ഒരു മാസത്തെ ശമ്പളം: ഉത്തരവിനെതിരെ ജീവനക്കാര്‍

Thursday 13 September 2018 6:19 am IST

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കണമെന്ന ഉത്തരവിനെതിരെ ജീവനക്കാര്‍. വിമുഖതയുള്ള ജീവനക്കാര്‍ ഒഴികെ ബാക്കി എല്ലാവരും ഒരു മാസത്തെ ശമ്പളം നല്‍കണമെന്നാണ് ഉത്തരവ്.  ഈ ഉത്തരവില്‍ തന്നെ വിമുഖതയുള്ളവര്‍ അനുബന്ധമായ  പ്രസ്താവന സപ്തംബര്‍ 22ന് മുമ്പേ ഡിഡിഒമാരെ അറിയിക്കണമെന്നും സൂചിപ്പിച്ചിട്ടുണ്ട്. അതായത് വിമുഖത എഴുതി നല്‍കാത്ത ജീവനക്കാരുടെ ശമ്പളം അനുമതിയില്ലാതെ പിടിക്കും. 

ഇത്തരം ഉത്തരവ് ഇറക്കാന്‍ നിയമപരമായി സര്‍ക്കാരിന്അനുവാദമില്ലെന്ന് സര്‍വീസ് സംഘടനകള്‍ വാദിക്കുന്നു. എല്ലാ ജീവനക്കാരും കഴിവിനനുസരിച്ച് ദുരിതാശ്വാസ നിധിയിലേക്കുള്ള തുക നല്‍കി കഴിഞ്ഞു. ഇനി നിര്‍ബന്ധപ്പിരിവാണ്. അതിനാലാണ് താല്‍പ്പര്യമുള്ളവര്‍ എന്നതിനു പകരം വിമുഖര്‍ എന്ന പദപ്രയോഗം ഉത്തരവില്‍ ഉള്‍പ്പെടുത്തിയത്. തുക നല്‍കാന്‍ തയ്യാറുള്ളവര്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെടുന്നതിനു പകരം നല്‍കാന്‍ പറ്റാത്തവര്‍ എഴുതി നല്‍കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. നിര്‍ബന്ധമായും പണം നല്‍കണമെന്ന് ഉത്തരവ് ഇറക്കിയ മലബാര്‍ ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി ശാസിച്ചിരുന്നു. 

ഒരു മാസത്തെ ശമ്പളം നല്‍കുന്നതിനു പകരം മുപ്പത് ദിവസത്തെ ആര്‍ജിതാവധി സറണ്ടര്‍ ചെയ്ത് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമെന്നാണ് മറ്റൊരു നിര്‍ദേശം. ഈ നിര്‍ദേശം, ഉത്തരവില്‍ പറഞ്ഞാലും ഇല്ലെങ്കിലും ജീവനക്കാരുടെ അവകാശമാണ്. അതിനാല്‍ സര്‍ക്കാരിന്റെ ഔദാര്യമല്ല ആര്‍ജിതാവധി. ഇടതുപക്ഷ സംഘടനകള്‍ ഒഴികെയുള്ള സര്‍വീസ് സംഘടനകള്‍ വിമുഖത എഴുതി നല്‍കാനാവില്ലെന്ന നിലപാടിലാണ്.

നിയമപരമായി നേരിടുമെന്ന് സര്‍വീസ് സംഘടനകള്‍

തിരുവനന്തപുരം: ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നീതി നിഷേധവും നിയമവിരുദ്ധവുമാണെന്ന് എന്‍ജിഒ സംഘ്. ശമ്പളം പിടിച്ചെടുത്താല്‍ നിയമപരമായി നേരിടുമെന്ന് സംഘ് സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാറും ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാറും അറിയിച്ചു.

ഉത്തരവിന് ഭീഷണിയുടെ സ്വരമാണെന്ന് സെക്രട്ടേറിയറ്റ് സംഘ് കുറ്റപ്പെടുത്തി. ജീവനക്കാരില്‍ പ്രാരാബ്ധക്കാരുമുണ്ട്. ജീവനക്കാരുടെ അവധിയും കവര്‍ന്നെടുക്കുന്ന രീതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.  പ്രസിഡന്റ് കെ.ബി. വിനോദ്കുമാറും, ജനറല്‍ സെക്രട്ടറി ജി. രഘുറാമും അറിയിച്ചു. 

 

ദുരിതാശ്വാസ നിധിശേഖരണത്തിന്റെ പേരില്‍ ഒരു മാസത്തെ ശമ്പളം ബലമായി പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ ബ്ലാക്‌മെയിലിംഗ് തന്ത്രം വിലപ്പോവില്ലെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് സി. സദാനന്ദന്‍ മാസ്റ്റര്‍ തൃശ്ശൂരില്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.