ഒരുമയില്ല; സാംസ്‌കാരിക നായകര്‍ക്കിടയില്‍ ഭിന്നത, സംഘാടകരെ കാണാനില്ല

Thursday 13 September 2018 8:00 am IST
കേരളത്തിലെ ചില സാംസ്‌കാരിക നായകര്‍ ചില ഉത്തരേന്ത്യന്‍ സംഭവങ്ങള്‍ സംഘപരിവാറിന്റെയും നരേന്ദ്ര മോദിയുടേയും മേല്‍ ചുമത്തുക പതിവാണ്. അവരാരും ബിഷപ്പിന്റെ കന്യാസ്ത്രീ പീഡന വിഷയത്തില്‍ സംയുക്ത പ്രസ്താവനയ്ക്കിറങ്ങിയില്ല. ഒപ്പുവെയ്ക്കാന്‍ തയാറായിരുന്നവരില്‍ പലരും സഹികെട്ട് ഒറ്റയ്ക്ക് പ്രസ്താവന നടത്തി. ചിലരുടെ സാംസ്‌കാരിക കാപട്യത്തിനെതിരേ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.

കൊച്ചി: ബിഷപ്പിന്റെയും സിപിഎം നേതാവിന്റെയും പീഡനക്കേസുകളില്‍ സാംസ്‌കാരിക നായകര്‍ക്ക് സംയുക്ത പ്രസ്താവന ഇല്ലാത്തത് വിമര്‍ശിക്കപ്പെടുന്നു. ഒറ്റയ്‌ക്കൊറ്റയ്ക്ക് സമരം നടത്തുകയും സമരപ്പന്തലുകളില്‍ ഒറ്റയാള്‍ പ്രസംഗം നടത്തിപ്പിരിയുകയും ചെയ്യുന്ന സാംസ്‌കാരിക നായകര്‍ ഒന്നിക്കാത്തതെന്ത്, ഒന്നിപ്പിക്കാന്‍ ആളിറങ്ങാത്തതെന്ത്? ജനം ചോദിക്കുന്നു. പ്രതികരണ നായകര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയും ശക്തമാണ്. 

കേരളത്തിലെ ചില സാംസ്‌കാരിക നായകര്‍ ചില ഉത്തരേന്ത്യന്‍ സംഭവങ്ങള്‍ സംഘപരിവാറിന്റെയും നരേന്ദ്ര മോദിയുടേയും മേല്‍ ചുമത്തുക പതിവാണ്. അവരാരും ബിഷപ്പിന്റെ കന്യാസ്ത്രീ പീഡന വിഷയത്തില്‍ സംയുക്ത പ്രസ്താവനയ്ക്കിറങ്ങിയില്ല. ഒപ്പുവെയ്ക്കാന്‍ തയാറായിരുന്നവരില്‍ പലരും സഹികെട്ട് ഒറ്റയ്ക്ക് പ്രസ്താവന നടത്തി. ചിലരുടെ സാംസ്‌കാരിക കാപട്യത്തിനെതിരേ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. 

കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് കന്യാസ്ത്രീകളുടെ സമരപ്പന്തലിലെത്തി പ്രസംഗിച്ചു. കത്തോലിക്കാ സഭയെ വിമര്‍ശിച്ച് ഇടതുപക്ഷ മുന്നണിയോടും സര്‍ക്കാരിനോടുമുള്ള ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ചു. കല്‍പ്പറ്റ നാരായണനും സമരപ്പന്തലില്‍ വന്നു. കവി കെ.ജി. ശങ്കരപ്പിള്ള ഫേസ്ബുക്കില്‍ കുറിപ്പെഴുതി, സാറാ ജോസഫും ഫേസ്ബുക്കില്‍ വിപ്ലവ വരികള്‍ എഴുതി. പക്ഷേ സിപിഎം നേതാവിനെക്കുറിച്ച് പരാമര്‍ശമില്ല. വൈശാഖന്‍ സാഹിത്യ അക്കാദമി അധ്യക്ഷനായതിനാല്‍ മിണ്ടിയിട്ടില്ല. 

മതേതര സമാജം അധ്യക്ഷന്‍ എം.എന്‍. കാരശ്ശേരി കോഴിക്കോട്ട് കുത്തിയിരിപ്പു സമരം പ്രഖ്യാപിച്ചിട്ടുണ്ട്, സെപ്തംബര്‍ 17ന്. പ്രതികരണ സാംസ്‌കാരികരില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ജോയ് മാത്യു ഒപ്പം കൂടുന്നവരെ കൂട്ടി പ്രതിഷേധ പരിപാടികള്‍ നടത്തിക്കഴിഞ്ഞു. ഡോ. പി. ഗീത ഫേസ്ബുക്കില്‍ നീണ്ട കുറിപ്പില്‍ ഒരു കൂട്ടം സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവനയാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍, പ്രസ്താവന സംയുക്തമാണെങ്കില്‍ അവരവരുടെ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയാണ് ഇപ്പോള്‍ പതിവ്. എന്നാല്‍ അതുണ്ടായിട്ടില്ല.

  കവി സച്ചിദാനന്ദന്റെ അഭാവമാണ് സംയുക്ത പ്രസ്താവനയ്ക്ക് തടസ്സം. ബിഷപ്പിനൊപ്പം സിപിഎം എംഎല്‍എയുടെ വിഷയവും പറയേണ്ടിവരുമെന്നതിനാല്‍ സച്ചിദാനന്ദന്‍ മുന്‍കൈ എടുത്തിട്ടില്ല. സ്വവര്‍ഗരതിയിലെ കോടതി വിധിയെക്കുറിച്ച് ഫേസ്ബുക്കില്‍ ഉപന്യസിച്ചെങ്കിലും ബിഷപ്പ് വിഷയത്തില്‍ ഒറ്റവരി ഇംഗ്ലീഷ് കുറിപ്പിട്ട് പിന്‍വാങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.