ഭരണകൂട ആസുരികത

Wednesday 12 September 2018 1:27 am IST

ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിയില്‍ വിളങ്ങി നില്‍ക്കുന്ന കേരളത്തിലെ സ്ഥിതിഗതികള്‍ അധോലോകത്തെ പോലും നാണിപ്പിക്കുന്ന തരത്തിലേക്ക് താഴ്ന്നുപോയിരിക്കുന്നു. ഭാരതത്തിലെ മറ്റേതു സംസ്ഥാനത്തെക്കാളും വിവരവും വിദ്യാഭ്യാസവും ഉള്ള നാടാണ് കേരളം എന്ന് പൊതുവെ പറയാറുണ്ട്. ഒട്ടൊക്കെ അതു ശരിയാണുതാനും. എന്നാല്‍ അതിനനുസരിച്ചുള്ള കാര്യങ്ങളല്ല നടക്കുന്നതെന്ന് ചുരുക്കം. ഉത്തരേന്ത്യയിലെ പ്രദേശങ്ങള്‍ കേരളത്തെ മാതൃകയാക്കി മുന്നേറുമ്പോള്‍ ഇവിടെ പ്രാകൃത വികാരം അള്ളിപ്പിടിച്ചു മുന്നോട്ടു കുതിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. എന്നിട്ട് അഭിമാനത്തോടെ ദൈവത്തിന്റെ നാടെന്ന് ഊറ്റംകൊള്ളുകയും ചെയ്യുന്നു.

പത്തെഴുപത്താറ് ദിവസമായി ഒരു കേസിനു പിന്നാലെ സംസ്ഥാന പോലീസ് വട്ടംകറങ്ങുകയാണ്. ഹെല്‍മെറ്റ് വെക്കാതെ യാത്ര ചെയ്യുന്നയാളെ അടിച്ചുപഞ്ചറാക്കുന്ന, പണി കഴിഞ്ഞുവന്ന് ക്ഷീണിച്ചുറങ്ങുന്നയാളെ പാതിരാത്രിയില്‍ ഒരു കാരണവുമില്ലാതെ പൊക്കിയെടുത്ത് തല്ലിക്കൊല്ലുന്ന കേമന്‍ പോലീസുകാര്‍ തലങ്ങും വിലങ്ങും പാഞ്ഞ് ധാര്‍ഷ്ട്യം കാണിക്കുന്ന സംസ്ഥാനത്താണ് ഒരു കന്യാസ്ത്രീ തോരാക്കണ്ണീരുമായി നീതിക്കായി കാത്തിരിക്കുന്നത്. അവരെ ഇഞ്ചിഞ്ചായി പീഡിപ്പിച്ചുവെന്ന് പകല്‍വെളിച്ചം പോലെ വ്യക്തമായിട്ടും പോലീസ് അനങ്ങുന്നില്ല. പ്രതിക്കുവേണ്ടി രംഗത്തുള്ളവരുടെ നോട്ടിലും വോട്ടിലും കണ്ണുനട്ടിരിക്കുന്ന ശിഖണ്ഡിപ്പരുവമുള്ള സര്‍ക്കാറിന്റെ ഒത്താശക്കാരായിരിക്കുകയാണ് പോലീസ്.

പാര്‍ട്ടിക്കാരിയെ പീഡിപ്പിച്ച ജനപ്രതിനിധിയെ പാലും തേനുമൂട്ടി വളര്‍ത്തുന്ന തരത്തിലേക്ക് പോവുന്നു. ഭരണകക്ഷിയുടെ നോട്ടത്തില്‍ ഇന്ത്യന്‍ പീനല്‍കോഡും മറ്റു നിയമനടപടികളും പാര്‍ട്ടിക്കോടതിക്കും പാര്‍ട്ടി നിയമങ്ങള്‍ക്കും താഴെയാണ്. പാര്‍ട്ടിക്കാരിയെ പാര്‍ട്ടിക്കാരന് എന്തും ചെയ്യാം. ആര്‍ക്കാണ് അത് ചോദിക്കാനുള്ള അധികാരം എന്നാണ് നേതൃത്വം ആക്രോശിക്കുന്നത്. പാര്‍ട്ടിധാര്‍ഷ്ട്യത്തിനും പോലീസ് നിസ്സംഗതയ്ക്കും ഇടയില്‍പെട്ട് വേവലാതിപ്പെട്ടു കഴിയുകയാണ് ഇവിടുത്തെ ജനസാമാന്യം. അതേസമയം അനാവശ്യവും അസ്വാസ്ഥ്യകരവുമായ നീക്കങ്ങളും ഇതിനൊപ്പം നടക്കുന്നുണ്ട് എന്നതാണ് കൂടുതല്‍ ഭീകരമായിരിക്കുന്നത്.

സാമൂഹിക പ്രവര്‍ത്തകനും പ്രകൃതി ചികിത്സാപ്രചാരകനുമായ ജേക്കബ് വടക്കഞ്ചേരിയെ രായ്ക്കുരാമാനം അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ മേല്‍സൂചിപ്പിച്ച പോലീസിനും പിന്നണിപ്പാട്ടുകാര്‍ക്കും ഒരു ലജ്ജയുമുണ്ടായില്ല. ആധുനികവൈദ്യശാസ്ത്രമാണ് എല്ലാം, അതേ ശരിയുള്ളൂ എന്ന് ധരിച്ചുവശായ ഒരു വിഭാഗത്തിന്റെ കൈയാളുകളായി ഭരണകൂടവും അവരുടെ ഔദ്യോഗിക ഗുണ്ടാപ്പടയും അധപ്പതിച്ചതിന്റെ നേര്‍കാഴ്ചയാണിത്. ഇംഗ്ലീഷ് മരുന്നു മാത്രമേ എന്തിനും കൈക്കൊണ്ട ഔഷധമാവൂ എന്ന ധാര്‍ഷ്ട്യത്തിന്റെ നിസ്സഹായനായ ഇരയായിരിക്കുകയാണ് ജേക്കബ് വടക്കഞ്ചേരി. സെമിറ്റിക് മതങ്ങളുടെ രീതിപോലെയാണ് ഒരുതരത്തില്‍ പറഞ്ഞാല്‍ ആധുനിക ചികിത്സാസമ്പ്രദായമെന്ന് നെഗളിക്കുന്ന ആംഗലേയ ചികിത്സ. മറ്റു ചികിത്സാസമ്പ്രദായങ്ങളൊക്കെ തങ്ങള്‍ക്ക് അടിപ്പെട്ട് നിന്നുകൊള്ളണം എന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. ആരോഗ്യവകുപ്പിനു കീഴില്‍ ആ സമ്പ്രദായം മാത്രമേ ഉള്ളൂവെന്ന് അവര്‍ ശഠിച്ചിരിക്കുകയാണ്. ജേക്കബ് വടക്കഞ്ചേരിമാരെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള എളുപ്പവഴിയെന്ന നിലയ്ക്കാണ് ഇപ്പോഴത്തെ അറസ്റ്റിനെയും മറ്റും കാണേണ്ടത്.

സംസ്ഥാനം മൊത്തം അരക്ഷിതാവസ്ഥയിലേക്കു പോവുന്നതിന്റെ സൂചനകളാണിതൊക്കെ. പാര്‍ട്ടി കേസ് പാര്‍ട്ടി അന്വേഷിക്കുക, മതസംബന്ധമായവ അവരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് നടത്തുക, നിസ്സഹായരെയും ദുര്‍ബലരെയും വിരട്ടിനിര്‍ത്തുക, ദുരിതാശ്വാസമേഖലയില്‍ രാഷ്ട്രീയ ഇടപെടല്‍ സജീവമാക്കുക തുടങ്ങിയവയാണ് ഇപ്പോഴത്തെ കലാപരിപാടികള്‍. ദൈവത്തിന്റെ നാട്ടില്‍ ദൈവം ആണല്ലോ എല്ലാം നിശ്ചിയിച്ചുറപ്പിക്കുക. അങ്ങനെ വരുമ്പോള്‍ ഇവിടെ ഭരണകൂടമാവുന്നു ദൈവം. അതിന്റെ ഇച്ഛയ്‌ക്കൊത്ത ഇടപാടുകളും ഇടപഴകലുമാണ് നടക്കുന്നത്. ആരും നിയമത്തിന് അതീതരല്ല എന്ന് അസന്ദിഗ്ധമായി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടും അനക്കമില്ലാതിരിക്കുന്ന ഭരണകൂടം വാസ്തവത്തില്‍ ആസുരികതയുടെ കൂടാരമല്ലേ? അത് അവസാനിപ്പിക്കാന്‍ പ്രബുദ്ധജനത ഉണര്‍ന്നെഴുന്നേല്‍ക്കേണ്ടതല്ലേ?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.