പത്തനംതിട്ടയിലും ആലപ്പുഴയിലും ഭൂചലനം

Wednesday 12 September 2018 12:24 pm IST

ചാരുംമൂട്: ആലപ്പുഴ-പത്തനംതിട്ട ജില്ലകളില്‍ നേരിയ ഭൂചലനം. ഭൂചലനത്തില്‍ അന്‍പതോളം വീടുകള്‍ക്ക് വിള്ളല്‍ വീണു. ആലപ്പുഴ ജില്ലയിലെ പാലമേല്‍ കഞ്ചുകോട്ടും പത്തനംതിട്ടയിലെ പള്ളിക്കല്‍ പഞ്ചായത്തിലുമാണ് ഭൂചലനം. ഇന്നലെ രാവിലെ 10ന് പല ഭാഗങ്ങളിലും ഭൂമിക്കടിയില്‍ വലിയ ശബ്ദം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജനങ്ങള്‍ വീടുവിട്ട് ഓടി.

  രാവിലെ 10.26ന് വന്‍ ശബ്ദത്തോടയായിരുന്നു ഭൂചലനമുണ്ടായതെന്നു വീട്ടുകാര്‍ പറഞ്ഞു. പാലമേല്‍ കഞ്ചുകോട് പുതുപ്പറമ്പില്‍ വടക്കേക്കര കൃഷ്ണന്‍കുട്ടിയുടെ വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് ഇളകി മാറി, അടുക്കളയിലെ തൂണ് പൊട്ടി. രമ്യാഭവനം തുളസീധരന്‍, നിഖില്‍ ഭവനം സ്മിത നന്ദകുമാര്‍, മഞ്ഞിവെട്ടി അനസ്, അയ്യത്തിന്റെ തെക്കേതില്‍ സദാനന്ദന്‍, തറയില്‍ നൂറുദ്ദീന്‍, രാജേഷ് ഭവനം രാമകൃഷ്ണന്‍, പുത്തന്‍വിളയില്‍ സേതുനാഥന്‍, പുതുപറമ്പില്‍ പടീറ്റതില്‍ ലളിതാ ഭായി, തെങ്ങും തറയില്‍ അശോകന്‍ എന്നിവരുടെ വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.

  പള്ളിക്കല്‍ പഞ്ചായത്തിലെ പ്ലാവിളയില്‍ ജമീലാ ബീവി, മലയില്‍ ഇസ്മായില്‍, പ്ലാവിള പടീറ്റതില്‍ റസോക്കുട്ടി, പ്ലാവിള ഇബ്രാഹിം എന്നിവരുടെ വീടുകളില്‍ വലിയ വിള്ളലാണു സംഭവിച്ചത്. പളളിക്കല്‍ പതിനാലാംമൈല്‍, പഴകുളം, കുരമ്പാല തെക്ക്, തണ്ടാനുവിള, കുടശ്ശനാട് മേഖലകളിലും പല വീടുകള്‍ക്കും നാശം സംഭവിച്ചു.  ചെറുചലനങ്ങള്‍ക്ക് തുടര്‍ന്നും സാധ്യതയുള്ളതായും സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. 

  ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഭൂചലനം അനുഭവപ്പെട്ട മേഖലകള്‍ വന്‍തോതില്‍ മലയിടിച്ച് മണ്ണ് നീക്കം ചെയ്ത പ്രദേശങ്ങളാണ്. വീണ്ടും ഭൂചലനം ഉണ്ടാകുമെന്ന ഭീതിയില്‍ കഴിയുകയാണ് പ്രദേശവാസികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.