സഹകരണബാങ്ക് അഴിമതി; മൂന്നാംപ്രതി റിമാന്‍ഡില്‍; കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത

Thursday 13 September 2018 2:57 am IST

മാവേലിക്കര: മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ അഴിമതിക്കേസില്‍ പിടിയിലായ മൂന്നാം പ്രതിയും മുന്‍ജൂനിയര്‍ ക്ലര്‍ക്കുമായ കുട്ടിസീമാശിവ(35)യെ കോടതി റിമാന്‍ഡ് ചെയ്തു. ബാങ്ക് അഴിമതിക്കേസില്‍ കൂടുതല്‍ പേരെ അന്വേഷണസംഘം ഉടന്‍ പിടികൂടുമെന്ന് സൂചനയുണ്ട്. 

  ബാങ്കിന്റെ തഴക്കര ശാഖയിലെ ജീവനക്കാരിയായ കുട്ടിസീമാശിവയെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കബീര്‍ റാവുത്തരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിഞ്ഞുവന്ന ഇവരെ റാന്നി വലിയകുളത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുമാണ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയശേഷമാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ബാങ്ക് അഴിമതിക്കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്. തഴക്കര ശാഖാ മുന്‍മാനേജര്‍ ജ്യോതി മധു, മുന്‍ സീനിയര്‍ ക്ലാര്‍ക്ക് ബിന്ദു ജി. നായര്‍, മുന്‍പ്രസിഡന്റ് കോട്ടപ്പുറത്ത് വി. പ്രഭാകരന്‍പിള്ള, സെക്രട്ടറി അന്നമ്മ മാത്യു എന്നിവരാണ് നേരത്തെ അറസ്റ്റിലായവര്‍. ഇവര്‍ക്കെല്ലാം പിന്നീട് ജാമ്യം ലഭിച്ചു. 

  2016 ഡിസംബര്‍ 24നാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് സഹകരണവകുപ്പ് നിയോഗിച്ച അന്വേഷണസംഘം 34.81 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. സ്വര്‍ണവായ്പയില്‍ 8.17 കോടിയും സ്ഥിരംനിക്ഷേപവായ്പയില്‍ 14.82 കോടിയും ഉപഭോക്തൃവായ്പയില്‍ 3.44 കോടിയും ക്യുമുലേറ്റീവ് നിക്ഷേപവായ്പയില്‍ 2.25 കോടിയും വ്യാപാരികളുടെ പരസ്പര ജാമ്യ വായ്പയില്‍ 4.53 കോടി രൂപയും തട്ടിയതായാണ് ബോദ്ധ്യമായത്. സ്വയംസഹായസംഘങ്ങള്‍ക്കുള്ള വായ്പയില്‍ 99 ലക്ഷം രൂപയുടെയും ക്രമക്കേട് കണ്ടെത്തി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.