പകല്‍ തയ്യല്‍ക്കാരന്‍; രാത്രിയില്‍ കൊലയാളി ആദേശിന്റെ ഇരകള്‍ ട്രക്ക് ഡ്രൈവര്‍മാര്‍

Wednesday 12 September 2018 6:35 pm IST
മര്യാദക്കാരനും കഠിനാധ്വാനിയുമായ ആദേശിന്റെ അറസ്റ്റ്, അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനാവുന്നില്ല. രമണ്‍ രാഘവ്, സുരേന്ദ്ര കോലി തുടങ്ങി ഇന്ത്യയിലെ സുപ്രസിദ്ധ 'സീരിയല്‍ കില്ലര്‍'മാരുടെ പട്ടികയിലാണ് ആദേശ് ഖമ്രയുടെ സ്ഥാനമിപ്പോള്‍.

ഭോപ്പാല്‍: പകലത്രയും ഭോപ്പാലിലെ തന്റെ കൊച്ചുകടയില്‍ തയ്യല്‍പ്പണിയില്‍ വ്യാപൃതനാണ് ആദേശ് ഖമ്ര. പക്ഷേ നേരമിരുട്ടിയാല്‍ ഇയാള്‍ കൊലയാളിയാവും. ആദേശ് ഇതിനകം കൊന്നൊടുക്കിയത് 33 പേരെ. കൊല്ലുന്നതാവട്ടെ ട്രക്ക് ഡ്രൈവര്‍മാരെ അല്ലെങ്കില്‍ അവരുടെ സഹായികളെ മാത്രം. കഷ്ടത നിറഞ്ഞ ജീവിതത്തില്‍ നിന്ന് അവര്‍ക്ക് മുക്തി നല്‍കുകയാണ് കൊലയുടെ ലക്ഷ്യമെന്ന് ആദേശ് പറയുന്നു. 

മര്യാദക്കാരനും കഠിനാധ്വാനിയുമായ ആദേശിന്റെ അറസ്റ്റ്, അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനാവുന്നില്ല. രമണ്‍ രാഘവ്, സുരേന്ദ്ര കോലി തുടങ്ങി ഇന്ത്യയിലെ സുപ്രസിദ്ധ 'സീരിയല്‍ കില്ലര്‍'മാരുടെ പട്ടികയിലാണ് ആദേശ് ഖമ്രയുടെ സ്ഥാനമിപ്പോള്‍.  

മധ്യപ്രദേശിലെ മന്‍ഡിദ്വീപ് സ്വദേശിയാണ് 48കാരനായ ആദേശ്. കഴിഞ്ഞ ആഴ്ചയാണ് ഇയാള്‍ പോലീസ് പിടിയിലായത്. അറസ്റ്റു നടന്ന ആഴ്ചയിലും ഒരൊറ്റ രാത്രയില്‍ മൂന്നുപേരെ വകവരുത്തിയതായി ആദേശ് മൊഴി നല്‍കി. യുപിയിലെ സുല്‍ത്താന്‍പൂരിലെ കാട്ടില്‍ നിന്ന് മൂന്നു ദിവസത്തെ ദൗത്യത്തിനൊടുവില്‍, ഭോപ്പാല്‍ സിറ്റി വനിതാ എസ്പി ബിട്ടു ശര്‍മയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. ഇത്രയും വലിയൊരു കൊലയാളിയെയാണ് പിടികൂടിയതെന്ന് അറസ്റ്റു നടക്കും വരെയും തങ്ങള്‍ക്കറിയില്ലായിരുന്നുവെന്ന് ബിട്ടു ശര്‍മയും അവര്‍ക്കൊപ്പം അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന എസ്പി രാഹുല്‍ കുമാറും പറയുന്നത്. 

2010-ല്‍ അമരാവതിയിലാണ് കൊലപാതക പരമ്പരയ്ക്ക് തുടക്കം. അടുത്തത് മഹാരാഷ്ട്രയിലെ നാസിക്കില്‍. തുടര്‍ന്ന് യുപിയിലും ബീഹാറിലുമെല്ലാം ഇയാള്‍ ഇരതേടിയിറങ്ങിയിട്ടുണ്ട്. മദ്യവും മയക്കു മരുന്നും നല്‍കി കീഴ്‌പ്പെടുത്തിയ ശേഷമാണ് ട്രക്ക് ഡ്രൈവര്‍മാരെ വകവരുത്തുന്നത്. ഇയാള്‍ കൊല നടത്തുമ്പോള്‍ കൂട്ടാളികള്‍, വാഹനങ്ങളിലെ ചരക്കുകള്‍ കൊള്ളയടിക്കും. കഴുത്തില്‍ കുരുക്കിട്ടാണ് കൊല. ചിലപ്പോഴെല്ലാം വിഷം നല്‍കിയും. തെളിവുകള്‍ അവശേഷിപ്പിക്കാതിരിക്കാന്‍ ഇരയുടെ ശരീരത്തില്‍ നിന്ന് വസ്ത്രങ്ങങ്ങള്‍ അഴിച്ചുമാറ്റും. മൃതദേഹം കലുങ്കിലോ, കുന്നിന്‍മുകളിലെ റോഡരികിലോ തള്ളും.  

അമ്മാവന്‍ അശോക് ഖമ്രയാണ് കൊലപാതക പരമ്പരയില്‍ ആദേശിന് 'മാതൃക'. 2010ലാണ് അശോക് ഖമ്ര അറസ്റ്റിലായത്. ട്രക്ക് ഡ്രൈവര്‍മാരെയാണ് ഇയാളും കൊലപ്പെടുത്തിയിരുന്നത്. അതും ഒന്നും രണ്ടുമല്ല, നൂറിലേറെപ്പേരെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.