കെഎസ്ആര്‍ടിസിയിലെ സ്വകാര്യവല്‍ക്കരണം അനുവദിക്കില്ലെന്ന് ബിഎംഎസ്

Thursday 13 September 2018 2:43 am IST
"കെഎസ്ടി എംപ്ലോയീസ് സംഘിന്റെ പ്രതിഷേധ ധര്‍ണ തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍ ഉദ്ഘാടനം ചെയ്യുന്നു"

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ തൊഴിലാളിദ്രോഹ നടപടികള്‍ക്ക്  താക്കീത് നല്‍കി കെഎസ്ടി സംഘ് സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. രാവിലെ 10.30ന് ആരംഭിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍ ഉദ്ഘാടനം ചെയ്തു. 

  കെഎസ്ആര്‍ടിസിയെ സ്വകാര്യവല്‍ക്കരിക്കാന്‍ നടത്തുന്ന നീക്കം അനുവദിക്കില്ലെന്ന് എം.പി. രാജീവന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ ശമ്പളം മുടക്കുകയും താല്‍ക്കാലിക ജീവനക്കാരെ യാതൊരു മാനദണ്ഡവും പാലിക്കാതെ കൂട്ടത്തോടെ പിരിച്ചുവിടുകയും ചെയ്യുകയാണ്. സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ പേരില്‍ ആസൂത്രിതമായി പൊതുഗതാഗത രംഗത്ത് സ്വകാര്യവല്‍ക്കരണം നടപ്പിലാക്കാനുള്ള നീക്കം നടക്കുന്നു. ഇതിന്റെ മറവില്‍ ഇടതുകേന്ദ്രങ്ങളെ ധനസമ്പുഷ്ടമാക്കുന്ന പദ്ധതികളാണ് ധനമന്ത്രിയും സഹകരണമന്ത്രിയും ചേര്‍ന്ന് നടപ്പിലാക്കുന്നത്. പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകള്‍ വഴി നടപ്പിലാക്കിയത് ഇതിന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു. ക്രമേണ സഹകരണസംഘങ്ങള്‍ക്ക് കോര്‍പ്പറേഷനെ തീറെഴുതാനുള്ള നീക്കമാണ് നടന്നുവരുന്നതെന്നും രാജീവന്‍ പറഞ്ഞു.

യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടവര്‍ തൊഴിലാളി ഘാതകരാകുകയാണ്. സര്‍ക്കാര്‍ സഹായത്തിന്റെ പൊള്ളക്കണക്ക് പറയുന്നവര്‍ നികുതിയിനത്തില്‍ 66 ലക്ഷം രൂപ ഖജനാവില്‍ എത്തിക്കുന്നത് മറക്കുന്നു. കെഎസ്ആര്‍ടിസിയുടെ നഷ്ടം ജീവനക്കാരുടെ മാത്രം ബാധ്യതയായി സര്‍ക്കാര്‍ കാണുന്നു. ഡിഎ കുടിശ്ശികയും ഇടക്കാല ആശ്വാസവും അനുവദിക്കുന്നില്ല. ഡീസല്‍ ക്ഷാമം കൃത്രിമമായി സൃഷ്ടിച്ച് ഷെഡ്യുളുകള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനം ജീവനക്കാരേയും പൊതുജനങ്ങളേയും സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

  കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് എസ്. അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. 

സംസ്ഥാന പ്രസിഡന്റ് ജി.കെ. അജിത്, സംസ്ഥാന വൈസ് പ്രസിഡന്റ ടി.സിന്ധു, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എല്‍. രാജേഷ്, സെക്രട്ടറി പ്രദീപ് വി. നായര്‍, ആര്‍. പത്മകുമാര്‍, പി.കെ. ബൈജു, സംസ്ഥാന ട്രഷറര്‍ ടി.പി. വിജയന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആര്‍. റെജി എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.