യുപിഎ ഭരണത്തിലെ കൊടുംചതിയുടെ ബാക്കിപത്രം

Thursday 13 September 2018 3:20 am IST

'നിങ്ങള്‍ ഇതുവരെ കണ്ട ലക്ഷം കോടികളുടെ അഴിമതി ഒന്നുമല്ല. കോണ്‍ഗ്രസ് ഇന്ത്യന്‍ ജനതയോട് ചെയ്ത ഏറ്റവും വലിയ പാതകം, അഴിമതി, രാജ്യദ്രോഹം...  അത്  ഇന്ത്യയെ ഗ്രസിക്കാന്‍ പോകുന്നതെയുള്ളൂ. അതില്‍ നിന്ന് കരകയറുക രാജ്യത്തിത് അത്യന്തം പ്രയാസകരം തന്നെ ആയിരിക്കും...'

ചാട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഓര്‍മ്മപ്പെടുത്തലാണിത്.  ആ കൊടിയ അഴിമതിയുടെ ബാക്കി പത്രം ഇതാ ഇങ്ങനെയാണ്. അതിനെല്ലാം സാക്ഷിയായ, എല്ലാത്തിനും തുല്യം ചാര്‍ത്തിയ അന്നത്തെ കോണ്‍ഗ്രസ് ഇറക്കുമതിയായ അമേരിക്കക്കാരനായ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ രഘുറാം രാജന്‍ രാജ്യം കണ്ട ഏറ്റവും വലിയ ആ അഴിമതി ഏറ്റു പറയുന്നു... 

വിജയ് മല്യയും നീരവ് മോദിയും ഭൂഷന്‍ സ്റ്റീലും എല്ലാം ബാങ്കുകളെ കബളിപ്പിച്ച്, അല്ലെങ്കില്‍ ബാങ്കുകളുടെ ഉന്നതാധികാരികളെ സ്വാധീനിച്ചു കൈക്കലാക്കിയ സഹസ്ര കോടികളുടെ വായ്പകളാണ് ഇന്ന് ബാങ്കിന്റെ ബുക്കിലെ കിട്ടാക്കടങ്ങളായി നില നില്‍ക്കുന്നത്്. അതാണ് രഘുറാം രാജന്‍ പറഞ്ഞ ആ കാലഘട്ടം. യുപിഎ ഭരണം നിലനിന്ന 2006 - 2011 എന്ന സുവര്‍ണ്ണ അഴിമതി കാലഘട്ടത്തില്‍ വഴി വിട്ടു ബാങ്കുകള്‍ നല്‍കിയ വലിയ വായ്പകളാണ് ഇന്ന് ബാങ്കിന്റെ ബുക്കിലെ എന്‍പിഎ അക്കൗണ്ടുകള്‍ എന്ന വലിയ കിട്ടാക്കടങ്ങള്‍. ഇതു മനസിലാക്കിയത് കൊണ്ട് തന്നെ  ബാങ്കുകള്‍ക്കു  കേന്ദ്ര സര്‍ക്കാര്‍ ഒരു നിര്‍ദേശം നല്‍കി. സ്്ട്രെസ്ഡ് അസ്സറ്റുകള്‍ (യഥാര്‍ത്ഥത്തില്‍ കിട്ടാക്കടം ആണെങ്കിലും  സാങ്കേതികത കാണിച്ചുകൊണ്ടു ഉന്തി തള്ളി കൊണ്ടുപോകുന്ന വലിയ വായ്പകള്‍) എല്ലാം റിസര്‍വ്വ് ബാങ്ക് നിയമങ്ങളും നിബന്ധനകളും അനുസരിച്ചു എന്‍പിഎ ആയി എത്രയും വേഗം വേര്‍തിരിച്ച്, ബാങ്കിന്റെ യഥാര്‍ത്ഥ ബാലന്‍സ് ഷീറ്റ് പുറത്തു വിടാനായിരുന്നു ആ നിര്‍ദേശം.  അതോടെ ഒളിച്ചുവച്ച കള്ളി പുറത്തു വന്നു. അതനുസരിച്ചാണ് ഏതാണ്ട് എല്ലാ പൊതുമേഖലാ ബാങ്കുകളും ഈ കഴിഞ്ഞ ജനുവരി, മാര്‍ച്ച് മാസങ്ങളില്‍ ആ പാദത്തില്‍ നഷ്ടം പ്രഖ്യാപിച്ചത്. 

ഇപ്പോഴിതാ അന്നത്തെ കോണ്‍ഗ്രസ് -യുപിഎ സര്‍ക്കാരിന്റെ കുത്തഴിഞ്ഞ ഭരണവും, കൊടും അഴിമതിയും രാജ്യത്തെ ബാങ്കിങ് സംവിധനങ്ങളുടെ തന്നെ കടക്കല്‍ കൊലക്കത്തി വച്ചിരിക്കുന്നു. ബാങ്കുകള്‍ സ്ഥിതി മെച്ചപ്പെടുത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. പക്ഷേ,  ഏതാണ്ട് 10 ലക്ഷം കോടിയുടെ ആഘാതത്തില്‍ നിന്ന് അത്ര എളുപ്പത്തില്‍ രക്ഷപെടാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. ബാങ്കുകളുടെ ഇപ്പോഴത്തെ കണക്കു പുസ്തകം,  ഊതി വീര്‍പ്പിച്ചു വച്ച കുമിളയല്ല. അതില്‍ കാണുന്ന നഷ്ടങ്ങള്‍ യഥാര്‍ഥം തന്നെയാണ്. ഇന്ത്യ മുഴുവനും പടര്‍ന്നു കിടക്കുന്ന ഇന്ത്യന്‍ ബാങ്കിങ് സംവിധനം അതിനെതിരെ പോരാടാന്‍ ഉറച്ചു തന്നെ മോദിക്കൊപ്പം നില്‍ക്കുന്നു. 

രഘുറാം രാജന്റെ ഈ വെളിപ്പെടുത്തല്‍ ഒരു നിമിത്തമാണ്. രാജ്യത്തെ ബാങ്കിങ് രംഗം നശിപ്പിച്ചു വെണ്ണീര്‍ ആക്കിയവരെ രഘുറാം രാജന്‍ തന്നെ മുന്നോട്ട് വന്നു ചൂണ്ടി കാണിച്ചു തന്നു. ഇനി ബാക്കി ചെയ്യേണ്ടത് പൊതു ജനമാണ്. കഴിഞ്ഞ നാലു കൊല്ലംകൊണ്ട് ഇന്ത്യന്‍ സാമ്പത്തിക രംഗം കണ്ടത് ബിജെപി സര്‍ക്കാരിന്റെ സമാനതകളില്ലാത്ത സാമ്പത്തിക വിപ്ലവ മാതൃകകളായിരുന്നു. അതില്‍ നിന്നു നേടിയ ഊര്‍ജ്ജം കൊണ്ട് ഈ അഴിമതിയുടെ കരാള ഹസ്തം ഭേദിച്ച് ഇന്ത്യന്‍ ബാങ്കിങ് രംഗം ഒരിക്കല്‍ക്കൂടി ഉദിച്ചു ഉയരുക തന്നെ ചെയ്യും. തോല്‍ക്കാന്‍ ഇന്ത്യക്ക് ഇനി സാധിക്കില്ല. 125 കോടി വരുന്ന ജനസംഖ്യ ഇന്ത്യക്ക് ഭാരമല്ല. ഓജസ്സും തേജസ്സുമുള്ള രാഷ്ട്ര ശക്തിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.