പി.വി. അന്‍വര്‍ എംഎല്‍എയെ തൊടാന്‍ പോലീസിന് ഭയം

Thursday 13 September 2018 6:02 am IST

മലപ്പുറം: പ്രവാസിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത പി.വി. അന്‍വര്‍ എംഎല്‍എയെ തൊടാന്‍ പോലീസിന് ഭയം. കോടതി നിര്‍ദേശപ്രകാരം എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം വഞ്ചനാകുറ്റത്തിന് കേസെടുത്തിട്ട് 264 ദിവസമായി. എന്നാല്‍ അറസ്റ്റ് ചെയ്തിട്ടില്ല.

പരാതിക്കാരനും പാര്‍ട്ടി അനുഭാവിയും പ്രവാസിയുമായ മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീം 2017 ഫെബ്രുവരിയില്‍ ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. സലീം കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ടാണ് പരാതി നല്‍കിയത്. പ്രശ്നം പരിഹരിക്കാന്‍ കോടിയേരി സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ. വിജയരാഘവനെയും മലപ്പുറം ജില്ലാ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. പക്ഷേ പലതവണ ബന്ധപ്പെട്ടിട്ടും ഈ നേതാക്കളും കൈമലര്‍ത്തി. ഇതോടെയാണ് സലീം തെളിവുകളുമായി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് 2017 ഡിസംബര്‍ 21ന് മഞ്ചേരി പോലീസ് എംഎല്‍എക്കെതിരെ കേസെടുത്തു. ജാമ്യമില്ലാത്ത ഐപിസി 420 വകുപ്പില്‍ വഞ്ചനാക്കുറ്റമാണ് എംഎല്‍എക്കെതിരെ ചുമത്തിയത്. ഏഴുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുത്തെങ്കിലും എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല.

മംഗലാപുരത്തെ കെഇ സ്റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നല്‍കിയാല്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതവും നല്‍കാമെന്നും പറഞ്ഞാണ് അന്‍വര്‍, സലീമിനെ വഞ്ചിച്ചത്. 2011 ഡിസംബര്‍ 30ന് നാല്‍പത് ലക്ഷം രൂപ മഞ്ചേരിയിലെ പിവിആര്‍ ഓഫീസില്‍ വെച്ച് അന്‍വറിന് കൈമാറി. 30 ലക്ഷം പണമായും 10 ലക്ഷം രൂപക്ക് അഞ്ച് ലക്ഷത്തിന്റെ രണ്ട് ചെക്കുകളുമാണ് നല്‍കിയത്. 2012 ഫെബ്രുവരി 17ന് കരാര്‍ തയ്യാറാക്കിയപ്പോള്‍ ബാക്കി 10 ലക്ഷവും നല്‍കി. എന്നാല്‍ കരാര്‍ പ്രകാരമുള്ള ലാഭവിഹിതം നല്‍കാന്‍ അന്‍വര്‍ തയ്യാറായില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.