മുഴങ്ങുന്ന വിലാപം സ്ത്രീ സമൂഹത്തിന്റെ

Wednesday 12 September 2018 1:30 am IST
ലൈംഗികാരോപണ വിധേയനായ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജങ്ഷനില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിരാഹാര സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം.

കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത് ഒരു നാണംകെട്ട സംഭവമാണ്. സ്ത്രീസുരക്ഷ ഉറപ്പുവരുത്തുമെന്ന് പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്ന നീക്കങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. പോലീസിന്റെ ഭാഗത്തുനിന്നു നടക്കുന്നത് എന്താണെന്ന് ആലോചിക്കണം. ഡിജിപി പറയുന്നത് അന്വേഷണം അവസാനഘട്ടത്തിലാണെന്നാണ്. നാണമില്ലേ ഇതു പറയാന്‍! അന്വേഷണം അന്ത്യഘട്ടത്തിലായിട്ടും പ്രതിയെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ലല്ലോ. കേട്ടു കേഴ്വിപോലുമില്ലാത്ത കാര്യമാണിത്. ബലാത്സംഗം നടന്നുവെന്ന് ആരോപണമുയരുന്നു. നടന്നോ ഇല്ലയോ എന്നത് പിന്നീടു തീരുമാനിക്കേണ്ട കാര്യമാണ്. അതിന് തെളിവുകള്‍ വേണം. ഇങ്ങനെയുള്ള കേസില്‍ ആദ്യമായി പോലീസ് ചെയ്യേണ്ടത്, പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ പ്രതിയെ അറസ്റ്റു ചെയ്ത് ലൈംഗിക ക്ഷമതാ പരിശോധന നടത്തുകയാണ്. ഈ സംഭവത്തില്‍ അതിനു പോലീസ് തയ്യാറായിട്ടില്ല. പ്രതിക്ക് കോടതിയില്‍ എടുക്കാന്‍ സാധിക്കുന്ന നിലപാട് ലൈംഗിക ശേഷിയില്ല എന്നതാണ്. അങ്ങനെ പ്രതിപറഞ്ഞാല്‍, അതു പരിശോധിക്കാന്‍ കോടതിക്ക് മാര്‍ഗ്ഗമൊന്നുമില്ല. പരിശോധനയ്ക്ക് അയയ്ക്കാന്‍ സാധിക്കില്ല, അത് കോടതിയുടെ പണിയല്ല. 

പ്രഥമ ദൃഷ്ട്യാ ഉള്ള തെളിവുകള്‍ പ്രോസിക്യുഷന്‍ ഹാജരാക്കണം. അങ്ങനെയുള്ളപ്പോള്‍ ആദ്യം ചെയ്യേണ്ടത് പ്രതിയെ ലൈംഗിക ക്ഷമതാ പരിശോധനയ്ക്കു ഹാജരാക്കുകയാണ്. ആശുപത്രിയില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് വാങ്ങി അത് തെളിവിനൊപ്പം കോടതിയില്‍ ഹാജരാക്കണം. ഇതില്ലാതെ ഒരു പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നത് ചിന്തിക്കാന്‍ പറ്റുന്നതല്ല. 

ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ പൊലീസും പ്രതിയുമായിട്ടുള്ള ഒരു കൊടുക്കല്‍ വാങ്ങല്‍ കാണാം. ഇതുവരെ ബിഷപ്പ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിട്ടില്ല. കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് തയ്യാറാവാത്തത്.  മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചാല്‍ ചില ന്യായാധിപന്മാര്‍, ഇതില്‍ മുന്‍കൂര്‍ ജാമ്യം തരാന്‍ പറ്റില്ലെന്നും അന്വേഷണവുമായി സഹകരിക്കാനും പോലീസിന് മുമ്പാകെ ഹാജരാകാനും പറയും. അങ്ങനെ കോടതി നിര്‍ദ്ദേശിച്ചാല്‍ പോലീസിന് പ്രതിയെ അറസ്റ്റുചെയ്യേണ്ടി വരും. അതുകൊണ്ട് പോലീസ് തന്നെ പറയും നിങ്ങള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച് ഞങ്ങളെ പ്രതിക്കൂട്ടിലാക്കരുത്, ഞങ്ങള്‍ക്ക് നിങ്ങളെ അറസ്റ്റുചെയ്യാന്‍ പറ്റില്ല എന്ന്. ഞങ്ങളുടെ കൈയ്ക്ക,് മുകളില്‍ നിന്നു വിലങ്ങ് വെച്ചിരിക്കുകയാണെന്നും പറഞ്ഞേക്കാം. ഇതാണ് ഇന്ന് കേരളത്തില്‍ നടക്കുന്ന നാണംകെട്ട കാര്യം. അറസ്റ്റുചെയ്യാതെ കുറ്റപത്രം കൊടുക്കാന്‍ സാധിക്കും. അതിന് കുഴപ്പങ്ങളില്ല. ഇങ്ങനെയുള്ള കേസുകളില്‍ അത് ചെയ്താല്‍, തനിക്ക് ലൈംഗിക ശേഷിയില്ലെന്ന വാദത്തിലൂടെ പ്രതിക്കു രക്ഷപെട്ട് പോകാന്‍ കഴിയും. അങ്ങനെ പോകേണ്ടതാണോ ഈ കേസ് എന്ന് നമ്മള്‍ ആലോചിക്കണം. ഇരയായത് ഭരണത്തിലിരിക്കുന്ന ഒരാളുടെ സഹോദരിയോ, മകളോ ആണെന്നിരിക്കട്ടെ. അല്ലെങ്കില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മകളോ സഹോദരിയോ ആണെന്നിരിക്കട്ടെ. എന്താവും സംഭവിക്കുക ? 

 ഇതിനെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും പ്രതികരിക്കുന്നില്ല. പക്ഷേ, പൊതുജനങ്ങള്‍ പ്രതികരിക്കണം. കാരണം ഇവര്‍ പറഞ്ഞാല്‍ ആരൊക്കെയോ തങ്ങള്‍ക്ക് വോട്ട് നല്‍കുമെന്നാണ് പാര്‍ട്ടികളുടെ ചിന്താഗതി. അതൊക്കെ പണ്ടത്തെ കാര്യമല്ലേ. അച്ചന്മാരോ, ബിഷപ്പുമാരോ ഇന്ന പാര്‍ട്ടിക്ക് വോട്ടുകൊടുക്കണമെന്ന് പറഞ്ഞാല്‍ ദൈവഭയം വെച്ച് വോട്ടുചെയ്തവര്‍ ഉണ്ടായിരുന്നിരിക്കാം. ഇന്നത്തെക്കാലത്ത് വിവരമുള്ള, സാക്ഷരതയുള്ള ജനങ്ങളാരും ഇവര്‍ പറയുന്നത് കേട്ട് വോട്ടുചെയ്യില്ല. അത്ര പോലും ചിന്തിക്കാനുള്ള ബുദ്ധിയില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുള്ള സംസ്ഥാനം എങ്ങനെ നന്നാവും? ് തിരുവസ്ത്രം അണിഞ്ഞ കന്യാസ്ത്രികള്‍ സമരം ചെയ്തു സഭയെ അപമാനിക്കുകയാണ് എന്നാണ് ചിലരുടെ വാദം. അപ്പോള്‍, തിരുവസ്ത്രം അണിഞ്ഞുകൊണ്ട് പീഡനം നടത്തുന്നതിന് കുഴപ്പമില്ലേ? 

സന്ന്യാസിനികള്‍ പ്രതികരിക്കാനെടുത്ത തീരുമാനം പ്രശംസനീയമാണ്. ഇതുപൊലെ ദുരുതമനുഭവിക്കുന്ന ഒട്ടേറെ സ്ത്രീകള്‍ സമൂഹത്തിലുണ്ട്. അവര്‍ക്കൊക്കെ വഴികാട്ടിയാണ്, ഇരയെന്ന് വിളിക്കപ്പെടുന്ന ഈ കന്യാസ്ത്രീ. ഇവരുടെ കണ്ണുനീര്‍ സമൂഹത്തിന്റെ മുകളില്‍ വീഴുന്ന ചോരപ്പാടുകളായി കണക്കാക്കപ്പെടണം. ഇവരുടെ വിലാപം സമൂഹത്തിലെ മൊത്തം സ്ത്രീകളുടെയും വിലാപമാണ്. ഇവര്‍ സംരക്ഷിക്കപ്പെടണം. അതിന് പുരുഷ സമൂഹത്തിനു മുഴുവനും ബാധ്യതയുണ്ട്. 

പോപ്പിനോട് ചോദിച്ചിട്ട് ചെയ്യാമെന്നും അതും പറ്റിയില്ലെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റിനെ ചോദ്യം ചെയ്യണമെന്നും വരെ സര്‍ക്കാര്‍ പറയും. ഇത്തരം വൃത്തികേടുകള്‍ ജനങ്ങള്‍ കാണുന്നുണ്ടെന്നു സര്‍ക്കാര്‍ മനസിലാക്കണം. ഇത് സഭയ്‌ക്കെതിരെയുള്ള പ്രതിഷേധമല്ല. ബിഷപ്പ് സഭയുടെ തലവനായിരിക്കാം. പക്ഷേ സഭ വേറെയാണ്. ഇത് ഒരു ബിഷപ്പിനെതിരെ മാത്രമാണ്. ബിഷപ്പിന്റെ പിടിപാടും സമ്പത്തും ഉപയോഗിച്ച് സിംഹാസനത്തില്‍ ഇരിക്കാമെന്നാണു ചിന്തയെങ്കില്‍ അത് നിയമത്തിനും നിയമ വാഴ്ച്ചയ്ക്കുമെതിരെയുള്ള വെല്ലുവിളിയായി വേണം കണക്കാക്കാന്‍. നിയമത്തെ ആക്ഷേപിക്കുന്നതിന് തുല്യമാണത്. ബിഷപ്പിനെ അറസ്റ്റുചെയ്തു നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. തെളിവുകളെല്ലാം ശേഖരിച്ച ശേഷം സന്ന്യാസിനിയെ അപമാനിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണിന്ന്്. ഇത് സ്ത്രീകളുടെ അതിജീവനത്തിന്റെ സമരമാണ്.  

 

 

 

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.