ബ്രിഷപ് ഫ്രാങ്കോ: വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്കാ കൗണ്‍സില്‍

Wednesday 12 September 2018 6:24 pm IST

കൊച്ചി : ആരോപണമുയര്‍ന്നപ്പോള്‍ത്തന്നെ ബിഷപ് പദവിയില്‍നിന്ന് മാറിനിന്ന് അന്വേഷണം നേരിടണമായിരുന്നുവെന്ന് ലത്തീന്‍ കത്തോലിക്കാ കൗണ്‍സില്‍ കേരള മേഖല പ്രസ്താവിച്ചു. വ്യക്തിപരമായി തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളും സഭയ്ക്കെതിരായിട്ടുള്ളതെന്ന ബിഷപ് ഫ്രാങ്കോയുടെ വാദം ശരിയല്ലെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും വക്താവുമായ ഷാജി ജോര്‍ജ് പറഞ്ഞു. 

സഭാ പിതാവെന്ന നിലയില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മ്മികബോധവും നീതിബോധവും വിശ്വാസസ്ഥൈര്യവുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അതാകട്ടെ തികച്ചും വ്യക്തിപരമായ ആരോപണങ്ങള്‍തന്നെയാണ്. അത്തരം ആരോപണമുണ്ടാകുമ്പോള്‍ സഭയുടെ ഉന്നതസ്ഥാനീയര്‍ പുലര്‍ത്തേണ്ട ധാര്‍മ്മിക നടപടികളാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. 

ഇക്കാര്യത്തില്‍ ഞാനാണ് സഭ എന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. അത് കത്തോലിക്കാസഭയുടെ പഠനങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും വിരുദ്ധമാണ്. ഞാന്‍ രാജിവയ്ക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന ബിഷപ് ഫ്രാങ്കോയുടെ പ്രസ്താവന വളരെ നേരത്തെതന്നെ നടപ്പാക്കേണ്ടിയിരുന്ന കാര്യമാണ്. സഭാവിശ്വാസികള്‍ക്ക് അപമാനവും ഇടര്‍ച്ചയുമുണ്ടാകുന്ന നടപടികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതില്‍ സഭയെ എതിര്‍ക്കുന്ന കക്ഷികളുടെ ഗൂഢാലോചനയുമുണ്ടാകാം. 

എന്നാല്‍ അതൊന്നും സംഭവിക്കാതിരിക്കാന്‍ ആരോപണമുയര്‍ന്നപ്പോള്‍തന്നെ മാറിനിന്ന് അന്വേഷണവുമായി സഹകരിച്ചിരുന്നെങ്കില്‍ ബിഷപ് ഫ്രാങ്കോ പൊതുസമൂഹത്തില്‍ ഏറെ അംഗീകരിക്കപ്പെടുമായിരുന്നുവെന്ന് ഷാജി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.