പ്രളയഭൂമിയിലെ സര്‍ക്കാര്‍ പിരിവിനെതിരെ വ്യാപക പ്രതിഷേധം

Wednesday 12 September 2018 1:25 am IST

ആലപ്പുഴ: പ്രളയബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ നടത്തുന്ന പണപ്പിരിവിനെതിരെ പ്രതിഷേധം വ്യാപകം. സര്‍ക്കാരിന്റെ  ദുരിതാശ്വാസ സമാഹരണം വ്യാപാരികളെയും വ്യവസായികളെയും കരാറുകാരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പീഡിപ്പിക്കുകയാണെന്നാണ് പരാതി.

പ്രളയത്തില്‍ വലിയ  നാശം നേരിട്ട പ്രദേശങ്ങളെ പോലും പിരിവില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. മണ്ഡലം അടിസ്ഥാനത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ പിന്തുണയിലാണ് നവകേരളനിര്‍മിതിക്കെന്ന പേരില്‍ പ്രളയബാധിതരെ  പിഴിയുന്നത്. വ്യാപാരികള്‍, വ്യവസായികള്‍, വിദേശത്ത് ജോലിയുള്ളവര്‍, ഉന്നത സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെ വിവരങ്ങള്‍ ഗ്രാമപഞ്ചായത്തംഗങ്ങളുടെ സഹകരണത്തോടെ ശേഖരിച്ചു തുടങ്ങി.

പ്രളയത്തില്‍ മുങ്ങിയ വീടുകളില്‍ നിന്ന് ക്യാമ്പുകളില്‍ അഭയം തേടിയവര്‍ക്ക് ഭക്ഷണവും, വസ്ത്രവും ദിവസങ്ങളോളം നല്‍കിയത് അതാത് പ്രദേശങ്ങളിലെ വ്യാപാരികളും, സന്നദ്ധസംഘടനകളും, സമ്പന്നരുമായിരുന്നു. യാതൊരു നിര്‍ദേശവുമില്ലാതെ കണക്കുകള്‍ പോലും ബോധിപ്പിക്കാതെയാണ് പലരും പ്രളയബാധിതരെ സഹായിക്കാന്‍ എത്തിയത്. ഇത്തരത്തില്‍ സഹായിച്ചവരെയാണ് സര്‍ക്കാര്‍ വീണ്ടും പിഴിയുന്നത്.  വിദേശങ്ങളില്‍ നിന്നും, നിരവധി സന്നദ്ധ സംഘടനകളില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും കോടികള്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തിയിട്ടും ദുരിതബാധിതര്‍ക്ക് അടിയന്തിര സഹായം പോലും എത്തിച്ചിട്ടില്ല.

പ്രളയത്തില്‍ കനത്ത നഷ്ടമാണ് വിവിധ സ്ഥാപനങ്ങള്‍ക്കും, വ്യാപാരികള്‍ക്കും സംഭവിച്ചിട്ടുള്ളത്. ഇവര്‍ തന്നെയാണ് പണപ്പിരിവില്‍ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. പൊതുമരാമത്ത്, റവന്യു, തദ്ദേശം, ജലസേചനം തുടങ്ങി ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത തുക സമാഹരിക്കണമെന്ന നിര്‍ദ്ദേശവും നല്‍കി. ഉന്നതോദ്യോഗസ്ഥരും, ജനപ്രതിനിധികളും പണത്തിനായി ബന്ധപ്പെടുമ്പോള്‍ ഒഴിഞ്ഞുമാറാനാകാതെ ബുദ്ധിമുട്ടുകയാണ് വ്യാപാരികളും, പ്രവാസികളും. പണം നല്‍കിയില്ലെങ്കില്‍ പകപോക്കല്‍ ഉണ്ടാകുമോയെന്ന് അവര്‍ ആശങ്കപ്പെടുന്നു. ചെകുത്താനും, കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ് തങ്ങളെന്നും അവര്‍ പറയുന്നു. 

അവശ്യ കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസില്‍ എത്തുന്ന സാധാരണക്കാരില്‍നിന്ന് നിര്‍ബന്ധിപ്പിച്ച് ദുരിതാശ്വാസത്തിനുള്ള നവകേരള ലോട്ടറി എടുപ്പിക്കുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകള്‍ സഹകാരികളുടെ പോലും അഭിപ്രായം തേടാതെ നവകേരളലോട്ടറിയുടെ ഏജന്‍സി എടുത്തതും വിവാദമായി. ഭാഗ്യക്കുറി വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍  പണം ബാങ്കിന് നഷ്ടമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.