ജലനിരപ്പ് ഭീതിജനകമായി താഴുന്നു

Thursday 13 September 2018 6:14 am IST

തിരുവനന്തപുരം: പ്രളയം കേരളത്തിലെ ഭൂപ്രകൃതിയില്‍ വരുത്തിയ മാറ്റം ജലവിതാനത്തെ ഗുരുതരമായി ബാധിച്ചതായി ജലവിഭവ വകുപ്പ് കണ്ടെത്തി. ജലനിരപ്പ് പത്തടിയോളം താഴ്ന്നതായാണ് കണ്ടെത്തല്‍. ഇക്കാര്യം പഠിക്കാന്‍ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റിനെ ചുമതലപ്പെടുത്തി.

 നദികളിലെയും തോടുകളിലെയും കിണറുകളിലെയും ജലനിരപ്പ് താഴുന്നത് വരുംദിവസങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമമുണ്ടാക്കും. ഉപ്പുവെള്ളം തള്ളിക്കയറുന്നത് കായലിനോടും കടലിനോടും ചേര്‍ന്ന ശുദ്ധജല പമ്പിങ്ങിനെ ബാധിച്ചു തുടങ്ങി. തുലാവര്‍ഷത്തില്‍ വേണ്ടത്ര മഴ ലഭിക്കുകയും ഇത് സംഭരിക്കാന്‍ പദ്ധതികള്‍ തയാറാക്കുകയും ചെയ്തില്ലെങ്കില്‍ കേരളം കൊടുംവരള്‍ച്ച നേരിടേണ്ടിവരും.

ജല അതോറിറ്റിയുടെ ശുദ്ധജലവിതരണം പ്രതിസന്ധിയിലാകുന്ന വിധത്തിലാണ് പെരിയാര്‍, ചാലക്കുടി, മീനച്ചിലാര്‍, മണിമലയാര്‍, പമ്പ, അച്ചന്‍കോവില്‍, ഭാരതപ്പുഴ, പുനൂര്‍, ചാലിയാര്‍  ഉള്‍പ്പെടെയുള്ള നദികളിലെയും ജലനിരപ്പ് താഴ്ന്നത്. പെരിയാറിനു കീഴിലുള്ള ചില ശുദ്ധജലവിതരണ പദ്ധതികളിലേക്ക് ഉപ്പു ജലം കയറിത്തുടങ്ങി. വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ മാത്രം പെരിയാറുമായി ബന്ധപ്പെട്ട് 35 ശുദ്ധജല പമ്പിങ് സ്റ്റേഷനുകളുണ്ട്. ഇതില്‍ ആലുവ, ചൊവ്വര, മുപ്പത്തടം പമ്പിങ് സ്റ്റേഷനുകളിലെ പമ്പിങ് ഉടന്‍ നിര്‍ത്തേണ്ട അവസ്ഥവരും. 

  കേരളത്തിലെ ചരിവേറെയുള്ള ഭൂമിയിലൂടെയുള്ള ഒഴുക്കിന്റെ വേഗം നദികള്‍ക്കടിയിലെ  മണല്‍തിട്ടകളെ തകര്‍ത്തുകളഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ കാരണം. അതിവേഗം ഒഴുകി വന്ന ജലം മണല്‍തിട്ടകളെ തകര്‍ത്തതോടെ  നദികളുടെ ആഴം വര്‍ധിച്ചു. മഴവെള്ളം ഒഴുകിയശേഷം പുഴകളിലേക്ക് പിന്നീട് ഒഴുകിയെത്തുക ഭൂഗര്‍ഭജലമാണ്. നദികളുടെ ആഴം വര്‍ധിച്ചതോടെ ഭൂഗര്‍ഭ ജലത്തിന്റെ ഒഴുക്കിനും വേഗം കൂടി. ഭൂഗര്‍ഭജലം വേഗത്തില്‍ ഒഴുകുന്നതാണ് കിണറുകളിലെ ജലനിരപ്പ് കുറയാനിടയാക്കുന്നത്. പുഴയിലേക്കുള്ള ഭൂഗര്‍ഭജലത്തിന്റെ  പ്രവാഹം കുറയുകയും മഴ തീരുകയും ചെയ്തതോടെ നദികളിലെ ജലനിരപ്പ് താഴ്ന്നു. ഉപ്പുവെള്ളം കയറാതിരിക്കാനുള്ള താല്‍ക്കാലിക തടയണകള്‍ തകര്‍ന്നതോടെ കടലില്‍ നിന്നുള്ള വേലിയേറ്റംമൂലം പുഴകളിലേക്ക് ഉപ്പുവെള്ളവും കയറിതുടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.