കുട്ടനാട്ടിലെ കൃഷി; കുര്യനെ പിന്തുണച്ച് ഐസക്ക്

Wednesday 12 September 2018 1:26 am IST

ആലപ്പുഴ: കുട്ടനാട്ടില്‍ നെല്‍കൃഷി വ്യാപിപ്പിക്കുന്നതിന് എതിരെ പ്രതികരിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ പിന്തുണച്ച് ധനമന്ത്രി തോമസ് ഐസക്ക്. കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറും സിപിഐയും കുര്യനെതിരെ പരസ്യ നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് ഐസക്കിന്റെ പിന്തുണ. നേരത്തെ ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കുമ്പോള്‍ കുര്യന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. അന്നും കുര്യനെ ഐസക്ക് പിന്തുണച്ചു.

കുര്യന്റെ ജനാഭിമുഖ്യത്തെ ഐസക്ക് പുകഴ്ത്തുന്നുമുണ്ട്. കുര്യന്‍ പേറ്റന്റ് കണ്‍ട്രോളര്‍ ആയിരുന്നപ്പോള്‍ കാന്‍സര്‍ മരുന്ന് തീരെ ചെറിയ വിലയ്ക്ക് ഉല്‍പ്പാദിപ്പിച്ച് വിപണിയില്‍ ഇറക്കാന്‍  ഇന്ത്യന്‍ കമ്പനിക്ക് അവകാശം നല്‍കിയ ഉത്തരവ് മാത്രം മതി അദ്ദേഹത്തെ മനസ്സിലാക്കാനെന്നും ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

കുട്ടനാട്ടിലെ നെല്‍കൃഷി നഷ്ടമാണെന്നും നെല്‍കൃഷി വര്‍ദ്ധിപ്പിക്കുന്നത് മന്ത്രിക്കും വകുപ്പിനും മോക്ഷം ലഭിക്കുംപോലെയാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം    കുര്യന്‍ പറഞ്ഞത്. കുട്ടനാട്ടിലെ നെല്‍കൃഷി അവസാനിപ്പിച്ച് മത്സ്യകൃഷി, വ്യാവസായിക അടിസ്ഥാനത്തില്‍ കുടിവെള്ള പ്ലാന്റ്, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും കുര്യന്‍ പറഞ്ഞു.

സര്‍ക്കാര്‍ തരിശു ഭൂമികള്‍ വെറുതെയിടാതെ എല്ലായിടത്തും കര- നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്ന സമയത്താണ് സര്‍ക്കാരിന്റെ തന്നെ ഒരു ഉദ്യോഗസ്ഥന്‍ പരസ്യമായി രൂക്ഷ വിമര്‍ശനം നടത്തിയത്. തണ്ണീര്‍മുക്കം ബണ്ട് അനാവശ്യമാണെന്നും കുര്യന്‍ പറഞ്ഞിരുന്നു. ഇതിനെയെല്ലാം പരോക്ഷമായി പിന്തുണയ്ക്കുന്നതാണ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുട്ടനാടിന് ഒരു കൃഷി മതിയെന്നാണ് ഐസക്ക് പറയുന്നത്. പുഞ്ചകൃഷിയായിരുന്നു കുട്ടനാടിന്റെ പാരമ്പര്യം. വര്‍ഷകാലത്തെ രണ്ടാം കൃഷി പില്‍ക്കാല സമ്പ്രദായമാണ്. മുഴുവന്‍ പാടശേഖരങ്ങളിലും വര്‍ഷകാലത്തെ രണ്ടാം കൃഷി സാധ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.