സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി; മെഡി. ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി

Thursday 13 September 2018 5:09 am IST
കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 150 വിദ്യാര്‍ഥികളെയും കരുണ മെഡിക്കല്‍ കോളേജിലെ 30 വിദ്യാര്‍ഥികളെയും എത്രയും വേഗം പുറത്താക്കണമെന്ന് ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി ഏപ്രില്‍ 5ന് ഉത്തരവിട്ടിരുന്നു.

ന്യൂദല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥി പ്രവേശനം സാധൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും അധികാരങ്ങളില്‍ കൈകടത്തുന്നതാണ് വിവാദ ഓര്‍ഡിനന്‍സ് എന്നും കോടതി കുറ്റപ്പെടുത്തി.

കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 150 വിദ്യാര്‍ഥികളെയും കരുണ മെഡിക്കല്‍ കോളേജിലെ 30 വിദ്യാര്‍ഥികളെയും എത്രയും വേഗം പുറത്താക്കണമെന്ന് ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി ഏപ്രില്‍ 5ന് ഉത്തരവിട്ടിരുന്നു. പ്രവേശനത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 180 പേരെ പുറത്താക്കിയത് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രവേശന മേല്‍നോട്ട സമിതിയാണ്. ഇതിനെതിരെ കോളേജുകള്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും പ്രവേശനം ക്രമവിരുദ്ധമാണെന്ന് കോടതികളും വിധിയെഴുതി. ഇതേ തുടര്‍ന്നാണ് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടികള്‍ ക്രമപ്പെടുത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. 

കോടികളുടെ അഴിമതിയാണ് ഓര്‍ഡിനന്‍സിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് സുപ്രീംകോടതി ഓര്‍ഡിനന്‍സ് ഇറക്കിയ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് സ്‌റ്റേ പുറത്തിറക്കുകയായിരുന്നു. ഇന്നലെ ഓര്‍ഡിനന്‍സ് പൂര്‍ണമായും റദ്ദാക്കി ഉത്തരവും ഇറങ്ങി. സുപ്രീംകോടതി വിധി മറികടക്കുന്നതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സര്‍ക്കാരിന്റെ നടപടി അനുചിതമാണെന്നും കോടതിയുടെ അധികാരങ്ങള്‍ അസാധുവാക്കാന്‍ നിയമ നിര്‍മാണ സഭയ്ക്ക് കഴിയില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

വന്‍ തുക വാങ്ങിയാണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതെന്നും സിബിഐ അന്വേഷണം ആവശ്യമാണെന്നും അഭ്യര്‍ഥിച്ചുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേസ് കഴിഞ്ഞ ദിവസം പരിഗണിക്കവേ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്തിമ വിധിയില്‍ ഇതേപ്പറ്റി പരാമര്‍ശമില്ലെങ്കിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആര്‍ക്കും കോടതിയെ സമീപിക്കാനാവും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.