ഇറ്റലിയെ വീഴ്ത്തി പോര്‍ച്ചുഗല്‍

Tuesday 11 September 2018 11:21 pm IST

ലിസ്ബണ്‍: യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോളിലെ ആദ്യ കൡയില്‍ പോര്‍ച്ചുഗലിന് ജയം. ലീഗ് എയിലെ ഗ്രൂപ്പില്‍ നടന്ന കളിയില്‍ കരുത്തരായ ഇറ്റലിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം ആന്ദ്രെ സില്‍വയാണ് പറങ്കികളുടെ വിജയഗോള്‍ നേടിയത്. ജയത്തോടെ മൂന്ന് പോയിന്റുമായി പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി.

സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇല്ലാതെയാണ് പോര്‍ച്ചുഗല്‍ കളത്തിലിറങ്ങിയത്. എങ്കിലും പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അവരായിരുന്നു മുന്നിട്ടുനിന്നത്. കളിയുടെ തുടക്കത്തില്‍ ഇറ്റലി ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 15-ാം മിനിറ്റില്‍ അവര്‍ക്ക് നല്ലൊരു അവസരം ലഭിച്ചു. എന്നാല്‍ ബോക്‌സിന് പുറത്തുനിന്ന് ഫെഡറികോ പായിച്ച ഷോട്ട് പോര്‍ച്ചുഗല്‍ ഗോളി രക്ഷപ്പെടുത്തി. 20-ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന് ആദ്യ അവസരം ലഭിച്ചത്. എന്നാല്‍ ആന്ദ്രെ സില്‍വ ബോക്‌സിന് പുറത്തുനിന്ന് പായിച്ച ഷോട്ടിന് ഇറ്റാലിയന്‍ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നും ഇരുടീമുകളും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യപകുതി ഗോള്‍രഹിതമായി കലാശിച്ചു.

48-ാം മിനിറ്റില്‍ മത്സരത്തിലെ ഏക ഗോള്‍ പിറന്നു. ബോക്‌സിനുള്ളില്‍നിന്ന് സില്‍വ പായിച്ച ഇടംകാലന്‍ ഷോട്ടാണ് ഇറ്റാലിയന്‍ വലയില്‍ കയറിയത്. പിന്നീട് ലീഡ് ഉയര്‍ത്താന്‍ പോര്‍ച്ചുഗലിനും സമനില കണ്ടെത്താന്‍ ഇറ്റലിക്കും ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും വല കുലുങ്ങിയില്ല. ഇതോടെ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം പോര്‍ച്ചുഗലിന് സ്വന്തമായി. പോളണ്ടിനെതിരെ ഒക്ടോബര്‍ 11നാണ് പോര്‍ച്ചുഗലിന്റെ അടുത്ത കളി. ഒക്ടോബര്‍ 14ന് ഇറ്റലി പോളണ്ടിനെയും നേരിടും. അതിന് മുന്‍പ് 10ന് ഉക്രെയിനുമായി സൗഹൃദ മത്സരവും ഇറ്റലി കളിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.