വായനക്കാര്‍ക്ക് ക്ലേശം

Thursday 13 September 2018 2:29 am IST

അടുത്തടുത്തുള്ള വാക്യങ്ങള്‍ ഒരേ പദത്തില്‍ അവസാനിക്കുന്നത് വായനക്കാര്‍ക്ക് മടുപ്പുണ്ടാക്കും. നമ്മുടെ മാധ്യമങ്ങളിലും പുസ്തകങ്ങളിലും ഇത്തരം വാക്യങ്ങള്‍ സാധാരണമാണ്. 

ഒരു വാര്‍ത്തയില്‍ നിന്ന് : ''ഇന്ത്യയില്‍ സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. അഹമ്മദാബാദില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഹമ്മദാബാദിലെ ബി.ജെ മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരില്‍ രോഗബാധ കണ്ടെത്തിയത്. 64കാരനിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. 34 വയസ്സുകാരിയിലും 22 വയസ്സുകാരിയായ ഗര്‍ഭിണിയിലുമാണ് തുടര്‍ന്ന് രോഗബാധ കണ്ടെത്തിയത്. പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂവരിലും രോഗബാധ സ്ഥിരീകരിച്ചത്''. 

'അത്' എന്ന പദത്തില്‍ അവസാനിക്കുന്ന അഞ്ച് വാക്യങ്ങള്‍. അരോചകമാണ് ഈ ആവര്‍ത്തനം. അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇതൊഴിവാക്കാവുന്നതേയുള്ളു. 

''ഇന്ത്യയില്‍ സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന. അഹമ്മദാബാദിലെ ബി.ജെ മെഡിക്കല്‍ കോളേജില്‍ നടത്തിയ രക്തപരിശോധനയില്‍ മൂന്ന്‌പേരില്‍ രോഗം കണ്ടെത്തി. ആദ്യം 64 കാരനിലും പിന്നീട് ഗര്‍ഭിണിയടക്കം രണ്ട് സ്ത്രീകളിലും. പനിയെതുടര്‍ന്നാണ് ഇവരുടെ രക്തം പരിശോധിച്ചത്.'' (ആവര്‍ത്തനങ്ങളും അനാവശ്യ പദങ്ങളും ഒഴിവാക്കിയിരിക്കുന്നു). 

ചിലര്‍ വാക്യത്തിന് ദൈര്‍ഘ്യം കൂട്ടി വായനക്കാരെ വിഷമിപ്പിക്കും. 

''വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, വിദ്യാഭ്യാസ-സേവന മേഖലകള്‍ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 16 മുതല്‍ നടത്തുന്ന പണിമുടക്കിന്റെ പ്രചാരണം സെപ്തംബര്‍ 16 മുതല്‍ ആരംഭിക്കന്‍ ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്‌റ്റേറ്റ് എംപ്ലോയിസ് ആന്റ് ടീച്ചേഴ്‌സിന്റെയും അധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതിയുടെയും സംയുക്ത ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു''. 

ഇത് രണ്ട് വാക്യങ്ങളാക്കിയാല്‍ വായനക്കാരുടെ ക്ലേശം കുറയും:

''ഒക്ടോബര്‍ 16 മുതല്‍ നടത്തുന്ന പണിമുടക്കിന്റെ പ്രചാരണം സെപ്തംബര്‍ 16ന് ആരംഭിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്‌റ്റേറ്റ് എംപ്ലോയിസ് ആന്റ് ടീച്ചേഴ്‌സിന്റെയും അധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതിയുടെയും സംയുക്ത ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, കുടിശ്ശിക-ക്ഷാമബത്ത അനുവദിക്കുക, വിദ്യാഭ്യാസ മേഖലകള്‍ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.'' 

നമ്മള്‍ സംസാരിക്കുന്നത് ചെറിയ വാക്യങ്ങളിലാണ്. എഴുതുമ്പോള്‍ പലരുടെയും വാക്യങ്ങള്‍ക്ക് നീളം കൂടുന്നു. നീളം വല്ലാതെ കൂടിയാല്‍ വായനക്കാരുടെ ഏകാഗ്രത നഷ്ടപ്പെടും. കാര്യം മനസ്സിലാക്കാന്‍ വീണ്ടും വായിക്കേണ്ടിവരും. ''അര്‍ത്ഥം മനസ്സിലാക്കാന്‍ വായനക്കാര്‍ അധ്വാനിക്കേണ്ടിവരുന്ന രീതിയില്‍ എഴുതുന്നവരെ പൊറുപ്പിക്കാന്‍ എനിക്ക് കഴിയില്ല'' എന്ന്  സോമര്‍സെറ്റ് മോം പറഞ്ഞത് അതുകൊണ്ടാണ്. 

അനാവശ്യമായ വാക്കുകളും പ്രയോഗങ്ങളുടെ ആവര്‍ത്തനും ഭാഷ ദുര്‍ബലവും അപഹാസ്യവുമാക്കും. 

''ലോകോത്തര ബീച്ചുകളുടെ പട്ടികയില്‍പെട്ട ചെറായി ബീച്ചിന് പേരില്‍ മാത്രം പെരുമ. കാലാനുസൃതമായി അടിസ്ഥാനസൗകര്യങ്ങള്‍ വിപുലപ്പെടുത്താത്തതാണ് ബീച്ചിന്റെ ദുരവസ്ഥയ്ക്ക് കാരണം. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ എന്നും പരാധീനതകള്‍ മാത്രമാണ് ബീച്ചിന് പറയാനുള്ളത്. മതിയായ റോഡ്, ആവശ്യത്തിനുള്ള കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യം, സുരക്ഷാക്രമീകരണം, വൈദ്യുതി എന്നിവ എക്കാലത്തും ചെറായി ബീച്ചിന്റെ പരാധീനതകളുടെ ലിസ്റ്റില്‍ തന്നെയാണ്''. 

'അടിസ്ഥാനസൗകര്യങ്ങളു'ടെയും, 'പരാധീനതകളു'ടെയും ആവര്‍ത്തനവും 'പട്ടിക'യും, 'ലിസ്റ്റു'മെല്ലാം റിപ്പോര്‍ട്ടിനെ മൊത്തത്തില്‍ വികലമാക്കുന്നു. 

''ചതയദിന നാളുകളില്‍ മതമൈത്രിയുടെ വര്‍ണ്ണപ്പകിട്ടുള്ള ഒരധ്യായം കൂടി എഴുതിച്ചേര്‍ക്കാന്‍ തൃക്കാക്കരയപ്പന്റെ തിരുമുറ്റത്ത് ഒരിക്കല്‍ക്കൂടി തിരുവോണ സദ്യ ഒരുങ്ങുന്നു''. 

തിരുവോണ സദ്യ ചതയദിനനാളിലാണോ? ഏതൊക്കെയാണ് ചതയദിന നാളുകള്‍? എഴുതിയയാള്‍ക്ക് മാത്രമേ അറിയൂ.

''സാനിട്ടറിപാഡുകളുടെ ഉപയോഗത്തിലും സംസ്‌കരണത്തിലും നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും പതിവുശീലങ്ങളില്‍ നിന്ന്് മുന്നോട്ടും പിന്നോട്ടും മാറിച്ചിന്തിക്കണമെന്ന് പ്രേരിപ്പിച്ചിരിക്കുകയാണ് കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങള്‍''. 

കൃത്രിമത്വം കൊണ്ട് അര്‍ത്ഥവ്യക്തതയില്ലാതായ വാക്യം. മുന്നോട്ടും പിന്നോട്ടും മാറിച്ചിന്തിക്കണം പോലും! വശങ്ങളിലോട്ടും മാറിചിന്തിക്കാവുന്നതാണ്!

സാനിട്ടറി പാഡുകളുടെ ഉപയോഗത്തിനും സംസ്‌കരണത്തിനും പുതിയ  മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നതാണ് ഇവിടെ വളച്ചുകെട്ടി പറഞ്ഞിരിക്കുന്നത്. 

പിന്‍കുറിപ്പ്: വെള്ളപ്പൊക്കസാഹിത്യത്തില്‍ നിന്ന്: 

'' കേരളത്തെ മുഴുവന്‍ പ്രകൃതി വേദനയോടെ പുണര്‍ന്നത് മലയാളികളെ ചിലതൊക്കെ ഓര്‍മ്മപ്പെടുത്താനാകാം''. 

ഓര്‍മ്മപ്പെടുത്തിയതൊന്നും മറക്കാതിരിക്കാം!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.