അഭിപ്രായസ്വാതന്ത്ര്യത്തിലെ വടക്കുനോക്കിയന്ത്രങ്ങള്‍

Wednesday 12 September 2018 1:29 am IST
പച്ചയായ പക്ഷപാതം, സമ്മര്‍ദ്ദത്തിലാക്കിയോ പ്രത്യയശാസ്ത്ര വിധേയത്വം മുതലാക്കിയോ മാധ്യമങ്ങളെ സ്വാധീനിക്കുക, അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുക എന്നീ അനീതികള്‍ പരസ്യമായി ചെയ്ത് ഒരു ഫാസിസ്റ്റ് സര്‍ക്കാരിന്റെ എല്ലാ ലക്ഷണങ്ങളും കേരളത്തിലെ സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തു വരുന്നുണ്ട്. ബിജെപിയെ ചൂണ്ടിക്കാണിച്ച് പരിഭ്രാന്തി പരത്തിയാണ് ഇവര്‍ ഇത്തരം കാര്യങ്ങള്‍ ലളിതമായി ചെയ്തെടുക്കുന്നത്.

രാജ്യത്ത് നടക്കുന്ന ഏതു മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചും ശക്തിയുക്തം പ്രതികരിക്കുന്ന ജനതയാണ് കേരളത്തിലുള്ളത്. പലപ്പോഴും ചില തത്പര കക്ഷികളുടെ നിയന്ത്രണത്തിലാണ് ഇത്തരം പ്രതികരണങ്ങള്‍ എന്നത് പല വേളയിലായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതിന്റെ  ഏറ്റവും പുതിയ ഉദാഹരണമാണ് എലിപ്പനി പ്രതിരോധമരുന്നിനെതിരായി സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടതിന് പ്രമുഖ പ്രകൃതി ചികിത്സാ ഉപാസകന്‍ ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തതില്‍ കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളെന്നു നടിക്കുന്നവരും പുലര്‍ത്തുന്ന കുറ്റകരമായ മൗനം. ഫാസിസ്റ്റ് രീതികള്‍ പ്രയോഗത്തില്‍ വരുത്തുകയും അതിന് സംഘപരിവാര്‍/മോദി പേടിയുടെ പുറംചട്ട അണിഞ്ഞ് വളം നല്‍കുകയുമാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്. റുബെല്ല വാക്സിനെതിരായി നടന്ന മതാധിഷ്ഠിത പ്രചാരണത്തില്‍ മനപൂര്‍വം കണ്ണടച്ചവരാണ് ഇന്ന് ജേക്കബ് വടക്കഞ്ചേരിയെ ക്രൂശിക്കാനൊരുങ്ങുന്നത്. 

ലോകാരോഗ്യ സംഘടന, ലെപ്റ്റോസ്പൈസറോസിസുമായി(എലിപ്പനി) ബന്ധപ്പെട്ട വെബ്സൈറ്റുകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ജേക്കബ് വടക്കഞ്ചേരി തന്റെ നിഗമനങ്ങള്‍ മുന്നോട്ടു വച്ചത്. അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ പ്രതിരോധമരുന്നെന്ന രീതിയില്‍ ഡോഗ്സിസൈക്കില്‍ ഉപയോഗിക്കാവൂ എന്ന് വൈദ്യരംഗത്തെ എല്ലാ സംഘടനകളും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ദുരന്തമുഖത്ത് താമസിക്കുന്നവര്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോകുന്നവര്‍ എന്നിവര്‍ മാത്രമേ ഈ മരുന്ന കഴിക്കേണ്ടതുള്ളൂവെന്നാണ് ഇവര്‍ പറയുന്നത്. ഈ മരുന്നു കഴിച്ചതിനു ശേഷം കഠിനമായ ജോലികളെടുക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും പറയുന്നു. അതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ഈ മരുന്ന് കഴിച്ചതിനു ശേഷം എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ഇതെക്കുറിച്ചുള്ള വിവരസ്രോതസ്സുകളില്‍ പ്രതിപാദിക്കുന്നുണ്ട്. 

ആഴ്ചയില്‍ ഒന്നു വീതം മാത്രമേ ഈ മരുന്ന് കഴിക്കാവൂ. പിന്നീട് ആവശ്യമെങ്കില്‍ മാത്രമേ ആവര്‍ത്തിക്കാവൂ എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ഉപദേശിക്കുന്നത്. ഇത്രയും മുന്‍കരുതലുകള്‍ എടുക്കേണ്ട മരുന്നാണ് നാടിന്റെ എല്ലാ മൂലയിലും മിഠായി വിതരണം നടത്തുന്നതു പോലെ സര്‍ക്കാര്‍ സംവിധാനത്തിലൂടെ നല്‍കിയത്. 

ഒരു പ്രകൃതി ചികിത്സാ ഉപാസകനെന്ന നിലയില്‍, കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കേരളത്തില്‍ പ്രശസ്തരായ പലരെയും ചികിത്സിച്ച പാരമ്പര്യം ജേക്കബ് വടക്കുംചേരിയ്ക്കുണ്ട്. മുന്‍മുഖ്യമന്ത്രിയും നിലവിലെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദനും ഇദ്ദേഹത്തിന്റെ ചികിത്സയിലായിരുന്നു. താന്‍ വിശ്വസിക്കുന്ന ഔഷധ ശാഖയുടെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് അദ്ദേഹത്തിന് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ലോകത്തോട് വിളിച്ചു പറയാനുള്ള വടക്കഞ്ചേരിയുടെ സ്വാതന്ത്ര്യം മൗലികമാണ്. ഭരണഘടന അതിന് എല്ലാവിധ സ്വാതന്ത്ര്യവും നല്‍കുന്നു. അദ്ദേഹം പറയുന്നത് മണ്ടത്തരമാണെങ്കില്‍ അതിനെതിരെ പ്രചാരണം നടത്തി ജനങ്ങളെ ബോധവത്കരിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടായിരുന്നു. അതിനു മുതിരാതെ ആരോഗ്യ മന്ത്രി കെ കെ ശൈലജ നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്തത്.

വടക്കുനോക്കിയന്ത്രം എന്ന പേര് യഥാര്‍ത്ഥത്തില്‍ യോജിക്കുക കേരളത്തിലെ മാര്‍ക്സിസ്റ്റ്കാര്‍ക്കും അതുപോലെ കപട ബുദ്ധിജീവി/മതേതര സാമൂഹ്യപ്രവര്‍ത്തകര്‍ക്കുമാണ്. അവരുടെ വീട്ടുമുന്നില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനം കാണാതെ സദാ വടക്കേ ഇന്ത്യയിലേക്ക് ദൃഷ്ടിയൂന്നി നില്‍ക്കുന്ന ഇവര്‍ക്ക് അര്‍ഹമായ പേരും അത് തന്നെയാണ്. അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്ന ബുദ്ധിജീവി സമൂഹം ജേക്കബ് വടക്കഞ്ചേരിയുടെ അറസ്റ്റില്‍ മൗനത്തിലാണ്. ചില പ്രത്യേക ചേരുവകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരക്കാര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലംഘനം ദൃശ്യമാവുകയുള്ളൂ. അതിലേറ്റവും പ്രധാനമാണ് സംഘപരിവാര്‍ ബന്ധം. അതില്ലാത്തിടത്തോളം കാലം ആര്‍ക്കെന്ത് സംഭവിച്ചാലും ഇവര്‍ക്കൊന്നുമില്ല.

പച്ചയായ പക്ഷപാതം, സമ്മര്‍ദ്ദത്തിലാക്കിയോ പ്രത്യയശാസ്ത്ര വിധേയത്വം മുതലാക്കിയോ മാധ്യമങ്ങളെ സ്വാധീനിക്കുക, അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുക എന്നീ അനീതികള്‍ പരസ്യമായി ചെയ്ത് ഒരു ഫാസിസ്റ്റ് സര്‍ക്കാരിന്റെ എല്ലാ ലക്ഷണങ്ങളും കേരളത്തിലെ സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തുവരുന്നുണ്ട്. ബിജെപിയെ ചൂണ്ടിക്കാണിച്ച് പരിഭ്രാന്തി പരത്തിയാണ് ഇവര്‍ ഇത്തരം കാര്യങ്ങള്‍ ലളിതമായി ചെയ്തെടുക്കുന്നത്.

കേരളം കണ്ട ഏറ്റവും വലിയ പ്രചാരണമാണ് റുബെല്ല പ്രതിരോധകുത്തിവയ്പ്പിനെതിരായി നടന്നത്. ജമാ-അത്തെ ഇസ്ലാമിയുടെയും മറ്റ് മുസ്ലീം സംഘടനകളുടെയും പരസ്യമായ എതിര്‍പ്പ് ഈ യജ്ഞത്തിനെതിരായി ഉണ്ടായി. പല സ്‌കൂളുകളിലും പ്രതിരോധ കുത്തിവയ്പ്പ് ബലപ്രയോഗത്തിലൂടെ തടഞ്ഞ അവസരമുണ്ടായി. മഹല്ലുകളില്‍ കുത്തിവയ്പ്പിനെതിരായ പരസ്യ പ്രചാരണം നടന്നു. മലപ്പുറത്ത് രക്ഷിതാക്കള്‍ക്ക് മുന്നില്‍ ഒരു ഡോക്ടര്‍ക്കു സ്വയം കുത്തിവയ്പ്പ് എടുത്ത് സാക്ഷ്യപ്പെടുത്തേണ്ടി വന്നു. എന്നിട്ടും ആരെയും അറസ്റ്റ് ചെയ്തതായി അറിവില്ല. പേരിന് കേസെടുത്തുവെങ്കിലും ഒന്നിലും വിചാരണയോ കുറ്റപത്രം സമര്‍പ്പിക്കലോ ഉണ്ടായിട്ടില്ല. സംഘടിത മതസമൂഹത്തിനെ പേടിയാണെന്ന് കേരളത്തിലെ ഇടത്-വലത് സര്‍ക്കാരുകള്‍ പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. 

എന്നാല്‍ ഈ പരിഗണനകളൊന്നും വടക്കഞ്ചേരിക്ക് ലഭിച്ചില്ല. കാരണം അദ്ദേഹത്തിന് സംഘടിത വോട്ടുബാങ്കില്ല. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ല. ഉത്തരം മുട്ടുമ്പോള്‍ പിന്നെ ചെയ്യാവുന്ന കാര്യം അറസ്റ്റ് ചെയ്യിക്കുകയെന്നതാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് യാതൊരു വിലയും ഈ സര്‍ക്കാര്‍ കല്‍പ്പിക്കുന്നില്ലെന്ന് ആവര്‍ത്തിച്ചു തെളിയിക്കുകയാണിവിടെ. ബസ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് യുവാവിനെ അറസ്റ്റ് ചെയ്തത് മുന്‍മാധ്യമപ്രവര്‍ത്തക കൂടിയായ എംഎല്‍എയുടെ പരാതിയെ തുടര്‍ന്നാണ്. വസ്തുനിഷ്ഠമായ ഉത്തരങ്ങളിലൂടെ വടക്കഞ്ചേരിയുടെ ആരോപണങ്ങളെ പൊളിക്കാന്‍ ഇവിടത്തെ ആരോഗ്യവകുപ്പിനോ രാഷ്ട്രീയ നേതൃത്വത്തിനോ താതപര്യമില്ല. 

ഇവിടെ ഉരുത്തിരിഞ്ഞു വരുന്നത് അപകടകരമായ പ്രവണതയാണ്. ആരോപണങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ലായെന്ന സന്ദേശം കൂടിയാണ് ഇവിടെ നല്‍കപ്പെടുന്നത്. ഇത് ഈ രംഗത്തെ പല കള്ളനാണയങ്ങള്‍ക്കും സഹായകരമാകും. ന്യൂനപക്ഷ കാര്‍ഡുള്ളതിനാല്‍ അറസ്റ്റ് ചെയ്യപ്പെടില്ലെന്ന ധൈര്യത്തില്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പലരും മുന്നിട്ടിറങ്ങും. 

എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ തന്നെയാണ് ഈ ഇരട്ടത്താപ്പ് കാണിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ ധ്വംസനം എതിരാളികളെ അടിച്ചമര്‍ത്താനുള്ള ആയുധമാക്കി മാറ്റിയാണ് ഈ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇത്തരം നടപടികള്‍ക്ക് ആയുസ്സ് കുറവാണെന്നു രാജ്യത്തെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.