ഇന്ത്യയും കോഹ്ലിയും ഒന്നാം റാങ്ക് നിലനിര്‍ത്തി
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പമ്പരയില്‍ ഇന്ത്യ തോറ്റെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി ബാറ്റ്സ്മാന്മാരുടെ ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ടീമുകളുടെ റാങ്കിങ്ങില്‍ ഇന്ത്യയും ആദ്യ സ്ഥാനം നിലനിര്‍ത്തി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുമ്പോള്‍ കോഹ്ലി റാങ്കിങ്ങില്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്്മിത്തിനെക്കാള് 27 പോയിന്റ് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു. നിലവില്‍ സ്മിത്തിനെക്കാള്‍ ഒരു പോയിന്റ് മുന്നിലാണ് കോഹ്ലി. വെസ്റ്റ്ഇന്‍ഡീസിനെതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ മികവ് കാട്ടിയാല്‍ കോഹ് ലിക്ക് ഒന്നാം റാങ്ക് നിലനിര്‍ത്താനാകും. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര അടുത്തമാസം നാലിന് ആരംഭിക്കും.
അഞ്ചാം ടെസറ്റില്‍ സെഞ്ചുറി കുറിച്ച ഇംഗ്ലണ്ട് നായകന് ജോ റൂട്ട് പുതിയ റാങ്കിങ്ങില്‍ ഒരു സ്ഥാനം മുന്നോട്ടുകയറി നാലാം സ്ഥാനത്തെത്തി. ജോസ് ബട്ലര് ഒമ്പത് സ്ഥാനം മുന്നില്‍ കയറി 23-ാം സ്ഥാനത്തെത്തി.
ഇന്ത്യയുടെ ലോകേഷ് രാഹുലിനും റിഷഭ് പന്തിനു സ്ഥാനക്കയറ്റം ലഭിച്ചു. രാഹുല്‍ പത്തൊന്‍പതാം സ്ഥാനത്ത് നിന്ന് പതിനാറിലെത്തി. റിഷഭ് പന്ത് 63 സ്ഥാനം മുന്നോട്ടുകയറി 111-ാം സ്ഥാനം നേടി.
ആദ്യ ഇന്നിങ്ങ്സില്‍ 86 റണ്‍സുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജ 58-ാം സ്ഥാനത്തെത്തി. ഓള് റൗണ്ടര്‍മാരുടെ റാങ്കില്‍ ജഡേജ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ബൗളര്‍മാരുടെ റാങ്കില്‍ ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്ഡേഴ്സണ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ടീമുകളുടെ റാങ്കില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എന്നാല്‍ ഇംഗ്ലണ്ടിനോട് തോറ്റതിനാല്‍ പത്ത് പോയിന്റ് നഷ്ടമായ ഇന്ത്യക്ക് ഇപ്പോള്‍ 115 പോയിന്റാണുള്ളത്. അതേസമയം ഇംഗ്ലണ്ട് നാലാം റാങ്കിലേക്ക് ഉയര്‍ന്നു. എട്ട് പോയിന്റ് ലഭിച്ച അവര്‍ക്കിപ്പോള്‍ 105 പോയിന്റുണ്ട്. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകളെക്കാള്‍ ഒരു പോയിന്റിന് പിന്നലാണ് ഇംഗ്ലണ്ട്.