സാമൂഹ്യസുരക്ഷാ പെന്‍ഷന്‍; അര്‍ഹരായവരെ വീണ്ടും പട്ടികയിലെത്തിക്കുന്നത് വൈകും

Thursday 13 September 2018 3:52 am IST

മാവേലിക്കര: അര്‍ഹതാമാനദണ്ഡങ്ങളിലെ അപാകത കാരണം പട്ടികയ്ക്ക് പുറത്തായ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍കാരെ തിരികെ ഉള്‍പ്പെടുത്താനുള്ള സമയം നീട്ടിയേക്കും. തദ്ദേശസ്വയംഭരണവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് കഴിഞ്ഞയാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളിലെ അനര്‍ഹരെ കണ്ടെത്താനായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പട്ടികയിലെ അപാകതകള്‍ പരിഹരിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങള്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതിനാല്‍ സമയം നീളാനാണ് സാദ്ധ്യത. പ്രളയക്കെടുതിയുടെ കണക്കെടുപ്പുകളും മറ്റും നടത്തുന്നതിന്റെ തിരക്കിലാണ് തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും. 

സംസ്ഥാനത്ത് ആകെ 1,034 തദ്ദേശസ്ഥാപനങ്ങളാണ് ഉള്ളത്. മൊത്തം ഗുണഭോക്താക്കളായ 40,61,393 പേരില്‍ അനര്‍ഹരായി 64,238 പേര്‍  പെന്‍ഷന്‍ കൈപ്പറ്റുന്നതായാണ് കണ്ടെത്തിയത്. ഇതില്‍ അര്‍ഹരാണെന്ന് പിന്നീട് ബോദ്ധ്യപ്പെട്ട 4,617 പേര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യാന്‍ പിന്നീട് തീരുമാനിച്ചു. പെന്‍ഷന് അനര്‍ഹരാണെന്ന് താല്‍ക്കാലികമായി കണ്ടെത്തിയ ബാക്കി 59,621 പേരുടെ പട്ടികയില്‍ തെറ്റായി ഉള്‍പ്പെട്ടുപോയവരെയാണ് കണ്ടെത്തേണ്ടതും പെന്‍ഷന്‍ പുനഃസ്ഥാപിക്കേണ്ടതും. 

പെന്‍ഷന്‍ തടയപെട്ടവരുടെ ലിസ്റ്റ് പരിശോധിച്ച് തദ്ദേശസ്ഥാപനമേധാവികളാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. ഇവരുടെ ലിസ്റ്റ് വെബ്‌സൈറ്റിലുണ്ട്. ഏറ്റവുമൊടുവില്‍ ഇവര്‍ക്ക് ആഗസ്റ്റ് മാസം നല്‍കേണ്ട നാലുമാസത്തെ തുക തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.