തോറ്റെങ്കിലും ഇന്ത്യന്‍ ടീം മികച്ചത് തന്നെ

Thursday 13 September 2018 3:47 am IST

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്  പരമ്പര 1-4 ന് തോറ്റെങ്കിലും ഇന്ത്യന്‍ ടീം മികച്ചത് തന്നെയാണെന്ന് ക്യാപ്റ്റന്‍ കോഹ്‌ലി. സ്‌കോര്‍ കാര്‍ഡില്‍ കാണുന്നത് പോലെ ഏകപക്ഷീയമായിരുന്നില്ല പരമ്പര. ലോര്‍ഡ്‌സ് ടെസ്റ്റ് ഒഴിച്ചുളള മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായെന്ന് കോഹ്‌ലി പറഞ്ഞു.

ഓവല്‍ ടെസ്റ്റിലെ തോല്‍വിക്കുശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്്റ്റന്‍. അഞ്ചാം ടെസ്റ്റില്‍ 118 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ഓപ്പണര്‍ രാഹുലും (149) പുതുമുഖം റിഷഭ് പന്തും (114) സെഞ്ചുറി കുറിച്ചെങ്കിലും വിജയലക്ഷ്യമായ 464 റണ്‍സ് എത്തിപ്പിടിക്കാനായില്ല. 345 റണ്‍സിന് ഇന്ത്യ പുറത്തായി.

പരമ്പരയില്‍ ഇംഗ്ലണ്ട് ഞങ്ങളെക്കാള്‍ നന്നായി കളിച്ചു. എന്നാല്‍ രണ്ടാം ടെസ്റ്റ് ഒഴിച്ചുള്ള ടെസ്റ്റുകളില്‍ ഞങ്ങളെ അട്ടിമറിക്കാന്‍ അവര്‍ക്കായില്ല. പരമ്പരയില്‍ ഇരു ടീമുകളും മത്സരബുദ്ധിയോടെയാണ് കളിച്ചത്. ടെസ്റ്റ് ക്രിക്കറ്റിന് മഹത്തായയൊരു പരസ്യമാണീ പരമ്പര. ഇരു ടീമുകളും ജയത്തിനായി പൊരുതുമ്പോള്‍ ആരാധകര്‍ മത്സരം കാണാനെത്തും.

ഇംഗ്ലണ്ട് പ്രൊഫഷണല്‍ ടീമാണ്. രണ്ടോ മൂന്നോ ഓവറുകുള്‍ മത്സരത്തെ മാറ്റിമറിച്ചേനേ. ഇംഗ്ലണ്ടും വിജയത്തിനായാണ് പൊരുതിയത്. ഭയപ്പാടില്ലാതെയാണ് ഞങ്ങളും അവരും കളിച്ചതെന്ന് കോഹ് ലി പറഞ്ഞു.

സെഞ്ചുറി നേടിയ രാഹുലിനെയും റിഷഭ് പന്തിനെയും കോഹ്‌ലി വാഴ്ത്തി. രണ്ട് പേരും ഇന്ത്യയുടെ ഭാവി താരങ്ങളാണ്. അസാധ്യമെന്ന് തോന്നിച്ച വിജയത്തെ അവര്‍ കൈയെത്തും ദൂരത്തേക്ക് അടുപ്പിച്ചു. എന്നാല്‍ ഇവര്‍ പുറത്തായതോടെ പ്രതീക്ഷകള്‍ കെട്ടടങ്ങി.

അവസരങ്ങള്‍ മുതലാക്കാനായില്ല. അടുത്ത തവണ നമ്മള്‍ കുറെക്കൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കണം. ഒന്നാം ടെസ്റ്റിലും നാലാം ടെസ്റ്റിലും സാം കറന്‍ ഇംഗ്ലണ്ടിനെ മുന്നോട്ടു നയിച്ചു. അതുകൊണ്ടാണ് സാം കറനെ മാന്‍ ഓഫ് ദ സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടത്.

മത്സരഫലം ഉണ്ടാക്കുന്ന പിച്ചുകളാണ് ഇംഗ്ലണ്ടില്‍ ഒരുക്കിയിരുന്നത്. ഇത്തരത്തിലുള്ള പിച്ചുകളാണ് ടെസ്റ്റ് മത്സരങ്ങള്‍ക്ക് സജ്ജമാക്കേണ്ടത്. കളികാണാനെത്തുന്ന ആരാധകര്‍ മത്സരഫലം ആഗ്രഹിക്കുന്നവരാണ്.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അലിസ്റ്റര്‍ കുക്കിനെ കോഹ്‌ലി അഭിനന്ദിച്ചു. കുക്കിന്റെ നല്ല ഭാവിക്കായി നന്മകള്‍ നേരുന്നെന്ന് കോഹ്‌ലി പറഞ്ഞു ആദ്യ ഇന്നിങ്ങ്‌സില്‍ 71 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 147 റണ്‍സും നേടിയ കുക്കാണ് മാന്‍ ഓഫ് ദ മാച്ച്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.