റെയില്‍വേ: മുഴുവന്‍ വൈദ്യുതീകരിക്കും; വര്‍ഷം 13,510 കോടിയുടെ ഇന്ധലാഭം

Wednesday 12 September 2018 7:54 pm IST

ന്യൂദല്‍ഹി: മുഴുവന്‍ റെയില്‍പാതയും വൈദ്യുതീകരിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനം. ഇതിലൂടെ വര്‍ഷം 13,510 കോടി രൂപ പ്രതിവര്‍ഷം ഇന്ധനച്ചെലവില്‍ ലാഭിക്കാം. ഡീസല്‍ ഉപയോഗം കുറയ്ക്കാനും യാത്രാ വേഗം കൂട്ടാനും സുരക്ഷ ഉറപ്പാക്കാനും സഹായകമാണ് തീരുമാനം. 

വന്‍തോതില്‍ തൊഴില്‍ സാധ്യതയും കൂട്ടുന്നതാണ് നടപടി. 20.4 കോടി തൊഴില്‍ ദിനങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക. പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച, കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതിയുടെ തീരുമാനം നടപ്പാക്കാന്‍ 12,134.50 കോടി രൂപയാണ് ചെലവ്. 12,675 കിലോ മീറ്റര്‍ പാതയാണ് വൈദ്യതീകരിക്കുക. മൂന്നുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. 

പ്രധാനപാതകളെല്ലാം വൈദ്യുതിവല്‍ക്കരിച്ചു. ഇതോടെ ഹൈസ്പീഡ് ഡീസലിന്റെ ഉപയോഗം വര്‍ഷം 283 ലക്ഷം ലിറ്റര്‍ കുറഞ്ഞു; അതിലൂടെ മലിനീകരണവും. റെയില്‍വേയുടെ വരുമാനത്തില്‍ 37 ശതമാനം ഇന്ധനച്ചെലവിന് പോവുകയാണ്. ഇതിനു പുറമേ, പുതിയ തീരുമാനം പ്രാവര്‍ത്തികമാകുന്നതോടെ: 

- ട്രെയിനുകളിലെ വൈദ്യുതി എഞ്ചിന്‍ മാറ്റി ഡീസലാക്കുന്നതിനുള്ള സമയം ലാഭിക്കാം.

- അതിവേഗം പോകുന്നതിനും കൂടുതല്‍ ബോഗികള്‍ ചേര്‍ക്കുന്നതിനും കഴിയും.

- കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ-സിഗ്നല്‍ സംവിധാനം വിനിയോഗിക്കാം.

- ഇറക്കുമതി ഇന്ധനത്തിന്റെ ഉപയോഗം കുറയുന്നതുവഴി വന്‍ സാമ്പത്തിക ലാഭം.

- ഡീസല്‍ എഞ്ചിന്‍ അറ്റകുറ്റപ്പണി ചെലവ്, വൈദ്യുതി എഞ്ചിന്‍ വഴി ലാഭിക്കാം.

- കാര്‍ബണ്‍ മാലിന്യ സംസ്‌കരണത്തിന് വരുന്ന ചെലവിലും വന്‍ കുറവുണ്ടാകും. 

- നേരിട്ട് 20.4 കോടി തൊഴില്‍ ദിനങ്ങള്‍ കിട്ടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.