ഋഷഭിനും രാഹുലിനും സെഞ്ചുറി; ഇന്ത്യ പൊരുതുന്നു

Wednesday 12 September 2018 1:20 am IST
58ന് മൂന്ന് എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ 121 ആയപ്പോഴേക്കും രണ്ട് വിക്കറ്റുകൂടി നഷ്ടമായി. 10 റണ്‍സുമായി ബാറ്റിങ്ങ് തുടര്‍ന്ന രഹാനെയെയാണ് ആദ്യം നഷ്ടമായത്. 37 റണ്‍സെടുത്ത രഹാനെയെ മോയിന്‍ അലിയുടെ പന്തില്‍ ജെന്നിങ്‌സ് പിടികൂടി. തൊട്ടുപിന്നാലെ ആദ്യ ഇന്നിങ്‌സില്‍ അര്‍ദ്ധസെഞ്ചുറി നേടിയ ഹനുമ വിഹാരി അക്കൗണ്ട് തുറക്കും മുന്‍പേ സ്‌റ്റോക്ക്‌സിന്റെ പന്തില്‍ ബെയര്‍സ്‌റ്റോവിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ രാഹുലിന്റെയും ഋഷഭിന്റെയും സെഞ്ചുറി കരുത്തില്‍ ഇന്ത്യ തോല്‍വി ഒഴിവാക്കാന്‍ പൊരുതുന്നു. രണ്ടാം ഇന്നിങ്ങ്‌സില്‍ ജയിക്കാന്‍ 464 റണ്‍സ് വേണ്ട ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സ് എന്ന നിലയിലാണ്. 2 റണ്ണുമായി ജഡേജയും റണ്ണൊന്നുമെടുക്കാതെ ഇഷാന്ത് ശര്‍മ്മയുമാണ് ക്രീസില്‍. ഋഷഭ് പന്തിന്റെ കന്നി സെഞ്ചുറിയും രാഹുലിന്റെ  അഞ്ചാം സെഞ്ചുറിയുമാണ് പിറന്നത്.

58ന് മൂന്ന് എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ 121 ആയപ്പോഴേക്കും രണ്ട് വിക്കറ്റുകൂടി നഷ്ടമായി. 10 റണ്‍സുമായി ബാറ്റിങ്ങ് തുടര്‍ന്ന രഹാനെയെയാണ് ആദ്യം നഷ്ടമായത്. 37 റണ്‍സെടുത്ത രഹാനെയെ മോയിന്‍ അലിയുടെ പന്തില്‍ ജെന്നിങ്‌സ് പിടികൂടി. തൊട്ടുപിന്നാലെ ആദ്യ ഇന്നിങ്‌സില്‍ അര്‍ദ്ധസെഞ്ചുറി നേടിയ ഹനുമ വിഹാരി അക്കൗണ്ട് തുറക്കും മുന്‍പേ സ്‌റ്റോക്ക്‌സിന്റെ പന്തില്‍ ബെയര്‍സ്‌റ്റോവിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഇതോടെ ഇന്ത്യ ദയനീയ തോല്‍വി ഏറ്റുവാങ്ങുമെന്ന് തോന്നിച്ചു. എന്നാല്‍ ഇവിടെ നിന്ന് രാഹുലും ഋഷഭും ചേര്‍ന്ന് ഇന്നിങ്‌സ് കെട്ടിപ്പടുത്തു.

ഇംഗ്ലീഷ്  ബൗളര്‍മാര്‍ക്കെതിരെ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 204 റണ്‍സ് അടിച്ചുകുട്ടി. 118 പന്തില്‍ നിന്ന് 16 േഫാറും ഒരു സിക്‌സറുമടക്കമാണ് രാഹുല്‍ സെഞ്ചുറി തികച്ചത്. ഋഷഭിന്റെ കന്നി ശതകത്തിന് 14 ഫോറും മൂന്ന് തകര്‍പ്പന്‍ സിക്‌സറുകളും അകമ്പടി സേവിച്ചു. മോയിന്‍ അലിക്കെതിരെ തകര്‍പ്പന്‍ സിക്‌സറടിച്ചാണ് ഋഷഭ് സെഞ്ചുറി തികച്ചത്. ഒടുവില്‍ സ്‌കോര്‍ 325 റണ്‍സിലെത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 224 പന്തില്‍ നിന്ന് 149 റണ്‍സെടുത്ത രാഹുലിനെ ആദില്‍ റഷീദ് ബൗള്‍ഡാക്കി. ഏറെ കഴിയുംമുന്‍പേ ഋഷഭും മടങ്ങി. 146 പന്തില്‍ നിന്ന് 114 റണ്‍സെടുത്ത ഋഷഭിനെയും റഷീദാണ് മടക്കിയത്.

20 മാസത്തിലേറെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് ലോകേഷ് രാഹുല്‍ ടെസ്റ്റില്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സെഞ്ചുറി നേടുന്നതും ആദ്യം. 2016ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ തന്നെ 199 റണ്‍സ് നേടിയാണ് രാഹുല്‍ ഇതിനു മുന്‍പ് സെഞ്ചുറി തൊട്ടത്. അതിനുശേഷം 88 ഇന്നിങ്‌സുകളില്‍ സെഞ്ചുറി നേടാന്‍ രാഹുലിന് കഴിഞ്ഞിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.