ശശി വിഷയം ആഭ്യന്തരപ്രശ്‌നം; ബിഷപ്പിനെതിരായ അന്വേഷണത്തില്‍ തൃപ്തി : കാനം

Wednesday 12 September 2018 1:17 am IST

തിരുവനന്തപുരം: പി.കെ. ശശി എംഎല്‍എയ്‌ക്കെതിരായ പീഡനപരാതി സിപിഎമ്മിന്റെ ആഭ്യന്തരപ്രശ്‌നമാണെന്നും കന്യാസ്ത്രീ പീഡനക്കേസില്‍ പോലീസന്വേഷണം തൃപ്തികരമായി മുന്നോട്ട് പോകുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തിരുവനന്തപുരം പ്രസ്‌ക്ലബിലെ   മുഖാമുഖം പരിപാടിയില്‍. 

 ശശിക്കെതിരായ പീഡനപരാതി പൊതുമധ്യത്തില്‍ വന്നതല്ല. സിപിഎമ്മിന്റെ ആഭ്യന്തരവിഷയം അവര്‍ കൈകാര്യം ചെയ്‌തോളും. സ്ത്രീക്ക് പോലീസില്‍ പരാതി നല്‍കാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ, അദ്ദേഹം പറഞ്ഞു. ബിഷപ്പിനെതിരായ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനെയും കാനം ന്യായീകരിച്ചു. കന്യാസ്ത്രീയുടെ സഹോദരന്‍ തന്നെ വന്ന് കണ്ടപ്പോള്‍ അന്വേഷണത്തില്‍ പൂര്‍ണസംതൃപ്തി അറിയിച്ചു. അന്വേഷണത്തിന് വേഗം പോര എന്നതൊക്കെ ആപേക്ഷികമാണ്. കേരള പോലീസ് മാത്രമല്ലേ അന്വേഷണ ഏജന്‍സിയായിട്ടുള്ളത്. അപ്പോള്‍ നമ്മള്‍ അവരെ വിശ്വാസത്തിലെടുക്കണ്ടേ. 2014-16 ല്‍ നടന്ന സംഭവമല്ലേ. പരാതി തന്നത് ഇപ്പോഴല്ലേ, കാനം ചോദിച്ചു. കന്യാസ്ത്രീമാരുടെ സമരത്തിന് പിന്തുണ നല്‍കുമോയെന്ന ചോദ്യത്തിന് നീതിക്കായുള്ള സമരമാണെങ്കില്‍ നീതി ആഗ്രഹിക്കുന്നവരെല്ലാം ഒപ്പമുണ്ടാകുമെന്നായിരുന്നു മറുപടി. 

  റവന്യു സെക്രട്ടറി നടത്തിയ പരസ്യവിമര്‍ശനത്തിനെതിരെ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് കാനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.