ഇന്നും മന്ത്രിസഭായോഗമില്ല; അസാധാരണ ഭരണസ്തംഭനം

Wednesday 12 September 2018 1:33 am IST
സംസ്ഥാനത്ത് ആദ്യമായാണ് മുഖ്യമന്ത്രി ചുമതല കൈമാറാതെ ഇത്രയും നാള്‍ വിദേശത്തേക്ക് പോകുന്നത്. കെ.കരുണാകരന്‍ മുഖ്യമന്ത്രി ആയിരിക്കെ വിദേശത്തേക്ക് പോയപ്പോള്‍ മന്ത്രി സി.വി.പത്മരാജന് ചുമതല കൈമാറിയിരുന്നു. ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ചുമതല കൈമാറാത്തത് ആഭ്യന്തര വകുപ്പിനെയും കുഴപ്പത്തിലാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് അസാധാരണ ഭരണസ്തംഭനം. ഇന്നും മന്ത്രിസഭായോഗം ചേരില്ല. രണ്ടാഴ്ച തുടര്‍ച്ചയായി  മന്ത്രി സഭായോഗം ചേരാത്തത് സംസ്ഥാന  ചരിത്രത്തില്‍ അപൂര്‍വ്വം. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് എത്തിയശേഷം മന്ത്രിസഭാ യോഗം ചേര്‍ന്നാല്‍ മതിയെന്നാണ്  തീരുമാനം. എന്നാല്‍ ഭരണസ്തംഭനമില്ലെന്നവകാശപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ പത്രക്കുറിപ്പ് ഇറക്കി.

എല്ലാ ബുധനാഴ്ചകളിലുമാണ് മന്ത്രിസഭാ യോഗം.  രണ്ടാഴ്ചയായി മന്ത്രിസഭ വിളിച്ചു ചേര്‍ത്തിട്ടില്ല. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയക്ക് പോയപ്പോള്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജനെ മന്ത്രിസഭാ അധ്യക്ഷനാക്കി ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച അജണ്ട ഇല്ലെന്ന ന്യായം പറഞ്ഞ് മന്ത്രി സഭ വിളിച്ചു ചേര്‍ത്തില്ല. നാളെയും മന്ത്രിസഭാ യോഗം വിളിച്ചിട്ടില്ല. ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടുമില്ല. താന്‍ ചികിത്സ കഴിഞ്ഞ് എത്തിയ ശേഷം മന്ത്രി സഭായോഗം വിളിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി തന്നെ നിര്‍ദേശിച്ചു എന്നാണ് സൂചന.

സംസ്ഥാനത്ത് ആദ്യമായാണ് മുഖ്യമന്ത്രി ചുമതല കൈമാറാതെ ഇത്രയും നാള്‍ വിദേശത്തേക്ക് പോകുന്നത്. കെ.കരുണാകരന്‍ മുഖ്യമന്ത്രി ആയിരിക്കെ  വിദേശത്തേക്ക് പോയപ്പോള്‍  മന്ത്രി സി.വി.പത്മരാജന് ചുമതല കൈമാറിയിരുന്നു. ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ചുമതല കൈമാറാത്തത് ആഭ്യന്തര വകുപ്പിനെയും കുഴപ്പത്തിലാക്കിയിട്ടുണ്ട്. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭാ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കേണ്ട സമയമാണ്. പ്രളയദുരത്തില്‍ കേന്ദ്രത്തിന് സമര്‍പ്പിക്കേണ്ട കണക്കുകള്‍ തയ്യാറാകാത്തതിനാല്‍ ഇന്നു ചേരുന്ന കേന്ദ്ര ദുരന്ത നിവാരണ യോഗത്തില്‍ കേരളത്തെ പരിഗണിക്കില്ല. എലിപ്പനിയും ഡെങ്കിപ്പനിയും അടക്കമുള്ള പകര്‍ച്ചവ്യാധികളും പടരുന്നുണ്ട്. സ്‌കൂള്‍ കലോത്സവവും മേളകളും നടത്തുമെന്ന് പറയുമ്പോഴും അത് എങ്ങനെ വേണം എന്ന് തീരുമാനിക്കണം. സ്‌കൂള്‍ പരീക്ഷകള്‍ അര്‍ധവാര്‍ഷിക പരീക്ഷയാക്കി മാറ്റാനുള്ള ആലോചനയിലും  തീരുമാനം എടുക്കാന്‍ മന്ത്രിസഭ ചേരണം.  ദുരിതാശ്വാസ കണക്കെടുപ്പിന്റെ മാനദണ്ഡം പോലും കൃത്യമായി തീരുമാനിച്ചിട്ടില്ല. മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വവും തുടരുകയാണ്. 

ഇതിനിടെ മന്ത്രിമാര്‍ പരസ്പരവും വകുപ്പ് സെക്രട്ടറിമാരും മന്ത്രിമാരും തമ്മിലും ഉള്ള അസ്വാരസ്യങ്ങള്‍ പരസ്യമാകുന്നുണ്ട്. മന്ത്രി വി.എസ്.സുനില്‍കുമാറും അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനുമായുള്ള ഏറ്റുമുട്ടല്‍ ഇതിന്റെ ഭാഗമാണ്. ആലപ്പുഴയില്‍ മന്ത്രി ജി.സുധാകരനും ഐസക്കും പരസ്പരം കൊമ്പുകോര്‍ത്തു. ആഘോഷങ്ങള്‍ വേണ്ടെന്നുവച്ച പൊതുഭരണ വകുപ്പിന്റെ ഉത്തരവിനെതിരെ ടൂറിസം, സാസ്‌കാരിക, വിദ്യാഭ്യാസ മന്ത്രിമാര്‍ തന്നെ രംഗത്തെത്തി. മന്ത്രിസഭയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള പടലപ്പിണക്കവും ശക്തമായുണ്ട്. തങ്ങള്‍പോലും അറിയാതെ വകുപ്പുകളുടെ കാര്യങ്ങള്‍ വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയും ചര്‍ച്ചചെയ്ത് തീരുമാനിക്കുന്നുവെന്നതില്‍ പല മന്ത്രിമാരും അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.