മല്യക്ക് കൂടിക്കാഴ്ച അനുമതി നല്‍കിയിട്ടേ ഇല്ല: ജെയ്റ്റ്ലി

Wednesday 12 September 2018 8:14 pm IST

ന്യൂദല്‍ഹി: രാജ്യത്തുനിന്ന് ഒളച്ചോടിയ സാമ്പത്തിക കുറ്റവാളി വിജയ് മല്യ രക്ഷപ്പെടും മുമ്പ് തന്നെ സന്ദര്‍ശിച്ചിരുന്നുവെന്ന വാര്‍ത്ത ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നിഷേധിച്ചു. വിജയ് മല്യയാണ് താന്‍ അരുണ്‍ ജെയ്റ്റ്ലിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചശേഷമാണ് രാജ്യം വിട്ടതെന്ന് പ്രസ്താവിച്ചത്. ഇത് കേന്ദ്ര സര്‍ക്കാരിനും ജെയ്റ്റ്ലിക്കുമെതിരേ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. തുടര്‍ന്നാണ് ജെയ്റ്റലിയുടെ വിശദീകരണം.

'' ഈ വാര്‍ത്തയും പ്രസ്താവനയും വ്യാജമാണ്. 2014 നു ശേഷം, അയാള്‍ക്ക് (വിജയ് മല്യ) കൂടിക്കാഴ്ചയ്ക്ക് ഞാന്‍ അനുമതി നല്‍കിയിട്ടില്ല. അതിനാല്‍ എന്നെ കണ്ടു എന്ന വിഷയം ഉദിക്കുന്നേയില്ല. എന്നാല്‍, രാജ്യസഭാംഗമായ മല്യക്ക്, പാര്‍ലമെന്റിന്റെ ഇടനാഴികളില്‍ എന്നെ കാണാന്‍ അവസരം കിട്ടിയിട്ടുണ്ട്, കണ്ടപ്പോള്‍ പലവട്ടം സംസാരിച്ചിട്ടുണ്ട്. അത്തരം സന്ദര്‍ഭത്തില്‍, വാഗ്ദാനമായി ഒരു വാക്യം പറഞ്ഞിട്ടുണ്ട്. പക്ഷേ, മുന്‍ അനുഭവങ്ങളും പാഴ്വാഗ്ദാനങ്ങളും അറിയാവുന്നതിനാല്‍ ഞാന്‍ ആ സംഭാഷണം തുടരാന്‍ അനുവദിച്ചിട്ടില്ല. 

എന്നോട് സംസാരിച്ചിട്ടു കാര്യമില്ലെന്നും ബാങ്കുകളോടാണ് സംസാരിക്കേണ്ടതെന്നും ഞാന്‍ അറത്തുമുറിച്ച് പറഞ്ഞിട്ടുണ്ട്. അയാള്‍ കൈയില്‍ കരുതിയ പേപ്പറുകള്‍ ഞാന്‍ വാങ്ങിയതുമില്ല. എംപിയായതിനാല്‍ പാര്‍ലമെന്റ് ഇടനാഴിയില്‍ കിട്ടിയ അവസരത്തില്‍ ഈ ഒരു വാക്യം പറഞ്ഞതല്ലാതെ അയാളെ കാണാന്‍ ഞാന്‍ അവസരം കൊടുത്തിട്ടില്ല,'' ജെയ്റ്റ്ലി പറഞ്ഞു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.