വിപ്ലവം ചോര്‍ന്ന് സിപിഐ

Wednesday 12 September 2018 1:41 am IST

തിരുവനന്തപുരം : സിപിഐയുടെ നിലപാട് മാറ്റത്തില്‍ അമ്പരന്ന് അണികള്‍.മുഖ്യമന്ത്രിയുടെ ശൈലി നന്നായി, സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവം മാറി, പോലീസാവട്ടെ നല്ല നടപ്പിലും. എന്നൊക്കെയാണ് സിപിഐ ഇപ്പോള്‍ പറയുന്നത്.

 സിപിഐയുടെ പഴയ വിപ്ലവവീര്യം എവിടെയെന്നാണ് അണികളുടെ ചോദ്യം. മന്ത്രിസഭ കൂടിയില്ലെങ്കിലും മന്ത്രിസഭയില്‍ എന്തു തീരുമാനമെടുത്താലും തങ്ങള്‍ പ്രതിഷേധത്തിനില്ലെന്നാണ് ഇപ്പോള്‍ സിപിഐ നിലപാട്. ഉദ്യോഗസ്ഥര്‍ പാര്‍ട്ടി മന്ത്രിമാരെ  അവഹേളിച്ചാലും പ്രതിഷേധമില്ല. ശശിയ്‌ക്കെതിരെയുള്ള പരാതി സിപിഎമ്മിന്റെ ആഭ്യന്തരപ്രശ്‌നം. ബിഷപ്പിനെതിരായ പരാതി നീളുന്നത് പോലീസിന്റെ അന്വേഷണ ത്വര കൊണ്ട്. ഇങ്ങനൊക്കെയാണ് ഇപ്പോള്‍ സിപിഐ പറയുന്നത്.

സിപിഎമ്മിനും സര്‍ക്കാരിന്റെ നയവൈകല്യങ്ങള്‍ക്കും ചില തീരുമാനങ്ങള്‍ക്കും എതിരെ കര്‍ശന  നിലപാട് എടുത്തിരുന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ മലക്കം മറിഞ്ഞത്.

മന്ത്രിസഭായോഗം നടക്കാതിരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അതില്‍ അസാധാരണത്വമില്ലെന്നാണ് ഇപ്പോള്‍ പാര്‍ട്ടി നിലപാട്. മന്ത്രിസഭായോഗം ചേരാന്‍ പ്രത്യേക അജണ്ടയില്ലാത്തതുകൊണ്ടാവും എന്നാണ് കാനം പറയുന്നത്. താന്‍ വന്നിട്ടു മതി മന്ത്രിസഭായോഗം എന്ന മുഖ്യമന്ത്രിയുടെ കര്‍ശനനിര്‍ദേശം അറിയാതെയല്ല ഈ നിലപാട്. കെപിഎംജിയെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള കണ്‍സള്‍ട്ടന്‍സിയാക്കിയത് പരിശോധിക്കണമെന്ന  ആവശ്യം വന്നപ്പോള്‍  അത് ക്യാബിനറ്റ് തീരുമാനം ആണെന്നും അതില്‍  പാര്‍ട്ടി ഇടപെടാറില്ലെന്നുമാണ് സിപിഐയുടെ വാദം. റവന്യു മന്ത്രിക്ക് അപ്രിയനായ റവന്യു സെക്രട്ടറി പി.എച്ച്. കുര്യന്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിനെ അവഹേളിച്ചതിലും കാനത്തിന് പരാതിയില്ല. അത് സര്‍ക്കാര്‍ രമ്യമായി പരിഹരിക്കും. റവന്യുസെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഐക്കും കാനത്തിനും കുര്യന്‍ ഇപ്പോള്‍ പ്രിയപ്പെട്ടവനായി. സിപിഐ ഒരിക്കലും റവന്യുസെക്രട്ടറിക്കെതിരെ പരാതി പറഞ്ഞിട്ടില്ലെന്നും എല്ലാം മാധ്യമസൃഷ്ടിയാണെന്നുമായി. സിപിഐയുടെ മുഖപത്രമായ ജനയുഗത്തില്‍ ബിഷപ്പിനെതിരായ പോലീസ് അന്വേഷണത്തിന് വേഗം പോരെന്ന് വിമര്‍ശനമുയര്‍ന്നതും പി.എച്ച്. കുര്യന് മാഫിയകളുടെ സ്വരമാണെന്നുമുള്ള നിലപാടുകളും കാനവും പാര്‍ട്ടിയും വിഴുങ്ങി. 

സിപിഎം മുന്നോട്ടുവച്ച് ചീഫ് വിപ്പ് സ്ഥാനവും  ലോക്‌സഭാതെരഞ്ഞെടുപ്പില്‍ അര്‍ഹമായ സീറ്റുകള്‍ നല്‍കാം എന്ന വാഗ്ദാനം നല്‍കിയും  ചില വകുപ്പുകളില്‍ ചില സിപിഐ നേതാക്കളുടെയും മക്കളുടെയും അവിഹിതമായി ഇടപെടല്‍ ചൂണ്ടിക്കാട്ടിയും  സിപിഎം സിപിഐയുടെ വായടപ്പിച്ചുവെന്നാണ് ആക്ഷേപം. അടുത്തിടെ പ്രമുഖ നേതാവിന്റെ മകന്‍ സിപിഐയുടെ വകുപ്പില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതിന്റെ വിവരങ്ങള്‍ സിപിഎം ശേഖരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.