ഗീതാശാസ്ത്ര ഉപദേശം സ്വീകരിക്കുന്നവരുടെ ലക്ഷണം

Thursday 13 September 2018 2:39 am IST

(18-ാം അധ്യായം 67-ാം ശ്ലോകം)

 

ഭഗവാന്‍ പറയുകയാണ്- കര്‍മജ്ഞാന ഭക്തി വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഈ ഗീതാശാസ്ത്രം നിനക്കു ഞാന്‍ ഉപദേശിച്ചു. ഇത് ഗുഹ്യതമമാണ്. എത്രവട്ടം പറഞ്ഞാലും അധികമാവുകയില്ല. നിന്നോടുള്ള കാരുണ്യംകൊണ്ടും സ്‌നേഹംകൊണ്ടുമാണ് ഞാന്‍ ഉപദേശിച്ചത്. നീ ഈ ശാസ്ത്രം മറ്റുള്ളവര്‍ക്കും ഉപദേശിച്ചു കൊടുത്ത് ഈ ശാസ്ത്രം പ്രചരിപ്പിക്കണം. നിന്റെ ഉപദേശം സ്വീകരിക്കുന്നവര്‍ അതിനുള്ള യോഗ്യതയുള്ളവരായിരിക്കണം എന്ന് പ്രത്യേകം ഓര്‍മിക്കുക.

ആര്‍ക്കൊക്കെയാണ് ഉപദേശിച്ചുകൊടുക്കാന്‍ പാടില്ലാത്തത് എന്ന് പറയാം.

(1) അതപസ്‌കായ ന വാച്യം

വാക്കുകൊണ്ടും മനസ്സുകൊണ്ടും ശരീരംകൊണ്ടും തപസ്സ് അനുഷ്ഠിക്കാത്തവര്‍ക്ക് ഒരിക്കലും (കദചന), ഈ ശാസ്ത്രം ഉപദേശിച്ചുകൊടുക്കരുത്. (17-ാം അധ്യായത്തില്‍ 14, 15, 16 - ഈ ശ്ലോകങ്ങളില്‍ ഈ തപസ്സു വിവരിച്ചിട്ടുണ്ടല്ലോ.)

(2) അഭക്തായ ന വാച്യം

തപസ്സ് ചെയ്യുന്നവനാണെങ്കില്‍പ്പോലും ഭക്തനല്ലാത്തവന്-ഗുരുവിനോടും ഈശ്വരനോടും ഭക്തിയില്ലാത്തവന് ഒരിക്കലും (കദാചാന) ഉപദേശിക്കരുത്.

(3) അശുശ്രൂഷവേ ന വാച്യം

തപസ്സ് അനുഷ്ഠിച്ചവനും ഭക്തനും ആണെങ്കില്‍ പോലും, തന്നെ ഗുരുവായി സ്വീകരിച്ച്, പരിചരണം ചെയ്യാത്തവനോട് ഒരിക്കലും (കദാചന) ഉപദേശിക്കരുത്.

''ചകാരത്തിന് പ്രത്യേകം അര്‍ഥമുണ്ട്. തപസ്സു ചെയ്തവനും ഭക്തനും പരിചരണം ചെയ്തവനും ഉപദേശിച്ചുകൊടുക്കണം.

യഃ മാം അഭ്യസൂയതി, (തസ്‌മൈന വാച്യം)

(18 ല്‍ 67)

എന്നെ- ഈ കൃഷ്ണനെ- ദോഷാരോപണം ചെയ്ത് അസൂയപ്പെടുന്നു. വ്യക്തിക്ക് ഒരിക്കലും (കദാചന) ഉപദേശിച്ചുകൊടുക്കരുത്. തപസ്സു ചെയ്യുന്നവനാണെങ്കില്‍ പോ

ലും, ഭഗവാനില്‍ ദോഷാരോപണം ചെയ്യുന്നവനാണെങ്കില്‍ ഉപദേശിച്ചുകൊടുക്കരുത് എന്ന് താല്‍പര്യം പ്രത്യേകം ഓര്‍ക്കണം.

ഭഗവാനും സര്‍വജ്ഞനും സര്‍വ്വദേവീദേവന്മാരെയും നിയന്ത്രിക്കുന്നവനുമായ ശ്രീകൃഷ്ണനെ വെറും മനുഷ്യനാണ്; സര്‍വ്വജ്ഞനൊന്നുമല്ല, ആത്മപ്രശംസ ചെയ്യുന്നവനാണ്; അമ്മാവനെ കൊന്നവനാണ്, വൃന്ദാവനത്തില്‍ വച്ച് വെണ്ണയും പാലും കവര്‍ന്ന് ശീലിച്ച്, പെണ്ണുങ്ങളുടെ പുടവയും സ്യമന്തക മണിയും മോഷ്ടിച്ചവനാണ്; പാണ്ഡവരെ കൊണ്ട് ഭാരതയുദ്ധം നിര്‍ബന്ധിച്ച് ചെയ്യിച്ച് അസംഖ്യം നാട്ടുകാരെയും ഗുരുബന്ധുമിത്രാദികളെയും കൊല്ലിച്ചവനാണ്. ഇങ്ങനെ നൂറുകണക്കിന്  ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അവതാരകാലത്തില്‍ തന്നെ ഉണ്ടായിരുന്നു. ഈ ആധുനിക കാലത്ത് അവരുടെ പിന്തുടര്‍ച്ചക്കാരായി, പ്രഭാഷണങ്ങളും ചര്‍ച്ചകളും ഗ്രന്ഥരചനകളും ചെയ്ത്, പണവും പ്രശസ്തിയും നേടുന്നവരുണ്ടല്ലോ. അത്തരക്കാര്‍ക്ക് ഒരിക്കലും (കദാചന) ഗീതയും ഭാഗവതവും കാണാനോ സ്പര്‍ശിക്കാനോ യോഗ്യതയില്ല എന്ന് ഭഗവാന്‍ ഉറപ്പിച്ചുപറയുന്നു.

''ന ചമാം യോഗ്യസൂയ ന'' എന്ന്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.