ശശിക്കെതിരെ പരാതിയില്‍ ഉറച്ച് യുവതി

Wednesday 12 September 2018 1:44 am IST

പാലക്കാട്:  സിപിഎം നേതാവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ  പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി പരാതിക്കാരി. കഴിഞ്ഞദിവസം പാര്‍ട്ടിതല അന്വേഷണ കമ്മീഷന്‍ പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. ശശിക്കെതിരെ സംഘടനാ നടപടി വേണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. കമ്മീഷന്‍ അംഗം പി.കെ.ശ്രീമതിയാണ് ഫോണിലൂടെ പരാതിക്കാരിയുടെ മൊഴിയെടുത്തത്. അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റിക്ക് ഉടന്‍ കൈമാറും. മന്ത്രി എ.കെ.ബാലനാണ് ശശിയുടെ മൊഴിയെടുത്തത്. പരാതിക്കാരി നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ ശശിക്കെതിരെ  കടുത്ത നടപടി ശുപാര്‍ശ ചെയ്യാനാണ് സാധ്യത.

ഈ മാസം 25 ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കമ്മീഷന്  നിര്‍ദ്ദേശം നല്‍കി. സംഘടനാ നടപടിവേണമെന്ന ആവശ്യത്തില്‍ വനിതാ ഡിവൈഎഫ്‌ഐ നേതാവ് ഉറച്ചു നില്‍ക്കുന്നതിനാല്‍ ശശിക്കെതിരെ സംഘടനാതല നടപടിയുണ്ടാവും. ശശി കുറ്റക്കാരനെങ്കില്‍ സിപിഎം കേന്ദ്രനേതൃത്വവും കര്‍ശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. ജില്ലയില്‍ പാര്‍ട്ടിക്കകത്തെ വിഭാഗീയത രൂക്ഷമായതിനാല്‍ ശശിക്കെതിരെ നടപടിയെടുക്കുന്നതിനായി എതിര്‍വിഭാഗവും സമര്‍ദ്ദം ചെലുത്തുന്നുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതൃത്വം ശശിയോട് രാജി ആവശ്യപ്പെടാനും സാധ്യതയുണ്ട്. 

അതേസമയം കേസൊതുക്കി തീര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും നടപടിയുണ്ടായേക്കും.  പരാതി ഒതുക്കാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറിക്കും മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റിയിലെ രണ്ട് അംഗങ്ങള്‍ക്കും മഹിളാ അസോസിയേഷന്‍ നേതാക്കളില്‍ ചിലര്‍ക്കുമെതിരെ നടപടിയുണ്ടാവും.ഇവരില്‍ പലരും ശശിയുടെ പിന്തുണയാല്‍ ചുമതലയില്‍ എത്തിയവരാണ്.പരാതിക്കാരിയോടും മറ്റുജില്ലാനേതാക്കളോടും പരാതിയുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങള്‍ പുറത്തുവിടരുതെന്ന കര്‍ശന നിര്‍ദേശവും സംസ്ഥാന നേതൃത്വം നല്‍കിയതായി പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.