ഇന്ത്യന്‍ വനിതകള്‍ ശ്രീലങ്കയെ തകര്‍ത്തു

Tuesday 11 September 2018 11:35 pm IST

ഗലെ: ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യന്‍ വനിതകള്‍ ജയിച്ചത്. 

സ്മൃതി മന്ഥാനയുടെ അപരാജിത അര്‍ദ്ധസെഞ്ചുറിയാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കന്‍ വനിതകള്‍ 35.1 ഓവറില്‍ 98ന് ഓള്‍ ഔട്ടായി. 33 റണ്‍സെടുത്ത നായിക ചമരി അട്ടപ്പട്ടുവാണ് ലങ്കന്‍ നിരയിലെ ടോപ്‌സ്‌കോര്‍. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. 

മൂന്നുപേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിങ്‌സില്‍ സ്രിപാലി വീരകോടി 26ഉം ദിനാലി മണ്ടോര 12 റണ്‍സുമെടുത്തു. മൂന്ന് വിക്കറ്റ് പിഴുത മാന്‍സി ജോഷി, രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ജൂലന്‍ ഗോസ്വാമി, പൂനം യാദവ് എന്നിവരുടെ ഉജ്ജ്വല ബൗളിങ്ങാണ് ലങ്കയെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ടില്ല. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ പൂനം റാവത്തും (24), സൃമിതിയും ചേര്‍ന്ന് ഗംഭീര തുടക്കം നല്‍കി. വിജയത്തിന് മൂന്ന് റണ്‍സ് അകലെവച്ചാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 41 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത പൂനത്തെ ഇനോക രണവീരയുടെ പന്തില്‍ ദിലാനി പിടികൂടി. പിന്നീടെത്തിയ മിതാലി രാജ് അക്കൗണ്ട് തുറക്കും മുന്‍പേ സ്മൃതി ഇന്ത്യയെ വിജയത്തിലെത്തിച്ചു. 

76 പന്തില്‍ നിന്ന് 11 ഫോറും രണ്ട് സിക്‌സറുമടക്കം 73 റണ്‍സെടുത്താണ് സ്മൃതി പുറത്താകാതെ നിന്നത്. രണ്ടാം മത്സരം വ്യാഴാഴ്ച നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.