ശബരിമല തീര്‍ഥാടനകാലത്ത് പമ്പയില്‍ താല്‍ക്കാലിക വിരിസംവിധാനം

Thursday 13 September 2018 5:33 am IST

പത്തനംതിട്ട: പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ രാമമൂര്‍ത്തി മണ്ഡപത്തിന്റെ ഭാഗം മണലിട്ട് നിരത്തി ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് താല്‍ക്കാലിക വിരിസംവിധാനം ഒരുക്കും. പ്രളയത്തില്‍ പമ്പാമണല്‍പ്പുറത്തും ത്രിവേണിയിലും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ പമ്പയില്‍ തീര്‍ഥാടകര്‍ക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് കഴിയില്ല. നിലയ്ക്കലിനെ ബേസ്‌ക്യാമ്പാക്കി നിലനിര്‍ത്തിക്കൊണ്ടുള്ള തീര്‍ഥാടനമായിരിക്കും ഇക്കുറി ഉണ്ടാവുക. 

പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടന പാതയിലെ ബാരിക്കേഡുകള്‍ പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ദേവസ്വംബോര്‍ഡും വനംവകുപ്പും ചേര്‍ന്ന് തീര്‍ഥാടനകാലത്തിന് മുമ്പായി ഇവയുടെ പണികള്‍ പൂര്‍ത്തിയാക്കും. പ്രളയത്തില്‍ പമ്പയിലെ പാലങ്ങള്‍ക്ക് ബലക്ഷയം ഉണ്ടായിട്ടുണ്ടോയെന്ന് കൂടുതല്‍ പരിശോധന നടത്തും. ദേവസ്വം ബോര്‍ഡിന്റെ മരാമത്ത് വിഭാഗം നടത്തിയ പരിശോധനയില്‍ ബലക്ഷയം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ വിദഗ്ദ്ധ പരിശോധന നടത്തും. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രം അനുവദിച്ച് കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ഉപയോഗിച്ചായിരിക്കും തീര്‍ഥാടകരെ പമ്പയിലെത്തിക്കുക. 

280 ബസുകള്‍ ഇതിനായി ഉപയോഗിക്കാനാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. ടിക്കറ്റിന് പകരം കൂപ്പണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നകാര്യവും  പരിഗണിച്ചുവരികയാണ്. നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഒറ്റത്തവണ തുക ഈടാക്കി കൂപ്പണ്‍ നല്‍കുന്നതിനുള്ള സംവിധാനമാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ശബരിമല തീര്‍ഥാടന കാലയളവിലേക്കുള്ള പോലീസിന്റെ പ്രത്യേക സ്‌കീം രണ്ടാഴ്ചയ്ക്കുള്ളില്‍ തയാറാകും. 

പമ്പ-സന്നിധാനം പാതയിലെ ബാരിക്കേഡുകള്‍ പൂര്‍ത്തിയാക്കിയശേഷം മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷാപരിശോധന നടത്തും. പമ്പയില്‍ വന്‍തോതില്‍ തീര്‍ഥാടകര്‍ക്ക് തങ്ങുന്നതിന് അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയുള്ളതിനാല്‍ നിലയ്ക്കലില്‍ ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് അധികൃതരുടെ ശ്രമം. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് ശുചിത്വമിഷന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെയും വിവിധ സന്നദ്ധ സംഘടനകളെയും ഉപയോഗപ്പെടുത്തി വിപുലമായ പ്രചരണ പരിപാടികളും നടത്തും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.