ആളിക്കത്തി കന്യാസ്ത്രീ സമരം; സമരപ്പന്തലിലേക്ക് ജനപ്രവാഹം

Wednesday 12 September 2018 1:18 am IST
ആദ്യ ദിനത്തില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു വഞ്ചി സ്‌ക്വയറിലെ സമരപ്പന്തലില്‍. ഇന്നലെ സ്ഥിതി മാറി. സമരപ്പന്തല്‍ നിറഞ്ഞു. സമരപ്പന്തലിലെത്തുന്ന രാഷ്ട്രീയനേതാക്കള്‍ സമരത്തിന് കൂടുതല്‍ ശക്തിപകരുന്നുണ്ടെന്നും എല്ലാവരുടെയും പിന്തുണയാണ് ആവശ്യമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ജന്മഭൂമിയോട് പറഞ്ഞു.

കൊച്ചി: സര്‍ക്കാരിനും കത്തോലിക്കാ സഭയ്ക്കും  വെല്ലുവിളിയുയര്‍ത്തി   തുടങ്ങിയ കന്യാസ്ത്രീകളുടെ സമരത്തിന് ജനപിന്തുണ വര്‍ധിക്കുന്നു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സത്വര നടപടിയാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ നടക്കുന്ന സമരപ്പന്തലിലേക്ക് കൂടുതല്‍ വ്യക്തികളും സംഘടനകളുമാണ് എത്തുന്നത്. ദേശീയ മാധ്യമങ്ങളുടെ വന്‍പടയാണ് സമരപ്പന്തലില്‍ തമ്പടിച്ചത്. മേജര്‍ രവിയുള്‍പ്പെടെ സാമൂഹിക- സാംസ്‌കാരിക രംഗത്തെ നിരവധിയാളുകളും പിന്തുണയുമായി എത്തി.

ആദ്യ ദിനത്തില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു വഞ്ചി സ്‌ക്വയറിലെ സമരപ്പന്തലില്‍.  ഇന്നലെ സ്ഥിതി മാറി. സമരപ്പന്തല്‍ നിറഞ്ഞു. സമരപ്പന്തലിലെത്തുന്ന രാഷ്ട്രീയനേതാക്കള്‍ സമരത്തിന് കൂടുതല്‍ ശക്തിപകരുന്നുണ്ടെന്നും എല്ലാവരുടെയും പിന്തുണയാണ് ആവശ്യമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ജന്മഭൂമിയോട് പറഞ്ഞു. രാവിലെ തന്നെ നൂറിലധികം സംഘടനകളുടേയും റെസിഡന്റ്‌സ് അസോസിയേഷനുകളുടേയും പ്രതിനിധികള്‍ സമരത്തെ അഭിസംബോധന ചെയ്യാനായി വന്നുചേര്‍ന്നു.

 മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷിന്റെ നേതൃത്വത്തില്‍ നിരവധി വനിതാപ്രവര്‍ത്തകര്‍ സമരത്തിന് പിന്തുണയുമായി എത്തി. ഇരയ്ക്ക് നീതി കൊടുക്കാതെ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് രേണു  പറഞ്ഞു.

എഐവൈഎഫ്, അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന, സിപിഐ (എംഎല്‍), ശിവസേന, കെപിഎംഎസ് എന്നീ സംഘടനകളും ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലില്‍ എത്തി. കുറവിലങ്ങാട് മഠത്തില്‍ നിന്നെത്തിയ കന്യാസ്ത്രീകള്‍ ഉച്ചയോടുകൂടി സമരപ്പന്തലിലേക്കെത്തി. മുദ്രാവാക്യം വിളികളോടെയാണ് ഇവരെ സമരക്കാര്‍ സ്വീകരിച്ചത്. അതിനിടെ കഴിഞ്ഞ മൂന്നു ദിവസമായി നിരാഹാരമനുഷ്ഠിച്ചിരുന്ന ജോണ്‍ ജോസഫിനെ ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. സ്റ്റീഫന്‍ മാത്യുവാണ് ഇപ്പോള്‍ നിരാഹാര സമരം നടത്തുന്നത്.

യെച്ചൂരിക്ക് കത്ത് 

കൊച്ചി: പീഡനക്കേസില്‍ ബിഷപ്പിനെതിരെ ഇത്രയും ദിവസമായിട്ടും നടപടിയുണ്ടാകാത്ത കാര്യം ചൂണ്ടിക്കാട്ടി കന്യാസ്ത്രീ സിപിഎം കേന്ദ്ര നേതൃത്വത്തിന്  കത്തയച്ചു. സഹോദരിക്ക് നീതി കിട്ടുന്നതുവരെ സമരം തുടരുമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും വ്യക്തമാക്കി. ഇന്ന് രാവിലെ 10ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരത്തിലും ഇവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.