സിന്ധു, പ്രണോയ്, ശ്രീകാന്ത് രണ്ടാം റൗണ്ടില്‍

Tuesday 11 September 2018 11:33 pm IST

ടോക്കിയോ: ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധു, എച്ച്.എസ്. പ്രണോയ്, ശ്രീകാന്ത് കിഡംബി എന്നിവര്‍ ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍.

ഇക്കഴിഞ്ഞ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ പുരുഷ സിംഗിള്‍സില്‍ സ്വര്‍ണം നേടിയ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയെ അട്ടിമറിച്ചാണ് എച്ച്.എസ്. പ്രണോയ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. 45 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പ്രണോയ്‌യുടെ വിജയം. സ്‌കോര്‍: 21-18, 21-17. രണ്ടാം റൗണ്ടില്‍ ഇന്തോനേഷ്യയുടെ തന്നെ താരമായ ആന്റണി സിന്‍സുക ജിന്റിങിനെ പ്രണോയ് നേരിടും.

മറ്റൊരു മത്സരത്തില്‍ ഏഴാം സീഡ് ശ്രീകാന്ത് ചൈനയുടെ ഹുയാങ് ഹ്യുസിയാങിനെ 21-13, 21-15 എന്ന ക്രമത്തില്‍ തോല്‍പ്പിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്. കളി 33 മിനിറ്റാണ് നീണ്ടത്. ഹോങ്കോങ്ങിന്റെ വോങ് വിങ് കിയാണ് അടുത്ത മത്സരത്തില്‍ ശ്രീകാന്തിന്റെ എതിരാളി.

വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡ് പി.വി. സിന്ധു ജപ്പാന്റെ സയാക തകഹാഷിയുടെ വെല്ലുവിളി മറികടന്നാണ് അടുത്ത റൗണ്ടിലെത്തിയത്. മൂന്ന് ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ വിജയം. 53 മിനിറ്റ് നീണ്ട കളിക്കൊടുവില്‍ 21-17, 7-21, 21-13 എന്ന സ്‌കോറിനായിരുന്നു സിന്ധു ജയിച്ചത്. മറ്റൊരു മത്സരത്തില്‍ ഇന്ത്യന്‍ താരം സമീര്‍ വര്‍മ ആദ്യ റൗണ്ടില്‍ മടങ്ങി. ദക്ഷിണ കൊറിയയുടെ ലീ ഡോങിനോട് 21-18, 20-22, 21-10 എന്ന സ്‌കോറിനായിരുന്നു സമീര്‍ കീഴടങ്ങിയത്. വനിതാ സിംഗിള്‍സില്‍ വൈഷ്ണവി റെഡ്ഡിയും ആദ്യ റൗണ്ടില്‍ പുറത്തായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.