സ്വകാര്യ സ്‌കൂളുകളിലെ ഫീസ് ആര് നിയന്ത്രിക്കും?

Wednesday 12 September 2018 1:28 am IST

സ്വകാര്യ സ്‌കൂളുകളില്‍ അമിതഫീസ് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി! സര്‍ക്കാറിനാകട്ടെ ഒട്ടും അധികാരമില്ലത്രേ! സിബിഎസ്ഇ കേന്ദ്രമാവട്ടെ പ്രത്യേക നിയമങ്ങളും വെച്ചിട്ടില്ല! 

തോന്നും പോലെ ഓരോവിദ്യാലയങ്ങള്‍ക്കും ഫീസ് നിശ്ചയിക്കാം! സ്‌കൂളിന്റെ സൗകര്യത്തിനനുസരിച്ച് ഫീസ് ഏറിയും കുറഞ്ഞുമിരിക്കാം. ആരാണ് ഫീസ് ഘടനയുണ്ടാക്കേണ്ടത്? ഇതിനേക്കാള്‍ കഷ്ടമാണ് ഇത്തരം സ്ഥാപനങ്ങളിലെ അധ്യാപകരും അനധ്യാപകരും അവരുടെ ശമ്പളക്കാര്യത്തില്‍ നേരിടുന്നത്! ഇതുവരെ ജീവനക്കാര്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തുന്ന നിയമം പാസ്സാക്കാന്‍ സംസ്ഥാനത്തെ ഇടതുവലതു മുന്നണികള്‍ക്ക് കഴിഞ്ഞിട്ടില്ല! ലജ്ജാകരം.

സ്ത്രീകളാണ് ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതെന്നകാരണത്താല്‍ പലവിധ ചൂഷണങ്ങളും സഹിക്കുന്നു! സ്വകാര്യ സ്‌കൂളുകളെ ശക്തമായി നിയന്ത്രിക്കണം. കോഴിയെ നോല്‍ക്കാന്‍ കുറുക്കനെ ഏല്‍പിക്കും പോലെയാണ് സ്വകാര്യ സ്‌കൂളുകളിലെ ധനകാര്യ മാനേജുമെന്റ്! 

ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍

ദേവസ്വങ്ങള്‍ കടമ മറക്കരുത് 

ക്ഷേത്ര പരിപാലനവും ഹിന്ദു സമൂഹത്തിന്റെ പുരോഗതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ട ദേവസ്വം ബോര്‍ഡുകള്‍ തങ്ങളുടെ കടമ മറക്കുന്നത് അങ്ങേയറ്റം പ്രതിഷേധം നിറഞ്ഞതാണ്. പ്രളയത്തില്‍ അകപ്പെട്ടവരെ സഹായിക്കുന്നത്തില്‍ ആരും തെറ്റു കാണുന്നില്ല എന്നാല്‍ പ്രളയത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളെ അവഗണിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ക്ഷേത്ര മുതല്‍ സ്വരൂപിക്കാന്‍ ഉള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം പ്രതിഷേധാര്‍ഹമാണ്. ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെയാണ് ക്ഷേത്രങ്ങള്‍ നല്‍കേണ്ടത്. പിച്ച ചട്ടിയില്‍ കൈയിട്ടു വാരുന്നതിനു തുല്യമാണ് ഈ തീരുമാനം. 

കൂടുതല്‍ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ നിന്നും അധികം തുക വരുമാനം കുറവുള്ള ക്ഷേത്രങ്ങള്‍ക്ക് നല്‍കാന്‍ നിയമ പരമായ തടസ്സം നിലനില്‍ക്കുമ്പോഴാണ് ഈ വിവാദ ഉത്തരവ്. ഇത് ക്ഷേത്ര നിയമങ്ങള്‍ക്ക് വിരുദ്ധവുമാണ്. ദേവസ്വംബോര്‍ഡ്് പ്രസിഡന്റും അംഗങ്ങളും ജീവനക്കാരും സംഭാവന നല്‍കുന്നതില്‍ തെറ്റില്ല.

മലബാറിലെ ക്ഷേത്രങ്ങളുടെയും ജീവനക്കാരുടെയും  ദുരവസ്ഥ ബോധ്യമായ ഹൈക്കോടതി ചരിത്ര പരമായ വിധിന്യായത്തിലൂടെ മലബാര്‍ ദേവസ്വം രൂപീകരിക്കണം എന്നഭിപ്രായപ്പെട്ടിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണു ബോര്‍ഡ് രൂപീകരിച്ചത്. ക്ഷേത്രങ്ങള്‍ക്ക്  നല്‍കുന്ന ഗ്രാന്റിന്റെ പേരിലാണ് ഈ നടപടിയെങ്കില്‍ അത് ചരിത്ര നിഷേധമാണ്. 

ക്ഷേത്രങ്ങള്‍ക്ക് നഷ്ടപ്പെട്ട  ലക്ഷകണക്കിന് ഏക്കര്‍ ഭൂമിയുടെ നഷ്ടപരിഹാരമാണ് ഈ ഗ്രാന്റ്്. മലബാറിലെ ക്ഷേത്രങ്ങള്‍ക്ക് വേണ്ടി ഒരു പുനരുദ്ധാരണ പദ്ധതിയാണ് ആവശ്യം. ഈ അവസരത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രളയത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ ഒരു ഫണ്ട് രൂപീകരിച്ചത് ഏറെ ശ്രദ്ധേയവും പ്രശംസനീയവുമാണ് 

പി.കെ. രാജഗോപാല്‍, അഷ്ടമുടി

ഒരേ മനസ്സോടെ മുന്നേറാം

പ്രളയം വന്‍ നാശം വിതച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടി വരുന്ന തുക നമ്മുടെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്താണ്. അതിനു വേണ്ടി ഒരേ മനസോടെ, ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമെ ആ ദൗത്യം വിജയകരമാക്കാന്‍ നമുക്ക് സാധിക്കുകയുള്ളു എന്നത് സംശയമില്ലാത്ത വസ്തുതയാണ്.  

കക്ഷിരാഷ്ട്രീയഭേദമെന്യെ ആ വലിയ ലക്ഷ്യത്തിനായി നമുക്ക് പ്രയത്‌നിക്കാം. തെറ്റ് കുറ്റങ്ങളള്‍ ഒരുപാടുണ്ടാകും എല്ലാവര്‍ക്കും ചൂണ്ടിക്കാട്ടാന്‍. അതൊക്കെ നമുക്ക് മറക്കാം. കാരണം മഹാദുരന്തത്തെ അതിജീവിച്ചവര്‍ എന്നാണ് നാം നാളെ ചരിത്രത്തില്‍ എഴുതപ്പെടേണ്ടത്.

രജിത് മുതുവിള, തിരുവനന്തപുരം

ആരും മരിച്ചിട്ടില്ല!

അണക്കെട്ടുകള്‍ തുറന്നുവിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി. അണക്കെട്ടുകളിലെ അധിക ജലം മാത്രമാണ് ഒഴുക്കിവിട്ടത്. ആകെ ഒഴുകിപ്പോയത് 3 താറാവും 2 കോഴീം ഒരു മുട്ടനാടും മാത്രമെന്ന് സകലമാന പ്രജകളെയും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.!

- കെ.എ.സോളമന്‍, എസ് എല്‍ പുരം

ഭീകരം ഹര്‍ത്താല്‍ ദുരന്തം

കണ്ണില്‍ ചോരയില്ലാത്ത വര്‍ഗമാണോ രാഷ്ട്രീയക്കാര്‍? കേരളത്തില്‍ ഹര്‍ത്താല്‍! പ്രളയത്തിന്റെ ദുരിതക്കെടുതികള്‍ ഒന്നും അവസാനിച്ചിട്ടില്ല. വെള്ളമിറങ്ങാത്ത വീടുകള്‍ ഇനിയും ബാക്കി. വീടുകള്‍ നഷ്ടപ്പെട്ടത് കൊണ്ട് തിരിച്ചുപോകാനാകാതെ അനേകം പാവങ്ങള്‍  ദുരിതാശ്വാസ ക്യാമ്പുകളില്‍. കുടിവെള്ളവും ഭക്ഷണവും കിട്ടാത്തവര്‍ ബാക്കി. വീടുകളില്‍ എത്തിപ്പെട്ടവര്‍ക്ക്, വീട്ടുപകരണങ്ങള്‍ എല്ലാം നഷ്ട്ടപ്പെട്ട്  അടിഞ്ഞുകൂടിയ ചെളി മാത്രം ബാക്കി. ചുരുക്കത്തില്‍ വെള്ളപ്പൊക്കം കുറഞ്ഞു എന്നൊരു ആശ്വാസം മാത്രം. പുനരധിവാസവും പുനര്‍ നിര്‍മാണവും പൂര്‍ണമായും അവശേഷിക്കുന്നു. അതിനിടെ പ്രളയത്തെ അതിജീവിച്ചവര്‍ക്കു പകര്‍ച്ചവ്യാധികള്‍. എലിപ്പനിമൂലം ആളുകള്‍ മരിക്കുന്നു. അങ്ങിനെ പ്രളയത്തിനെക്കാള്‍ ഗുരുതരമായ ഒരവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. 

ദുരിതാശ്വാസ ക്യാംപുകളില്‍ ഉളളവര്‍ക്കു താമസസ്ഥലം ഉണ്ടാക്കി നല്‍കണം, വീട് ഭാഗികമായി നശിച്ചവര്‍ക്കു അത് ശരിയാക്കി കൊടുക്കണം. അങ്ങിനെ വളരെ വലുതും ഉത്തരവാദപ്പെട്ടതുമായ ജോലികളാണ് ബാക്കി്. പകരുന്ന അസുഖങ്ങള്‍ക്ക് പ്രതിരോധ നടപടി സ്വീകരിക്കണം, അസുഖബാധിതരെ ചികില്‍സിക്കണം അങ്ങിനെ നൂറുകൂട്ടം ജോലികളാണ് നടന്നു കൊണ്ടിരിക്കുന്നത്. അവ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് ആശ്വാസം പകരേണ്ട ഭരണത്തിലും പ്രതിപക്ഷത്തും ഉള്ള രാഷ്ട്രീയ കക്ഷികള്‍ ആണ് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താലില്‍ എല്ലാ പുനരധിവാസ, ചികിത്സാ പദ്ധതികളും താളംതെറ്റി. ഇത് ദുരന്തത്തിന്റെ ആഘാതം വീണ്ടും വലുതാക്കും. ഇതൊക്കെ വീണ്ടും സാധാരണഗതിയിലാക്കാന്‍ ദിവസങ്ങള്‍ വേണ്ടി വരും. കേരളത്തിന്റെ ജനജീവിതത്തെയാണ് ഇത് ബാധിക്കുന്നത്. വീണ്ടും കേരളത്തെ പിന്നോട്ടടിക്കും. പ്രളയത്തിന്റെ ദുരന്തത്തെക്കാള്‍ ഭയങ്കരമാണ് രാഷ്ട്രീയക്കാര്‍ കേരളത്തിന് നല്‍കിയ ഹര്‍ത്താല്‍ ദുരന്തം.

എം.പി. ബിപിന്‍, തിരുവനന്തപുരം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.