപയും കേരളത്തിന് നല്‍കിയിരുന്നു. ദുരന്തനിവാരണ ഫണ്ടില്‍ 562 കോടി രൂപയും കേരളത്തിന് നീക്കിയിരിപ്പുണ്ട്. എന്നാല്‍ കൂടുതല്‍ ധനസഹായം നിരന്തരം ആവശ്യപ്പെടുന്ന കേരളം ഇതുവരെ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ വിശദ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടില്ല. അധിക ധനസഹായം അനുവദിക്കാനുള്ള തടസ്സം ഇതാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് കേരളാ ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു. 

കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷനായ യോഗമാണ് ഇന്ന് നടക്കുന്നത്. കേരളം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രളയ തീവ്രത വിലയിരത്തി അധിക ധനസഹായം ശുപാര്‍ശ ചെയ്യേണ്ട കേന്ദ്രസംഘത്തിന്റെ യാത്ര നിശ്ചയിക്കേണ്ടത് ഈ യോഗത്തിലാണ്. 

എന്നാല്‍ കേരളത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തീയതി അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാവൂ എന്നതാണ് അവസ്ഥ. നാഗാലാന്‍ഡും പ്രളയദുരന്തത്തിന്റെ വിശദ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. അതിനാല്‍ 2017ല്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ മാത്രമാണ് ഇന്ന് നടക്കുന്ന യോഗത്തിലെ അജണ്ടയിലുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.