കന്യാസ്ത്രീയെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞ് പി.സി

Wednesday 12 September 2018 2:12 pm IST
ഒരു സ്ത്രീയും അത്തരത്തിലുള്ള വിളി കേള്‍ക്കാന്‍ താല്‍പര്യപ്പെടില്ലെന്ന് മനസ്സിലാക്കുന്നുവെന്നും ഒരു സ്ത്രീയ്ക്ക് എതിരെയും അത്തരം പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ അപഹസിക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നതായി പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്. കന്യാസ്ത്രീക്കെതിരായി മോശം പരാമര്‍ശം നടത്തിയത് തെറ്റായിപ്പോയെന്നും പി സി അറിയിച്ചു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പി സിയുടെ മാപ്പപേക്ഷ.

കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ചത് താന്‍ പിന്‍വലിക്കുന്നുവെന്നും ആ വാക്ക് ഉപയോഗിച്ചത് തെറ്റായിപ്പോയെന്നും പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്ത്രീയും അത്തരത്തിലുള്ള വിളി കേള്‍ക്കാന്‍ താല്‍പര്യപ്പെടില്ലെന്ന് മനസ്സിലാക്കുന്നുവെന്നും ഒരു സ്ത്രീയ്ക്ക് എതിരെയും അത്തരം പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.

കന്യാസ്ത്രീയ്ക്ക് എതിരെ താന്‍ അത്തരമൊരു വാക്ക് ഉപയോഗിച്ചത് വൈകാരികമായിട്ടായിരുന്നു. ആ വാക്കുണ്ടാക്കുന്ന വേദന താന്‍ തിരിച്ചറിയുന്നു. ആ പദം ഒഴികെ ബാക്കി താന്‍ അവര്‍ക്കെതിരെ പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ച്‌ നില്‍ക്കുകയാണ് എന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

അവരെ താന്‍ കന്യാസ്ത്രീയായി കൂട്ടുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. ജലന്ധര്‍ ബിഷപ്പിന്റെ പക്കല്‍ നിന്നും പണം വാങ്ങിയാണ് പിസി ജോര്‍ജ് മോശം പരാമര്‍ശം നടത്തിയത് എന്ന ആരോപണം എംഎല്‍എ തള്ളിക്കളഞ്ഞു. താന്‍ ആരുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് പിസി പറഞ്ഞു.

തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മിഷന്‍ ഇതുവരെ തനിക്ക് നോട്ടീസ് അയച്ചിട്ടില്ലെന്ന് പറഞ്ഞ പി സി നോട്ടീസ് ലഭിച്ചതിന് ശേഷം അതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുമെന്നും വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം കോട്ടയം പ്രസ് ക്ലബ്ബില്‍ വെച്ച്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിസി ജോര്‍ജ് കന്യാസ്ത്രീയെ അപമാനിച്ചത്. കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളേയും എംഎല്‍എ അധിക്ഷേപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.