കൊള്ളവിലയ്ക്ക് കറന്റു വാങ്ങി തമിഴ്‌നാട് അമ്പരന്ന് കേരളം

Thursday 13 September 2018 8:04 am IST

തൊടുപുഴ: പ്രളയത്തിന് പിന്നാലെ വൈദ്യുതിക്ഷാമം രൂക്ഷമായ കേരളത്തെ ബുദ്ധിമുട്ടിലാക്കി തമിഴ്‌നാട്. തമിഴ്‌നാട്ടില്‍ കാറ്റിലുണ്ടായ കുറവിനെ തുടര്‍ന്ന് കാറ്റാടിപ്പാടങ്ങള്‍ വഴിയുള്ള വൈദ്യുതി ഉല്‍പ്പാദനം കുറഞ്ഞിരുന്നു. അതിനാല്‍ ലേലത്തിലൂടെ കൂടിയ വിലയ്ക്ക് തമിഴ്‌നാട് വൈദ്യുതി വാങ്ങുകയാണ്. അതോടെ  കേരളവും കൂടുതല്‍ വില നല്‍കേണ്ടിവരും. ഇതാണ് വൈദ്യുതി നിയന്ത്രണത്തിലേക്ക് സംസ്ഥാനത്തെ നയിക്കുന്നത്. 

തിങ്കളാഴ്ച യൂണിറ്റിന് 9.50 രൂപയിലേറെ നല്‍കിയാണ് സംസ്ഥാനം പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയത്. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം ഉള്ള വൈകിട്ട് ഏഴേകാല്‍ മുതല്‍ എട്ടര വരെയുള്ള സമയത്താണിത്. 

110 ദശലക്ഷം യൂണിറ്റ് വരെ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള പവര്‍ സ്റ്റേഷനുകളാണ് തമിഴ്‌നാടില്‍. ഒക്ടോബര്‍ 15 വരെ ഇവിടെ നിന്ന് ഇങ്ങനെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും. എന്നാല്‍ കാലാവസ്ഥയില്‍ പെട്ടെന്ന് മാറ്റം ഉണ്ടായതോടെ കാറ്റ് 60 ശതമാനത്തിലധികം കുറഞ്ഞു. വൈദ്യുതി കിട്ടാതായതോടെ തമിഴ്‌നാട് കിട്ടാവുന്നിടത്തു നിന്നെല്ലാം പരമാവധി വില നല്‍കി വൈദ്യുതി വാങ്ങി.  

തികയാതെ വരുന്ന വൈദ്യുതി ലേലത്തിലൂടെ വാങ്ങുകയാണ് എല്ലാ സംസ്ഥാനങ്ങളും ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ വില നല്‍കുന്ന സംസ്ഥാനത്തിന് ലേലം മുന്‍കൂട്ടി ഉറപ്പിക്കും. കേരളം ആദ്യ രണ്ട് ദിവസങ്ങളില്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയ ഇടങ്ങളില്‍ നിന്ന് അതിനേക്കാള്‍ കൂടുതല്‍ വില നല്‍കിയാണ് തമിഴ്‌നാട് ലേലം പിടിച്ചിരിക്കുന്നത്. ഇതോടെ കേരളത്തില്‍ വൈദ്യുതി ക്ഷാമമായി. 

കേന്ദ്രവിഹിതമായി  കര്‍ണ്ണാടകയിലെ കുടുകി താപ വൈദ്യുത നിലയത്തില്‍ നിന്ന് 110 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് ലഭിക്കുന്നത്. ഇതില്‍ 36 മെഗാവാട്ടാണ് കേന്ദ്രവിഹിതം. ബാക്കിയുള്ളത് കര്‍ണാടക തങ്ങളുടെ വിഹിതം വേണ്ടെന്ന് വച്ചതിനാലാണ് കിട്ടുന്നത്. ഇവിടെ മൂന്ന് ജനറേറ്ററുകളില്‍ നിന്ന് ലഭിക്കേണ്ടത് 130 മെഗാവാട്ടാണ്. ഇതില്‍ രണ്ട് ജനറേറ്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കാത്തിനാല്‍ ഇത് ലഭിച്ച് തുടങ്ങിയിട്ടില്ല. ഒരാഴ്ചക്കുള്ളില്‍ ആകും എന്നാണ് കണക്ക് കൂട്ടുന്നത്.

വൈദ്യുതി ലഭിച്ചെങ്കിലും കര്‍ണാടക വൈദ്യുതി വേണ്ടായെന്ന് വച്ചതും കേരളത്തിന് തിരിച്ചടിയാണ്. ജനറേറ്ററിന്റെ മൊത്തം ശേഷിയുടെ പകുതിയില്‍ അധികവും വാങ്ങിക്കാന്‍ ആളുണ്ടെങ്കില്‍ മാത്രമാണ് പവര്‍ ഹൗസില്‍ ഉല്‍പ്പാദനം നടക്കുക. 53 ശതമാനവും വാങ്ങിയിരുന്ന കര്‍ണാടകം വേണ്ടെന്ന് വച്ചതോടെ വില കൂടുതല്‍ ഉള്ള വൈദ്യുതി വാങ്ങാന്‍ തമിഴ്‌നാടും, തെലുങ്കാനയും കേരളവും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇത് മറ്റ് ജനറേറ്ററുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചാല്‍ പൂര്‍ണതോതില്‍ നടപ്പാകില്ല. 

കൂടകുളത്തെ രണ്ട് ജനറേറ്ററുകളും പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ 266 മെഗാവാട്ടാണ് കുറവ് വന്നത്. നിലവില്‍ വാങ്ങിയത് അടക്കം സംസ്ഥാനത്ത് 350 മെഗാവാട്ടിന്റെ കുറവാണുള്ളതെന്നും വരും ദിവസങ്ങളില്‍ 7-8.30 വരെയുള്ള സമയങ്ങളില്‍ വൈദ്യുതിക്ഷാമം ഉണ്ടായാല്‍ നിയന്ത്രണം വേണ്ടി വരുമെന്നുമാണ് ഔദ്യോഗിക വിശദീകരണം വരുന്നത്. 2.60 രൂപ മുതല്‍ വൈദ്യുതി വില്‍ക്കുന്ന കേരളം കൂടിയ വിലക്ക് വൈദ്യുതി വാങ്ങിച്ചാല്‍ അത് കടുത്ത സാമ്പത്തിക ബാധ്യതയാകും വരുത്തിവയ്ക്കുകയെന്നാണ് ബോര്‍ഡിന്റെ വാദം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.