ശമ്പളം നിര്‍ബന്ധപൂര്‍വം പിടിച്ചെടുക്കരുത്: ബിഎംഎസ്

Wednesday 12 September 2018 1:23 am IST

കൊച്ചി: പ്രളയത്തിന്റെ മറവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം  പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ബിഎംഎസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 

ഉത്സവബത്ത ഉള്‍പ്പടെ ഇപ്പോള്‍ തന്നെ 5000 -10000 ഇടയ്ക്ക് തുക ജീവനക്കാര്‍  സംഭാവന ചെയ്തുകഴിഞ്ഞു. ആയിരക്കണക്കിന് ജീവനക്കാര്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. അവരില്‍ നിന്ന് ഉള്‍പ്പടെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന് സ്വമേധയാ തയ്യാറായിട്ടുള്ള കാര്യവും സര്‍ക്കാര്‍ മനസ്സിലാക്കണമെന്നും ബിഎംഎസ് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.

പ്രളയം രൂക്ഷമാകാന്‍ കാരണം സര്‍ക്കാരിന്റെ നയമില്ലായ്മയും, തയാറെടുപ്പുകള്‍ ഇല്ലാതെ ഡാമുകള്‍ തുറന്ന് വിട്ടതുമാണെന്ന്  ബിഎംഎസ് സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം വിലയിരുത്തി.  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും നിഷ്പക്ഷമായും നടപ്പാക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന് അവകാശ പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. നവംബര്‍ നാലിന് തിരുവനന്തപുരത്ത് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ഭാരവാഹികളായ എസ്. ദുരൈരാജ്, വി. രാധാകൃഷ്ണന്‍, സംസ്ഥാന ഭാരവാഹികളായ എം.പി. സജീവന്‍, സി.വി. രാജേഷ്, ജി.കെ. അജിത്ത്, ജി. സതീഷ് കുമാര്‍, കെ.എന്‍. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.