പമ്പ പുനരുദ്ധാരണം; സര്‍്ക്കാരിനെ കുടഞ്ഞ് ഹൈക്കോടതി

Wednesday 12 September 2018 1:16 am IST
ദേവസ്വം ബോര്‍ഡിന് മാത്രമാണോ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനുള്ള ബാദ്ധ്യതയുള്ളതെന്നു കോടതി ചോദിച്ചു. ശബരിമലയിലെ ക്ഷേത്രം മുഖേന സംസ്ഥാനത്തിന് നേട്ടമില്ലേ ? പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് വാട്ടര്‍ അതോറിറ്റി, ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ വകുപ്പുകള്‍ക്കും ബാദ്ധ്യതയില്ലേ ? ചെലവു മുഴുവന്‍ വഹിക്കണമെന്ന വിജ്ഞാപനത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എതിര്‍ക്കാത്തതിനെയും ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു.

കൊച്ചി: ശബരിമല - പമ്പ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ  മുഴുവന്‍ ചെലവും ദേവസ്വം ബോര്‍ഡ് വഹിക്കണമെന്ന് സര്‍ക്കാരിന് എങ്ങനെ പറയാനാവുമെന്ന്  ഹൈക്കോടതി ആരാഞ്ഞു. ശബരിമലയിലെയും പമ്പയിലെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി സെപ്തംബര്‍ മൂന്നിന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം ഇന്നലെ ഹാജരാക്കിയപ്പോഴാണ് ദേവസ്വം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വാക്കാല്‍ ചോദിച്ചത്. 

ദേവസ്വം ബോര്‍ഡിന് മാത്രമാണോ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനുള്ള ബാദ്ധ്യതയുള്ളതെന്നു കോടതി ചോദിച്ചു. ശബരിമലയിലെ ക്ഷേത്രം മുഖേന സംസ്ഥാനത്തിന് നേട്ടമില്ലേ ? പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് വാട്ടര്‍ അതോറിറ്റി, ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ വകുപ്പുകള്‍ക്കും ബാദ്ധ്യതയില്ലേ ? ചെലവു മുഴുവന്‍ വഹിക്കണമെന്ന വിജ്ഞാപനത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എതിര്‍ക്കാത്തതിനെയും ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു.

പ്രളയത്തെത്തുടര്‍ന്ന് ശബരിമലയിലും പമ്പയിലുമുണ്ടായ നഷ്ടങ്ങള്‍ വ്യക്തമാക്കി ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിവിഷന്‍ ബെഞ്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടിയിരുന്നു. ഇന്നലെയിതു പരിഗണനയ്ക്കു വന്നപ്പോഴാണ് സര്‍ക്കാര്‍ വിജ്ഞാപനം ഹാജരാക്കിയത്. ശബരിമലയില്‍ പ്രളയത്തെത്തുടര്‍ന്ന് ഒഴുകിപ്പോയതും കേടുപാടുകള്‍ സംഭവിച്ചതുമായ പാലങ്ങളും റോഡുകളും കെട്ടിടങ്ങളും നവംബര്‍ 15 ന് മുമ്പ് പുനര്‍നിര്‍മിക്കാന്‍ ടാറ്റ പ്രോജക്ട്‌സിനെ ചുമതലപ്പെടുത്തിയാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. നവംബര്‍ 17 ന് മണ്ഡല - മകര വിളക്ക് സീസണ്‍ ആരംഭിക്കും. ഇതിനു മുമ്പ് പാലങ്ങളും റോഡുകളും പുനര്‍നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോ ദേവസ്വം ബോര്‍ഡിന്റെ മരാമത്ത് വിഭാഗത്തിനോ സാധിക്കില്ല. ഇതിനാലാണ് ടാറ്റ പ്രൊജക്ട്‌സിനെ ചുമതല ഏല്‍പിക്കുന്നതെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.